കുരിശ് തകര്‍ത്ത സംഭവം തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി; അതൃപ്തി ജില്ലാ ഭരണകൂടത്തെ അറിയിച്ചു; കയ്യേറ്റങ്ങളോട് വിട്ടുവീഴ്ചയില്ല; അനാവശ്യ വികാരം സൃഷ്ടിക്കാന്‍ ചിലരുടെ ശ്രമം

തിരുവനന്തപുരം: കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി, പാപ്പാത്തിച്ചോല മേഖലയിലെ കുരിശ് തകര്‍ത്ത സംഭവം തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അതൃപ്തി ജില്ലാ ഭരണകൂടത്തെ അറിയിച്ചു. കയ്യേറ്റങ്ങളോട് സര്‍ക്കാരിന് വിട്ടുവീഴ്ചയില്ല. കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടി ഇനിയും തുടരും. എന്നാല്‍ കയ്യേറ്റമെന്ന പേരില്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

കുരിശ് വലിയൊരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ പ്രതീകമാണ്. അത് പൊളിക്കുന്നതിന് മുന്‍പ് സര്‍ക്കാരുമായി ആലോചിക്കണമായിരുന്നു. മതമേലധ്യക്ഷന്‍മാരുമായി സംസാരിക്കാമായിരുന്നു. അനാവശ്യമായ വികാരം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാബ്‌റി മസ്ജിദ് തകര്‍ത്തതിനു ശേഷമുള്ള സംഘ്പരിവാറിന്റെ പ്രവര്‍ത്തനങ്ങളിലെ വര്‍ഗീയ നിലപാടില്‍ അയവ് വന്നിട്ടില്ല. ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അദ്വാനി അടക്കമുള്ള ബിജെപി നേതാക്കള്‍ വിചാരണ നേരിടണമെന്ന സുപ്രിംകോടതി വിധി വന്നിരിക്കുകയാണ്. അപ്പോഴും വര്‍ഗീയ നിലപാടില്‍ മാറ്റമില്ലാതെ തുടരുകയാണ് സംഘപരിവാര്‍.

രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും സംഘപരിവാരം കാണുന്നു. ഈ തത്വശാസ്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പശുവിനെ വളര്‍ത്തി ജീവിക്കുന്ന സാധാരണക്കാരന് ഒരു പശുവിനെ വാങ്ങി കൊണ്ടു വരാന്‍ പോലും കഴിയാത്ത അവസ്ഥയാണിതെന്നും പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News