സിപിഐഎമ്മും സിപിഐയുമല്ല ശത്രുക്കള്‍; പരസ്പരം പഴിചാരുന്നതിലേക്ക് നേതാക്കള്‍ അധഃപതിക്കരുതെന്ന് സി.പി അബൂബക്കര്‍

തിരുവനന്തപുരം: സിപിഐ-സിപിഐഎം നേതാക്കള്‍ പരസ്പരം പഴിചാരുന്നതിലേക്ക് അധഃപതിക്കരുതെന്ന് ദേശാഭിമാനി വാരിക പത്രാധിപര്‍ സി.പി അബൂബക്കര്‍. ഒരുമിച്ചുനില്‍ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രണ്ടു രാഷ്ട്രീയപാര്‍ട്ടികള്‍ സംശയമെന്യേ സിപിഐഎമ്മും സിപിഐയുമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

‘പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നവരോടൊപ്പം ചിലപ്പോഴെങ്കിലും ചില സിപിഐ സഖാക്കളെ കാണാറുണ്ട്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പോലും ചിലകാര്യങ്ങളില്‍ പരസ്യനിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അതിനദ്ദേഹത്തിന്റെ ന്യായീകരണം ആ നിലപാടുകള്‍ക്ക് കാരണമായ പ്രശ്‌നങ്ങള്‍ എല്‍ഡിഎഫ് യോഗങ്ങളില്‍ ചര്‍ച്ച ചെയ്യാത്തവയാണെന്നാണ്. സാങ്കേതികമായി അദ്ദേഹം ശരിയാകാം. പക്ഷെ സാങ്കേതികമായ ഒരുബന്ധം മാത്രമല്ല, ഇരുപാര്‍ട്ടികളും തമ്മിലുള്ളതെന്ന് അദ്ദേഹം മറന്നുപോകുന്നു. അതിനോട് സിപിഐഎമ്മിലെ സഖാക്കളുടെ ഭാഗത്തുനിന്നുണ്ടാവുന്ന പ്രതികരണവും അതിരു കടക്കുന്നില്ലെന്ന് പറയാനാവില്ല.’- അബൂബക്കര് വിലയിരുത്തുന്നു.

സത്യത്തില്‍ സിപിഐഎമ്മും സിപിഐയുമല്ല ശത്രുക്കള്‍. ഇത് മനസിലാക്കാതെ അന്യോന്യം പഴിപറയുന്ന തരത്തിലേക്ക് രണ്ടുപാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ തരം താഴരുത്. സിപിഐയും സിപിഐഎമ്മുമാണോ ശത്രുക്കള്‍ എന്ന കുറിപ്പിലാണ് അബൂബക്കര്‍ തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here