ശരീരത്തിനു മാത്രമല്ല, തലച്ചോറിനും വേണം ഡയറ്റിംഗ്; മൈന്‍ഡ് ഡയറ്റിംഗിനെ അറിയാം

ശരീരത്തിന്റെ ആരോഗ്യത്തിനും അഴകിനും വേണ്ടി ഡയറ്റിംഗ് നടത്താന്‍ നമുക്ക് ഒരു മടിയുമില്ല. എന്നാല്‍ ശരീരത്തിനു മാത്രമല്ല, തലച്ചോറിനും വേണം ഡയറ്റിംഗ് എന്നാണ് ആധുനിക വൈദ്യശാസ്ത്രം അഭിപ്രായപ്പെടുന്നത്. മൈന്‍ഡ് ഡയറ്റ് എന്ന പ്രത്യേക തരം ഭക്ഷണക്രമം പിന്തുടരുകയാണെങ്കില്‍ നിങ്ങളുടെ ബുദ്ധിക്കും ചിന്താശേഷിക്കും ചെറുപ്പം നിലനിര്‍ത്താന്‍ കഴിയുമത്രേ. വാര്‍ധക്യത്തിലും മൈന്‍ഡ് ഡയറ്റ് പിന്തുടര്‍ന്നവരുടെ ബുദ്ധി യുവാക്കളുടേതുപോലെ സൂക്ഷ്മവും ഏകാഗ്രവുമായി തുടരുന്നുവെന്നാണ് ചിക്കാഗോയിലെ റഷ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ ഗവേഷണത്തിലൂടെ തെളിയിച്ചിരിക്കുന്നത്.

  • എന്താണ് മൈന്‍ഡ് ഡയറ്റ്

തലച്ചോറിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന പ്രത്യേകതരം ഭക്ഷണരീതിയാണ് മൈന്‍ഡ് ഡയറ്റ്. കൊഴുപ്പേറിയ മാംസാഹാരം, വെണ്ണ, പേസ്ട്രി പോലുള്ള അതിമധുര ഭക്ഷണങ്ങള്‍, അമിതമായി വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ പൂര്‍ണമായും ഒഴിവാക്കിയിട്ടുള്ളതാണ് ഈ ഭക്ഷണക്രമം. ദിവസത്തില്‍ ഒരു നേരം ധാന്യഭക്ഷണം, പച്ചക്കറികള്‍ പാതി വേവിച്ചത് രണ്ടു നേരം, ഇലക്കറികള്‍ ഒരു നേരം, ഒരു ഗ്ലാസ് വൈന്‍, കശുവണ്ടി, തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ആഴ്ചയില്‍ ഒരു നേരം വളരെ കുറഞ്ഞ അളവില്‍ മാംസാഹാരം കഴിക്കാം. ആഴ്ചയില്‍ രണ്ടുവട്ടം മല്‍സ്യവും. മധുരപദാര്‍ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കാം. കൃത്രിമ മധുരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാം. സ്‌ട്രോബെറി ധാരാളമായി കഴിക്കുന്നതു ശീലമാക്കാം. നിറമുള്ള പഴങ്ങളും പച്ചക്കറികളും പച്ചയ്ക്കു കഴിക്കുന്നതും നല്ലതു തന്നെ.

  • എന്തിനാണ് മൈന്‍ഡ് ഡയറ്റ്

മറവിരോഗം പോലെ നിങ്ങളുടെ തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് മൈന്‍ഡ് ഡയറ്റ് സഹായിക്കുന്നു. ഇതുമൂലം ഹൃദയസംബന്ധമായ രോഗങ്ങള്‍, ഹൈപ്പര്‍ ടെന്‍ഷന്‍, പക്ഷാഘാതം, നാഡീസംബന്ധമായ രോഗങ്ങള്‍ എന്നിവയും തടയാന്‍ കഴിയുന്നു. യുവാക്കളുടേതു പോലെ ചിന്താഗതികളില്‍ ചെറുപ്പം നിലനിര്‍ത്താനും കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here