ഇവരുടെ സ്വപ്നങ്ങളില്‍ കരിനിഴല്‍; ഇനി വനവാസം

ബാബ്‌റി മസ്ജിദ് കേസിലെ സുപ്രീകോടതി വിധി ബിജെപിക്ക് തിരിച്ചടിയാണെങ്കിലും ഈ വിധിയില്‍ സന്തോഷിക്കുന്നവരും ഗുണമുണ്ടാകുന്നവരും ബിജെപിയിലുണ്ട്. രണ്ട് മുതിര്‍ന്ന നേതാക്കളുടെ സ്വപ്നങ്ങളിലാണ് കോടതി ഉത്തരവ് കരിനിഴല്‍ വീഴ്ത്തിയത്.

ജൂണില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവയ്ക്കാന്‍ ഏറെ സാധ്യത കല്‍പ്പിച്ചിരുന്ന പേരായിരുന്നു എല്‍കെ അദ്വാനിയുടേത്. രാഷ്ട്രപതി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് അദ്വാനി തന്നെ രംഗത്തെത്തിയാല്‍ അതിനെ തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്‌ക്കോ കഴിയുമായിരുന്നില്ല. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുരളി മനോഹര്‍ ജോഷിയും പാര്‍ട്ടിയുടെ പരിഗണനയിലുണ്ടെന്ന് സൂചനയുണ്ടായിരുന്നു.

2014ല്‍ വന്‍ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലെത്തുമ്പോഴും അവസാന നിമിഷം വരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുമെന്ന വിശ്വാസം അദ്വാനിക്കുണ്ടായിരുന്നു. പാര്‍ട്ടിയില്‍ നിന്നോ ആര്‍എസ്എസില്‍ നിന്നോ ഈ പരിഗണന ലഭിച്ചില്ലെന്ന് മാത്രമല്ല, മന്ത്രിസ്ഥാനം പോലും അദ്വാനിക്കും മറ്റൊരു മുതിര്‍ന്ന നേതാവായ മുരളി മനോഹര്‍ ജോഷിക്കും നല്‍കിയില്ല. പ്രായാധിക്യമായിരുന്നു ഇരുവരെയും ഒഴിവാക്കാന്‍ മോദി ക്യാമ്പ് കണ്ടെത്തിയ കാരണം. തുടക്കത്തില്‍ പ്രതിഷേധ സ്വരമുയര്‍ത്തിയ ഈ നേതാക്കള്‍ പിന്നീട് മോദിയെ എതിര്‍ക്കാതിരിക്കാന്‍ നിര്‍ബന്ധിതരായി. രാഷ്ട്രപതി ഭവന്‍ ലക്ഷ്യമിട്ടുള്ള മൗനമാണിതെന്ന വ്യാഖ്യാനവും ഇതിനുണ്ടായി.

തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രതിപക്ഷം അംഗീകരിക്കണമെങ്കില്‍ ബിജെപിക്ക് ഒട്ടേറെ സമവായ ചര്‍ച്ചകള്‍ ആവശ്യമാണ്. ബാബ്‌റി മസ്ജിദ് കേസില്‍ ഗൂഢാലോചനാക്കുറ്റം നിലനില്‍ക്കുമെന്ന് സുപ്രീംകോടതി കണ്ടെത്തിയ നേതാവിനെ അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറാകില്ലെന്നുറപ്പാണ്. ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ ആഗ്രഹിച്ചതും ഇതുതന്നെയാണ്. ബിജെപി അധികാരത്തില്‍ വന്നതോടെ ഒതുക്കപ്പെട്ട ഈ നേതാക്കള്‍ക്ക് ഇനി രാഷ്ട്രീയവനവാസമായിരിക്കും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനിയും രണ്ട് വര്‍ഷത്തോളള്‍ കാത്തിരിക്കണം. പ്രായാധിക്യത്തിന്റെ പേരില്‍ അന്ന് ഇരുവരെയും മത്സരരംഗത്തുനിന്ന് നിഷ്പ്രയാസം മാറ്റിനിര്‍ത്താന്‍ മോദി അമിത് ഷാ കൂട്ടുകെട്ടിന് കഴിയും.

1984ല്‍ ലോക്‌സഭയില്‍ രണ്ട് എംപിമാര്‍ മാത്രമുണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് രാജ്യത്തെ ഏറ്റവും വലിയ കക്ഷിയെന്ന നിലയിലേക്ക് ബിജെപിയെ എത്തിച്ചതില്‍ അദ്വാനിയുടെ പങ്ക് വളരെ വലുതാണ്. അദ്വാനി പാര്‍ട്ടി അധ്യക്ഷ സ്ഥാനമേറ്റെടുത്തിതിന് ശേഷം ബിജെപി പ്രകടമായി തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുകയും അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി മുന്നോട്ടുപോവുകയും ചെയ്തു. തുടര്‍ന്ന് 1989, 1991ലും നടന്ന പൊതു തെരഞ്ഞടുപ്പുകളില്‍ ബിജെപി നേട്ടമുണ്ടാക്കുകയും ചെയ്തു. 1992 ഡിസംബര്‍ ആറിന് അദ്വാനിയും എംഎം ജോഷിയും ഉമാഭാരതിയും കല്യാണ്‍സിംഗും വിനയ് കത്യാറും അടക്കുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കുകയും ചെയ്തു.

1996ലെ തെരഞ്ഞെടുപ്പില്‍ ബാബ്‌റി മസ്ജിദ് പ്രശ്‌നമുയര്‍ത്തി വോട്ട് തേടിയ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും പ്രധാനമന്ത്രി സ്ഥാനം തീവ്ര നിലപാടുകളുള്ള അദ്വാനിക്കായിരുന്നില്ല. മിതവാദിയായ അടല്‍ ബിഹാരി വാജ്‌പേയിയെയാണ് മുന്നണി ഭരണം നയിക്കാന്‍ പാര്‍ട്ടിയും സംഘപരിവാറും ചുമതലപ്പെടുത്തിയത്. പിന്നീട് 98ലും 99ലും ബിജെപി അധികാരത്തിലെത്തിയെങ്കിലും വാജ്‌പേയി പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. 2002ല്‍ ലഭിച്ച ഉപപ്രധാനമന്ത്രി സ്ഥാനം മാത്രം അദ്വാനിക്ക് ആശ്വാസമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News