മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമഭേദഗതികള്‍ പിന്‍വലിക്കണം; കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി വിടുപണി ചെയ്യുന്ന മോദി സര്‍ക്കാരിനെതിരെ തൊഴിലാളികള്‍ അണിനിരക്കണം

കോട്ടയം: ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള മൂലധന ഉടമകള്‍ക്ക് വേണ്ടി ബിജെപിയുടെ നേതൃത്വത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലാളി വിരുദ്ധമായ തൊഴില്‍ നിയമഭേദഗതികള്‍ പിന്‍വലിക്കണമെന്ന് കേരള സ്‌റ്റേറ്റ് ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) 13ാം സംസ്ഥാനസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

രാജ്യത്ത് നിലവിലുള്ള 44 തൊഴില്‍ നിയമങ്ങളില്‍ തൊഴിലാളി വിരുദ്ധമായ ഭേദഗതികള്‍ കൂട്ടത്തോടെ കൊണ്ടുവരാന്‍ മോദിസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. മുതലാളിമാര്‍ക്ക് അനുകൂലമായി അഞ്ച് ലേബര്‍കോഡുകളാക്കി ചുരുക്കുവാനുള്ളതാണ് ഈ ഭേദഗതികള്‍. രാജസ്ഥാന്‍ സര്‍ക്കാര്‍ തുടക്കമിട്ട ഭേദഗതികള്‍ നടപ്പാക്കാന്‍ മറ്റ് സംസ്ഥാനങ്ങളോടും മോഡി ആവശ്യപ്പെട്ടിരിക്കുന്നു. 300 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങള്‍ ലേഓഫ്, ലോക്കൗട്ട്, അടച്ചുപൂട്ടല്‍, പിരിച്ചുവിടല്‍ എന്നിവക്ക് സര്‍ക്കാര്‍ അനുമതി വേണമെന്ന വ്യവസ്ഥ ഇല്ലാതാക്കി. ഒരു യൂണിറ്റില്‍ 40 തൊഴിലാളികളില്‍ താഴെയാണെങ്കില്‍ തൊഴില്‍നിയമങ്ങളൊന്നും ബാധകമല്ലാതാക്കി. ഇതോടെ രാജ്യത്തെ 72 ശതമാനം തൊഴിലാളികളും തൊഴില്‍നിയമങ്ങളുടെ പരിരക്ഷയില്‍ നിന്നും സാമൂഹ്യപരിരക്ഷയില്‍ നിന്നും പുറത്താകും.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ ബിഇഎംഎല്‍, സെയില്‍ എന്നീ സ്ഥാപനങ്ങളില്‍ വിരമിക്കല്‍പ്രായം 50 വയസാക്കി. മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നിവയില്‍ വന്‍ തൊഴിലസവരം സൃഷ്ടിക്കുമെന്ന കപടവാഗ്ദാനത്തിന്റെ മറവിലാണ് തൊഴില്‍ നിയമഭേദഗതികള്‍ നടപ്പാക്കിയത്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി വിടുപണി ചെയ്യുന്ന മോദി സര്‍ക്കാരിനെതിരെ അണിനിരക്കണമെന്നും മുഴുവന്‍ തൊഴിലാളികളോടും സമ്മേളനം ആഹ്വാനം ചെയ്തു.

മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് ബദല്‍ നയങ്ങള്‍ നടപ്പാക്കുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ സംരക്ഷിക്കുവാന്‍ എല്ലാവിഭാഗം തൊഴിലാളികളോടും സമ്മേളനം മറ്റൊരു പ്രമേയത്തില്‍ അഭ്യര്‍ഥിച്ചു. ചരിത്രഭൂരിപക്ഷം നേടിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും ആവേശം പകരുന്ന നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സാമൂഹ്യപെന്‍ഷനുകള്‍ 600 രൂപയില്‍ നിന്ന് 1100 രൂപയാക്കി ഉയര്‍ത്തി. 60 വയസ് കഴിഞ്ഞ അര്‍ഹരായ മുഴുവന്‍ സാധാരണക്കാര്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തി കേരളം സമ്പൂര്‍ണ പെന്‍ഷന്‍ സ്‌കീം നടപ്പിലാക്കുവാന്‍ ആരംഭിച്ചു. ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുവാന്‍ ലൈഫ് എന്ന സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതി കൊണ്ടുവന്ന് ഇന്ത്യക്കാകെ മാതൃകയായി.

മാരകരോഗങ്ങള്‍ക്കടക്കം സൗജന്യചികിത്സ ഉറപ്പുവരുത്തുന്ന ആര്‍ദ്രം പദ്ധതി നടപ്പാക്കി. ചുമട്ടുതൊഴിലാളികള്‍ ഉള്‍പ്പെടെ പാവപ്പെട്ട തൊഴിലാളികളുടെ ക്ഷേമനിധിആനുകൂല്യങ്ങളും പെന്‍ഷനും വര്‍ധിപ്പിച്ചു. റേഷന്‍ വിഹിതം വെട്ടിക്കുറച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അരി സംഭരിച്ച് കുറഞ്ഞ വിലക്ക് വിതരണം ചെയ്തു. നഷ്ടത്തിലായ പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭകരമാക്കുവാനുള്ള നടപടി സ്വീകരിച്ചു. പൊതുവിദ്യാലയങ്ങള്‍ ഹൈടെക്ക് ആക്കുവാനുള്ള പദ്ധതികളും തുടങ്ങി. സമ്പൂര്‍ണമാലിന്യനിര്‍മ്മാര്‍ജന പദ്ധതിക്ക് രൂപം കൊടുത്തു. ജിഷ കൊലക്കേസിലെ പ്രതികളെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ പിടികൂടി. ജിഷ്ണുപ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്തു. ഈ സംഭവത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ കലാപം അഴിച്ചുവിടാന്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി. അഴിമതിക്കും വര്‍ഗീയതക്കുമെതിരെ ഉറച്ച നിലപാട് സ്വീകരിച്ചതും ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു. സാധാരണക്കാരുടെയും തൊഴിലാളികളുടെയും ആഗ്രഹങ്ങള്‍ നിറവേറ്റുവാന്‍ സര്‍ക്കാരിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുവാനും സമ്മേളനം ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News