രാജ്യത്തെ ആരോഗ്യരംഗത്തിന്റെ ഭാവി ചെറുകിട നഗരങ്ങളില്‍; ഇന്ത്യയിലെ ആരോഗ്യനിലവാരം ലോകനിലവാരത്തിലാകാന്‍ ബഹുദൂരം സഞ്ചരിക്കണമെന്നും കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രതാപ് കുമാര്‍

തിരുവനന്തപുരം : ഇന്ത്യയിലെ ആരോഗ്യ രംഗം ബഹുദൂരം പിന്നിലാണെന്ന് ഇന്റര്‍വെന്‍ണഷല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. എന്‍ പ്രതാപ് കുമാര്‍. രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും മികച്ച ആതുരസേവനം നല്‍കണമെങ്കില്‍ രാജ്യം ബഹുദൂരം മുന്നേറണം. ‘ഇന്ത്യന്‍ ആരോഗ്യമേഖലയിലെ വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. പ്രതാപ് കുമാര്‍.

നഗരങ്ങളിലെ വന്‍കിട ആശുപത്രികളും മെഡിക്കല്‍ ടൂറിസവും മാത്രം പോരാ. രാജ്യത്തെ ചെറുകിട, ഇടത്തരം നഗരങ്ങളില്‍ ആരോഗ്യമേഖലയില്‍ ശ്രദ്ധപതിപ്പിക്കണം. ആശുപത്രികളുടെയും അവയിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെയും അഭാവം രാജ്യത്തെ ആരോഗ്യമേഖലയ്്ക്കു കടുത്ത വെല്ലുവിളിയാണ്. ഇന്ത്യയിലെ ചെറുകിട, ഇടത്തരം നഗരങ്ങളില്‍ 7000 ആശുപത്രികള്‍ കൂടി വേണമെന്നാണ് കെപിഎംജിയുടെ പഠനറിപ്പോര്‍ട്ടെന്നും ഡോ. പ്രതാപ് കുമാര്‍ പറഞ്ഞു.

3300 കോടി ഡോളറാണ് ഇന്ത്യയില്‍ ഒരു വര്‍ഷം ആരോഗ്യരംഗത്തു ചെലവഴിക്കുന്നത്. ഇതില്‍ ഇരുപതു ശതമാനം മാത്രമാണ് ചെറുകിട നഗരങ്ങളിലേക്ക് എത്തുന്നത്. 1,000 ആളുകള്‍ക്ക് വെറും 0.7 ആശുപത്രിക്കിടക്കകള്‍ എന്നതാണ് ഇന്ത്യയുടെ നില വാരം. ബ്രിക്‌സ് രാജ്യങ്ങളുടെ നിരയില്‍ ഏറ്റവും പിന്നിലാണ് ഇന്ത്യ. ഗ്രാമീണ മേഖലയിലെ ഡോക്ടര്‍ രോഗി അനുപാതം 1:30,000 ആണ്, ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന 1:1000 എന്ന നിലയിലെത്താന്‍ ബഹുദൂരം സഞ്ചരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാരും സ്വകാര്യ മേഖലയും പരസ്പരം കൈകോര്‍ത്തുള്ള പിപിപി മോഡലുകള്‍ ആലോചിക്കണം. സ്വകാര്യ ആശുപത്രികള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ത്തന്നെ ഓരോ ആശുപത്രിയും റൂറല്‍ ക്ലിനിക്കുകള്‍ കൂടി നടത്തുന്നത് നിര്‍ബന്ധമാക്കണം. അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്ന സ്വകാര്യമേഖലയിലെ വിദഗ്ധരുടെ അനുഭവ പരിചയം കൂടി ആരോഗ്യനയരൂപീകരണ രംഗത്ത് പ്രയോജനപ്പടുത്തുന്നതും പരിഗണിക്കണമെന്നും ഡോ. പ്രതാപ് കുമാര്‍ പറഞ്ഞു.

ജംഷഡ്പൂരില്‍ ടാറ്റാ മോട്ടോഴ്‌സ് നടത്തിയ മെഡിക്കല്‍ സൊസൈറ്റിയുടെ 43-ാമത് വാര്‍ഷിക സമ്മേളനത്തിലാണ് ഡോ. പ്രതാപ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. മെഡിട്രീന ആശുപത്രി മുന്നോട്ടുവച്ച സ്‌പെഷ്യാലിറ്റി ഇന്‍ ഹോസ്പിറ്റല്‍ അടക്കമുള്ള വിവിധ മോഡലുകളുടെ സാധ്യതകളും പരിമിതികളും സമ്മേളനം ചര്‍ച്ച ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here