ഇതൊരു കമ്യൂണിസ്റ്റ് സിനിമ

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ സിദ്ധാര്‍ഥ് ശിവ തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്ന നിവിന്‍ പോളി ചിത്രമാണ് സഖാവ്. പേര് സൂചിപ്പിക്കും പോലെ തന്നെ ‘സഖാവ്’ ഒരു കമ്മ്യൂണിസ്റ്റ് സിനിമ ആണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പറ്റി, ആശയങ്ങളെ പറ്റി സംസാരിക്കുന്ന സിനിമ. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് അത്രമേല്‍ പ്രാധ്യാനമുള്ള കേരളക്കരയില്‍ ആ ആശയങ്ങളെ പ്രമേയമാക്കിയാണ് ‘സഖാവ്’ എത്തുന്നത്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന നേതാവായ കൃഷ്ണകുമാറിന്റെയും പഴയകാല തൊഴിലാളി യൂണിയന്‍ നേതാവായ സഖാവ് കൃഷ്ണന്റെയും കഥ. രണ്ടു സഖാക്കള്‍ തമ്മിലുള്ള താരതമ്യത്തിലൂടെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എന്തായിരിക്കണം എന്ന് പറഞ്ഞു വയ്ക്കുന്നുണ്ട് സിനിമ!

സഖാവ് കൃഷ്ണകുമാര്‍ ഒരു ‘സ്വയം’ സഖാവാണ്, ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഒരു ‘കുട്ടി’ നേതാവ്. തന്റെ രാഷ്ട്രീയ സ്ഥാനങ്ങള്‍ തനിക്ക് വേണ്ടി ഉപയോഗിക്കാന്‍ വ്യഗ്രത കാണിക്കുന്ന ഒരു രാഷ്ട്രീയക്കാരന്‍. എന്നാല്‍, കൃഷ്ണന്‍ ധീരനായ ഒരു സഖാവാണ്. ഉറച്ച നിലപാടുകള്‍ ഉള്ളവന്‍. അതുറക്കെ പറയാന്‍ കെല്‍പ്പുള്ളവന്‍.

Sakhavu-1

ഇടതുപക്ഷത്തെ വളര്‍ത്തി എടുക്കുവാനായി പീരുമേട്ടിന്റെ കൊടും തണുപ്പിലേക്ക് കാട്ടുതീ പൊട്ട് പോല്‍ പാറി വന്നവനാണ് സഖാവ് കൃഷ്ണന്‍. സിനിമയെ സമ്പന്നമാക്കുന്നത് സഖാവ് കൃഷ്ണന്‍ ആണ്, കൂട്ടിനു സഖാവ് ജാനകിയും! സഖാവ് കൃഷ്ണന്റെ ജീവിതം അറിയാന്‍ ഇട വന്ന കൃഷ്ണകുമാര്‍ അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഒരു യഥാര്‍ത്ഥ സഖാവായി മാറുന്നതാണ് കഥയുടെ ഇതിവൃത്തം. പൊള്ളയായ ഇന്നിന്റെ രാഷ്ട്രീയത്തെ കണക്കറ്റു പരിഹസിക്കുന്നുണ്ട് ഈ സിനിമ.

സഖാവ് കൃഷ്ണനും സഖാവ് കൃഷ്ണകുമാറും വെള്ളിത്തിരയില്‍ നിറയുകയാണ്. അസാമാന്യ അഭിനയ കയ്യടക്കത്തോടെ നിവിന്‍ ഈ വേഷങ്ങളെ നന്നാക്കിയിരിക്കുന്നു. നിവിന്‍ എന്ന നടനെ അഭിനന്ദിക്കാതെ വയ്യ, സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ കാണിക്കുന്ന ധീരതയ്ക്ക്. ഇടതുപക്ഷം എന്നും ഊറ്റം കൊള്ളുന്ന തൊഴിലാളി സമരങ്ങളും കര്‍ഷക സമരങ്ങളും സിനിമയിലും പശ്ചാത്തലമാകുന്നുണ്ട്.

സ്‌ക്രീനില്‍ സമരങ്ങളുടെ തീവ്രതയും മുദ്രാവാക്യങ്ങളും മുഴങ്ങുമ്പോള്‍ അറിയാതെ ആവേശം കൊള്ളുന്നു. ഈ സമരങ്ങളുടെ ചിത്രാവിഷ്‌കരണം കുറച്ചു ഇഴച്ചില്‍ തോന്നിപ്പിക്കുന്നുവെങ്കിലും നിവിന്റെ അസാധ്യ സ്‌ക്രീന്‍ പ്രസന്‍സ് പ്രേക്ഷകരെ മടുപ്പിക്കാതെ മുന്നോട്ടു കൊണ്ടുപോകുന്നു. പ്രശാന്ത് പിള്ളയുടെ പാശ്ചാത്തല സംഗീതവും ജോര്‍ജ് സി വില്ല്യംസിന്റെ ഛായാഗ്രഹണവും നന്നായിരിക്കുന്നു. ധന്യ ബാലകൃഷ്ണന്റെ വസ്ത്രാലങ്കാര മികവും എടുത്തു പറയേണ്ടതാണ്.

പഴയ കാല സഖാവായ കൃഷ്ണന്റെ സംഭാഷണങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്ന അച്ചടി ഭാഷ സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ധാര്‍ത്ഥ് ശിവയുടെ രചനാപാടവത്തെ കാണിക്കുന്നു. വര്‍ത്തമാനവും ഭൂതകാലുമൊക്കെ നല്ല അളവില്‍ ചേര്‍ത്ത രചനാസൗകുമാര്യം. എന്നിരുന്നാലും, തിരക്കഥയുടെ ഏതൊക്കെയോ ചില ഏടുകളില്‍ പോയിന്റില്‍ നിന്നും മാറിപോകുന്ന ഏകാഗ്രതക്കുറവ് ഫീല്‍ ചെയ്യുന്നു, വളരെ ചെറുതായി മാത്രം.

വര്‍ത്തമാനകാലത്തിലെ ചില രാഷ്ട്രീയപ്രവര്‍ത്തനത്തെ, കപട കമ്മ്യൂണിസത്തെ കണക്കിന് കളിയാക്കുന്ന സിനിമ കറകളഞ്ഞ പഴയകാല രാഷ്ട്രീയ പ്രവര്‍ത്തനത്തെ ആവോളം പ്രശംസിക്കുന്നുണ്ട്. പഴയ കാലഘട്ടത്തിന്റെ ദൃശ്യാവിഷ്‌കാരം പ്രശംസ അര്‍ഹിക്കുന്നു. അതി മനോഹരമായാണ് ഒരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.

അല്‍ത്താഫും അപര്‍ണാ ഗോപിനാഥും ഐശ്വര്യയും ബൈജുവും ശ്രീനിവാസനും തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി തന്നെ കാഴ്ചവച്ചിരിക്കുന്നു. ബൈജുവിന്റെ മേക്ഓവറും ശ്രദ്ധേയം. അപര്‍ണയുടെ പക്വതയാര്‍ന്ന പ്രകടനം എപ്പോഴത്തേയും പോലെ മികച്ചു തന്നെ നില്‍ക്കുന്നു. ഗായത്രി സുരേഷ് എന്ന നടിക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ ഇല്ലായിരുന്നു എന്നു പറയാം.

Sakhavu-2

അതിഭയങ്കരമായ വിപ്ലവ സീനുകളും അടിയും ഇടിയും എപ്പോഴും തെറിച്ചു വീഴുന്ന കട്ട ഡയലോഗുകളും പ്രതീക്ഷിച്ചു ആരും സഖാവിനു പോകരുത്. തികഞ്ഞ കയ്യടക്കത്തോടെ, ഒതുക്കത്തോടെ മനോഹരമായാണ് തിരക്കഥാകൃത്ത് കഥ പറഞ്ഞു പോകുന്നത്. ഒരു സാധാരണ പ്രേക്ഷക എന്ന നിലയില്‍ പറയാം, വാണിജ്യ സിനിമകളില്‍ വേണ്ട ചേരുവകള്‍ വേണ്ട അളവില്‍ ചേര്‍ത്ത ഒരു ചിത്രം തന്നെയാണ് സഖാവ്. മടുപ്പിക്കാതെ നല്ല കയ്യടക്കത്തോടെ കൊണ്ട് പോകുന്നുണ്ട് കഥയും.

ഇടതുപക്ഷ അനുഭാവി എന്ന നിലയില്‍, കമ്മ്യൂണിസ്റ്റ് ആശയങ്ങളെ നെഞ്ചോടു ചേര്‍ക്കുന്നവള്‍ എന്ന നിലയില്‍ പറയട്ടെ, ഇത് ഓരോ ‘സഖാവ് കൃഷ്ണകുമാര്‍’മാരും കണ്ടിരിക്കേണ്ട സിനിമയാണ്. ഇത് നമ്മുടെ സിനിമയാണ്. നമ്മള്‍ നമ്മളാവേണ്ടതിന്റെ കഥയാണ്.

അതേ, സഖാവ് കൃഷ്ണന്‍ നിര്‍ത്തിയിടത്തു നിന്നും നമ്മള്‍ തുടങ്ങണം. സഖാവ് കൃഷ്ണനെ പോലെ, തീപൊട്ടു പോലുള്ള കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ജ്വലിപ്പിച്ച് ഇടപെടേണ്ട ഇടങ്ങളില്‍ ഇടപ്പെട്ടു മുന്നേറണം! നമുക്ക് മുന്നില്‍ വഴി വെട്ടി നടന്നവരുടെ ഊര്‍ജം ഉള്‍ക്കൊണ്ട് അന്തസോടെ പറയാം,

നമ്മളും കമ്മ്യൂണിസ്റ്റ് ആണെന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News