‘ജീവിതത്തില്‍ ഇന്നേവരെ ആരെയും കല്ലെറിഞ്ഞിട്ടില്ല”പാവങ്ങളായ ഞങ്ങള്‍ ആര്‍ക്ക് എന്ത് പരാതിയാണ് നല്‍കേണ്ടത്?’: സൈന്യം മനുഷ്യ കവചമാക്കിയ യുവാവിന് രാജ്യത്തോട് ചിലത് പറയാനുണ്ട്

ശ്രീനഗര്‍: ‘ഞാന്‍ കല്ലേറുകാരനല്ല, ജീവിതത്തില്‍ ഇന്നേവരെ ആരെയും കല്ലെറിഞ്ഞിട്ടില്ല.’ കശ്മീരില്‍ സൈന്യം മനുഷ്യ കവചമാക്കിയ യുവാവ് ഫാറൂഖ് അഹ്മദ് ദറിന്റെ വാക്കുകളാണിത്. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അഹ്മദ് ദര്‍.

‘താനൊരു തയ്യല്‍ക്കാരനാണ്. എന്റെ ജോലി ഷാളുകളില്‍ ചിത്രത്തുന്നല്‍ ചെയ്യലാണ്. കുറച്ച് മരണപ്പണിയും അറിയാം. ഒമ്പത് ഗ്രാമങ്ങളിലൂടെ 25 കിലോമീറ്റര്‍ ദൂരമായിരുന്നു എന്നെ വാഹനത്തില്‍ കെട്ടിയിട്ടുകൊണ്ട് പോയത്. പാവങ്ങളായ ഞങ്ങള്‍ ആര്‍ക്ക് എന്ത് പരാതിയാണ് നല്‍കേണ്ടത്. 75 വയസുള്ള രോഗിയായ മാതാവിനൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്. എന്തുവേണമെങ്കിലും എനിക്ക് സംഭവിക്കാം.’-അഹമ്മദ് പറയുന്നു.

‘ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ഞാന്‍. മോട്ടോര്‍ സൈക്കിളിലാണ് പോയിരുന്നത്. മറ്റൊരു മോട്ടോര്‍ സൈക്കിളില്‍ സഹോദരന്‍ ഗുലാം ഖദീറും അയല്‍ക്കാരന്‍ ഹിലാല്‍ അഹ്മദ് മഗ്രേയും ഉണ്ടായിരുന്നു. വഴിക്ക് വച്ച് തെരഞ്ഞെടുപ്പിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെ കണ്ടപ്പോള്‍ ഞങ്ങള്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തി. മോട്ടോര്‍ സൈക്കിളില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പേ ഇടവഴികളില്‍ നിന്നും കുതിച്ചെത്തിയ സൈന്യം എന്നെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് പിടിച്ച് കൊണ്ടുപോയി. സൈനിക ജീപ്പിന് മുന്നില്‍ കെട്ടിയിട്ടു. നാല് മണിക്കൂര്‍ നേരമാണ് സൈന്യം എന്നെ ജിപ്പിന് മുമ്പില്‍ കെട്ടിയിട്ട് ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചത്.’-അഹമ്മദ് അഭിമുഖത്തില്‍ പറയുന്നു.

‘രക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീകളെ സൈനികര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഓടിച്ചു. ജീപ്പിന് മുന്നില്‍ ബന്ധിച്ച എന്റെ നെഞ്ചില്‍ അവര്‍ എന്തോ എഴുതിയ പേപ്പര്‍ കെട്ടിവെച്ചു. പേപ്പറില്‍ എന്റെ പേര് മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നുള്ളു. വഴിയിലുടനീളം നിങ്ങളിലൊരുവന്റെ നേരെ കല്ലെറിയൂ എന്ന് സൈനികര്‍ അലറുന്നുണ്ടായിരുന്നു. ഒരക്ഷരം ആരോടെങ്കിലും മിണ്ടിയാല്‍ വെടിവയ്ക്കുമെന്ന് സൈന്യം എന്നെ ഭീഷണിപ്പെടുത്തി.’-അഹമ്മദ് പറയുന്നു.

നാലു മണിയായപ്പോഴേക്കും എന്നെ സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോയി. മൂന്ന് മണിക്കൂര്‍ അവിടെ ഇരുത്തിയ എനിക്ക് ഒരു കപ്പ് ചായ നല്‍കിയശേഷം വൈകിട്ട് 7.30 ഓടെ ഗ്രാമ മുഖ്യനോടൊപ്പം വിട്ടയച്ചു. സൈനികര്‍ തന്നെ മനുഷ്യ കവചമായി ഉപയോഗിച്ചപ്പോള്‍ നിസഹായനായി നോക്കി നില്‍ക്കാന്‍ മാത്രമേ ഒപ്പമുണ്ടായിരുന്നു സഹോദരനും അയല്‍ക്കാരനും കഴിഞ്ഞിരുന്നുള്ളുയെന്നും അഹ്മദ് ദര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News