ബാങ്കുവിളിയെക്കുറിച്ച് പ്രിയങ്ക ചോപ്രയ്ക്കും പറയാനുണ്ട്; പരാമര്‍ശം വൈറല്‍ - Kairalinewsonline.com
ArtCafe

ബാങ്കുവിളിയെക്കുറിച്ച് പ്രിയങ്ക ചോപ്രയ്ക്കും പറയാനുണ്ട്; പരാമര്‍ശം വൈറല്‍

പള്ളികളിലും ക്ഷേത്രങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ സോനു നിഗം നടത്തിയ ട്വീറ്റിന് പിന്നാലെ പ്രിയങ്ക ചോപ്ര കഴിഞ്ഞവര്‍ഷം നടത്തിയ ബാങ്കുവിളിയെക്കുറിച്ചുള്ള പരാമര്‍ശവും വൈറല്‍. 2016ല്‍ ഒരു സിനിമയുടെ പ്രചാരണ പരിപാടിക്കിടെ സംസാരിക്കുമ്പോഴായിരുന്നു പ്രിയങ്ക ബാങ്കുവിളിയെക്കുറിച്ച് പരാമര്‍ശം നടത്തിയത്.

പ്രിയങ്ക പറയുന്നത് ഇങ്ങനെ: സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ടെറസ്സിന് മുകളില്‍ നില്‍ക്കുമ്പോഴാണ് ബാങ്കുവിളി കേള്‍ക്കുന്നത്. സമീപത്തെ അഞ്ചോ ആറോ പള്ളികളില്‍ നിന്നും ഉയര്‍ന്ന ബാങ്കുവിളി ഇഷ്ടപ്പെട്ടിരുന്നു. സ്വസ്ഥമായി നിന്ന ആ അഞ്ചുമിനിറ്റു നേരമായിരുന്നു ഏറ്റവും മനോഹരമായ സമയം’. ദിവസത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് പ്രിയങ്കയുടെ മറുപടി. സോനുവിന്റെ ട്വീറ്റ് വൈറലായതോടെയാണ് ഈ പരാമര്‍ശവും ചിലര്‍ ഉയര്‍ത്തികൊണ്ടുവന്നത്.

കഴിഞ്ഞ ദിവസമാണ് ഉച്ചഭാഷിണിക്കെതിരെ സോനുനിഗം രംഗത്തെത്തിയത്. ‘ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ. ഞാനൊരു മുസ്ലിമല്ല. പക്ഷേ പുലര്‍ച്ചെ ബാങ്കുവിളി കേട്ടാണ് എനിക്ക് ഉണരേണ്ടി വന്നത്. ഇന്ത്യയിലെ നിര്‍ബന്ധിത മതാരാധന എന്നവസാനിക്കും’ എന്നാണ് സോനു നിഗം ആദ്യം ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് വിവാദമായി. ഇതോടെ താന്‍ ഒരു മതത്തിനും എതിരല്ലെന്നും ആരാധനയുടെ ഭാഗമായി ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് എതിരെയാണ് സംസാരിക്കുന്നതെന്നും സോനു വിശദീകരിച്ചു. വിശ്വാസികളല്ലാത്തവരെ ഉച്ചഭാഷിണി ഉപയോഗിച്ച് ഉണര്‍ത്തുന്ന ഹിന്ദു ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും വിശ്വാസമില്ലെന്നായിരുന്നു സോനുവിന്റെ രണ്ടാമത്തെ ട്വീറ്റ്. സോനുവിന്റെ ട്വീറ്റിനെതിരെ വിവിധതലങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

 

 

To Top