ബിജെപി സംസ്ഥാന സമിതിയില്‍ കുമ്മനത്തെ പ്രതിക്കൂട്ടിലാക്കി മറുവിഭാഗം; ലീഗിന്റേത് വര്‍ഗീയതയുടെ വിജയമെന്ന് വിലയിരുത്തല്‍; സംസ്ഥാന നേതാക്കളെ അമിത് ഷാ ദില്ലിക്ക് വിളിപ്പിച്ചു

പാലക്കാട് : ബിജെപി സംസ്ഥാന സമിതി യോഗത്തിലും നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ വീഴ്ച തിരിച്ചടി ആയെന്ന് ഒരു വിഭാഗം വിമര്‍ശനമുയര്‍ത്തി. മലപ്പുറത്തേത് വലിയ പരാജയമല്ലെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവര്‍ത്തിച്ചു. മലപ്പുറത്തെ ലീഗ് വിജയം വര്‍ഗ്ഗീയതയുടെ വിജയമെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുള്‍പ്പടെ വീഴ്ച സംഭവിച്ചു എന്ന വിമര്‍ശനം ബിജെപി സംസ്ഥാന സമിതി യോഗത്തിലും ഉയര്‍ന്നു. പാര്‍ട്ടി വോട്ടുകള്‍ക്കപ്പുറം വോട്ട് സമാഹരിക്കാന്‍ കഴിയാത്തത് നേതൃത്വത്തിന്റെ പരാജയമാണ്. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കുറഞ്ഞത് ഗൗരവമായി കാണണമെന്നും വിമര്‍ശനമുയര്‍ന്നു.

വരാനിരിക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വീഴ്ച ആവര്‍ത്തിക്കരുതെന്നും അഭിപ്രായമുയര്‍ന്നു. അതേസമയം മലപ്പുറത്ത് വലിയ പരാജയമല്ല സംഭവിച്ചതെന്ന് കുമ്മനം രാജശേഖരന്‍ സംസ്ഥാന സമിതിയിലും ആവര്‍ത്തിച്ചു. പാര്‍ട്ടിയുടെ അടിത്തറ തകരാതെ ബലപ്പെടുത്താനായെന്നും കുമ്മനം അവകാശപ്പെട്ടു.

യുഡിഎഫിന്റേത് രാഷ്ടീയ വിജയമല്ലെന്നാണ് ബിജെപി വിലയിരുത്തല്‍. മതേതര വിജയമല്ല മറിച്ച് വര്‍ഗ്ഗീയതയുടെ വിജയമാണുണ്ടായതെന്ന് സംസ്ഥാന സമിതി യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് കെ സുരേന്ദ്രന്‍ പറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ എന്‍ഡിഎ വിപുലീകരിക്കാനും ബിജെപി സംസ്ഥാന സമിതി തീരുമാനിച്ചു.

ബിഡിജെഎസുമായി അഭിപ്രായ ഭിന്നതയില്ലെന്നും ചോദ്യത്തിന് മറുപടിയായി കെ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സമിതി യോഗത്തിലും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിര്‍ണ്ണായകമാകും. അതേസമയം മലപ്പുറത്തെ മോശം പ്രകടനത്തെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളെ ദേശീയ പ്രസിഡന്റ് അമിത് ഷാ ദില്ലിക്ക് വിളിപ്പിച്ചു. സംഘടനാ സെക്രട്ടറി അടക്കമുള്ളവര്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News