യെമനില്‍ നിന്നും വിദഗ്ധ ചികിത്സക്കായി അമ്പതംഗ സംഘം ദില്ലിയില്‍

ദില്ലി: ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ നിന്നും വിദഗ്ധ ചികിത്സക്കായി അമ്പതംഗ സംഘം ഇന്ത്യയിലെത്തി. ദില്ലി റോക്ക്‌ലാന്റ് ആശുപത്രിയിലാണ് യെമനീസ് സംഘം ചികിത്സ തേടുന്നത്. ആദ്യമായാണ് ഇത്രയധികം വിദേശികളടങ്ങുന്ന സംഘത്തിന് ഇന്ത്യയില്‍ ചികിത്സയൊരുക്കുന്നത്.

ഹൂതി വിമതരും ഹാതി ഭരണകൂടത്തിന്റെ പട്ടാളവും തമ്മിലുള്ള ആഭ്യന്തരയുദ്ധം രൂക്ഷമായതിനാല്‍ ചികിത്സാ സൗകര്യങ്ങള്‍ വളരെ പരിമിതമായ യെമനില്‍ നിന്നാണ് പ്ലാസ്റ്റിക് സര്‍ജ്ജറിയടക്കമുള്ള വിദഗ്ധ ചികിത്സക്കായി ആമ്പതോളം രോഗികള്‍ ദില്ലിയിലെത്തിയിരിക്കുന്നത്. അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്ന ഹെര്‍ക്കുലീസ് സി 17 വിമാനത്തിലാണ് ഇന്ന് രാവിലെ യെമനീസ് സംഘം ദില്ലിയിലെത്തിയത്. യുഎഇ റെഡ്ക്രസന്റിന്റെ സഹായത്തോടെയാണ് ഇവര്‍ക്ക് ദില്ലി റോക്ക്‌ലാന്റ് ആശുപത്രിയില്‍ ചികിത്സ നല്‍കുന്നത്. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന ചികിത്സക്ക് ശേഷമായിരിക്കും യെമനീസ് സംഘം നാട്ടിലേക്ക് തിരിക്കുക.

ഇത്രയധികം വിദേശികളടങ്ങുന്ന സംഘത്തിന് ഇന്ത്യയില്‍ ചികിത്സ നല്‍കുന്നത് ഇതാദ്യമാണ്. ഈ ഉദ്യമം വിജയകരമായാല്‍ അന്താരാഷ്ട്ര തലത്തില്‍ ചികിത്സാ സഹകരണം തുടരാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. ഹാതി ഭരണകൂടത്തിന് പിന്തുണ നല്‍കുന്ന സൗദി, യുഎഇ അടക്കമുള്ള അറബ് രാജ്യങ്ങളാണ് യെമനില്‍ നിന്നുള്ളവര്‍ക്ക് ചികിത്സാ സൗകര്യമൊരുക്കുന്നതിന് പിന്നില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News