'അതിര്‍ത്തിക്കപ്പുറത്തെ മനുഷ്യബന്ധങ്ങള്‍'; പാക്ക് മാധ്യമ സുഹൃത്തുക്കളുമായുളള സൗഹൃദയാത്ര | കെ രാജേന്ദ്രന്‍ - Kairalinewsonline.com
DontMiss

‘അതിര്‍ത്തിക്കപ്പുറത്തെ മനുഷ്യബന്ധങ്ങള്‍’; പാക്ക് മാധ്യമ സുഹൃത്തുക്കളുമായുളള സൗഹൃദയാത്ര | കെ രാജേന്ദ്രന്‍

സലീം ഷെയ്ഖ് ഇസ്ലാമാബാദുകാരനാണ്. പാക്ക് തലസ്ഥാനത്തെ അറിയപ്പെടുന്ന പരിസ്ഥിതി മാധ്യമ പ്രവര്‍ത്തകന്‍. ദ ന്യൂസ്, ഡോണ്‍, ജിയോ ടി വി എന്നിവിടങ്ങളിലെ അനിഷേധ്യ സാന്നിധ്യമായിരുന്നു. ഇപ്പോള്‍ റോയിട്ടേഴ്‌സ് ലേഖകന്‍.

കാഠ്മണ്ഡുവില്‍ പനോസ് സൗത്ത് ഏഷ്യ പരിസ്ഥിതി ഫെലോഷിപ്പിന്റെ ഭാഗമായി പരിസ്ഥിതി മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ക്യാമ്പില്‍ വച്ചാണ് സുമുഖനും ഉത്സാഹിയുമായ ആ ചെറുപ്പക്കാരനെ പരിചയപ്പെട്ടത്. പകല്‍ മുഴുവന്‍ നീണ്ട വിദഗ്ധരുടെ ക്ലാസുകള്‍ക്കും അനുമ്പന്ധചര്‍ച്ചകള്‍ക്കും ശേഷം തണുത്ത രാത്രിയില്‍ സംഘാടകര്‍ പഠാന്‍ ധോക്കയിലെ പ്രസിദ്ധമായ യലമായ കേന്ദ്രയില്‍ ഒരുക്കിയ സല്‍ക്കാരത്തിനിടെ മദ്യം നിറച്ച ഗ്ലാസുമായി സലീം അടുത്തെത്തി. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ഉളളുതുറന്നു. ‘എനിക്ക് ഇന്ത്യയൊന്ന് കാണണം. ചുരുങ്ങിയ പക്ഷം ദില്ലിയെങ്കിലും.’

pak-story-2

പാക്ക് മാധ്യമ പ്രവര്‍ത്തകനായ സലീം ഷെയ്‍ഖ്

സലിമിന്റെ ദില്ലി സ്‌നേഹത്തിന് പിറകില്‍ സ്വാതന്ത്രത്തിനും വിഭജനത്തിനും വളരെ മുമ്പുളള കാലത്തിലേയ്ക്ക് ഓര്‍മ്മകളെ കൊണ്ടുപോവുന്ന കുറെ സംഭവങ്ങള്‍ ഉണ്ട്.

സലിമിന്റെ പിതാമഹന്‍മാര്‍ ദില്ലിക്കാരായിരുന്നു. അവിഭക്ത ഇന്ത്യയില്‍ മുത്തശ്ശന് സര്‍ക്കാര്‍ സര്‍വ്വീസില്‍ തൊഴില്‍ ലഭിച്ചതോടെയാണ് കുടുംബം ഇസ്‌ളാമാബാദിലേയ്ക്ക് പറിച്ചു നട്ടത്. അന്നവര്‍ ഹിന്ദുക്കളായിരുന്നു. രാജ്യം വെട്ടിമുറിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ നടുങ്ങി. കുല്‍ദീപ് നയ്യാരുടെ കുടുംബത്തെപ്പോലെ ഇന്ത്യയിലേയ്ക്ക് പലായനം ചെയ്യാനുളള ശേഷിയോ ധൈര്യമോ അവര്‍ക്കില്ലായിരുന്നു. വിഭജനത്തിന്റെ ദുരന്തങ്ങള്‍ ആകുടുംബം മുന്‍കൂട്ടി കണ്ടു. അവര്‍ മതം മാറി മുസ്‌ളിം മതം സ്വീകരിച്ചു. സലീമും കുടുംബവും ഇന്ന് എല്ലാ അര്‍ത്ഥത്തിലും പാക്കിസ്ഥാന്‍കാരാണ്. പക്ഷെ കുടുംബത്തിന്റെ തായ് വേരുകളാകട്ടെ ദില്ലിയിലും. സലിമിന് ദില്ലിയിലെത്തിയേ തീരൂ. മുത്തശ്ശനില്‍ നിന്ന് പറഞ്ഞുകേട്ടയിടങ്ങളിലൂടെ സഞ്ചരിക്കണം. ‘ഒരിക്കല്‍ എല്ലാം ശരിയായതാണ്. പക്ഷെ കപ്പിനും ചുണ്ടിനും ഇടയില്‍ വെച്ച് സുവര്‍ണാവസരം നഷ്ടപ്പെട്ടു’.

പാക്കിസ്ഥാനിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് റോയിട്ടേഴ്‌സില്‍ സലിം എഴുതുന്ന റിപ്പേര്‍ട്ടുകളെല്ലാം ദില്ലിയിലിരുന്ന് സുനിതാ നാരായണന്‍ എന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തക നിരീക്ഷിക്കുന്നുണ്ടായിരുന്നു. സി.എസ്.സിയുടെ പരിസ്ഥിതി മാധ്യമ സെമിനാറിലേയ്ക്ക് സുനിത സലീമിനെ ക്ഷണിച്ചു. വിമാനടിക്കറ്റും വിസാ ചാര്‍ജും ദില്ലിയിലെ മറ്റുചെലവുകളുമെല്ലാംസി.എസ്.ഇ വഹിക്കും. സലിമിന് ആഹ്‌ളാദമടക്കാനായില്ല. പൈതൃകത്തിന്റെ അടിവേരുകള്‍ തേടിയുളള അന്വേഷണം ഇതാ ലക്ഷ്യം കാണാന്‍ പോവുന്നു.

പാക്ക് മാധ്യമ പ്രവര്‍ത്തകനായ ഷഹ്ഷാദ ഇര്‍ഫാന്‍ അഹമ്മദിനൊപ്പം ലേഖകന്‍

വിസ കിട്ടാനായി കുറച്ചുദിവസം ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസികയറിയിറങ്ങി. കാര്യം എളുപ്പമല്ലെന്ന് ബോധ്യപ്പെട്ടു. കുറെകൂടി തുറന്ന സമീപനം കൈക്കൊള്ളുന്ന കറാച്ചിയിലെ ഇന്ത്യന്‍ എംബസിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ഉപദേശം കിട്ടി. കുറച്ചുദിവസം കറാച്ചിയില്‍ കറങ്ങിനടന്നു. എന്നിട്ടും കാര്യമുണ്ടായില്ല. പാക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിസ നല്കുന്നതിനായുളള നിയമങ്ങള്‍ ഇന്ത്യ കര്‍ശനമാക്കിയതായുളള അറിയിപ്പോടെ വിസ നിഷേധിച്ചു. അതോടെ എല്ലാംതീര്‍ന്നു.

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോടുളള പാക്ക് സര്‍ക്കാറിന്റെ സമീപനവും വ്യത്യസ്തമല്ല. 2007ല്‍ സാനിയാഹുസ്സന്‍ ഇന്ത്യപാക്ക് മാധ്യമ വിനിമയ പരിപാടിയുടെ ഭാഗമായി പാക്കിസ്ഥാനില്‍ രണ്ടാഴ്ച്ചയോളം സന്ദര്‍ശനം നടത്താനുളള ഇന്ത്യന്‍ മാധ്യമസംഘത്തിലേയ്ക്ക് ഈ ലേഖകന്‍ തെരെഞ്ഞെടുക്കപ്പെട്ടു. ഇസ്ലാമാബാദ്, ലാഹോര്‍, കറാച്ചി എന്നീ നഗരങ്ങളും മോഹന്‍ജദാരോ, ഹാരപ്പ തുടങ്ങിയ ചരിത്ര സ്മാരകങ്ങളുമെല്ലാമടങ്ങിയ യാത്രയ്ക്കായി കാത്തിരിക്കുന്നതിനിടയിലാണ് ലാല്‍മസ്ജിദിന് സമീപം ബോംബ് പൊട്ടിയത്. അതോടെ ദില്ലിയിലെ പാക്ക് എംബസി സംശയാലുക്കളായി. ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ പാക്കിസ്ഥാനിലെത്തിയാല്‍ ചാരപ്രവര്‍ത്തനം നടത്തുമോ? പാക്ക് എംബസി വാതിലുകള്‍ കൊട്ടിയടച്ചതോടെ പഴയ ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ
യാത്ര സ്വപ്നത്തിലൊതുങ്ങി.

ഇന്ത്യ പാക്ക് പ്രശ്‌നങ്ങളെക്കുറിച്ച് സലീമന് വ്യക്തവും വ്യത്യസ്തവുമായ നിലപാടുണ്ട്. ‘കാശ്മീര്‍ ഉള്‍പ്പെടെയുളള തര്‍ക്കവിഷയങ്ങള്‍ പ്രത്യേകമായി ചര്‍ച്ചചെയ്യുക. ഇരുരാജ്യങ്ങള്‍ തമ്മിലുളള നയതന്ത്രപ്രശ്‌നങ്ങളിലുമുപരിയായി ഇവ രാഷ്ട്ീയ പ്രശ്‌നങ്ങള്‍ കൂടിയാണ്. കാശ്മീര്‍ ആളികത്തിക്കാതെ ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ഒരുവിഭാഗം നേതാക്കള്‍ക്ക് നിലനില്പില്ല. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാന്‍ പഠിക്കേണ്ട ഒത്തിരികാര്യങ്ങള്‍ ഉണ്ട്. പരസ്പര സഹകരണത്തിലൂടെ മാത്രമേ ഇത് സാധ്യമാവൂ.’

ബലൂചിസ്ഥാന്‍ സ്വദേശിയും ദി നേഷന്‍സ് ദിനപത്രത്തിന്റെ ക്വയ്റ്റ ലേഖകനുമായ ബാരി ബലോച്ച്, ഖൈബര്‍ ഫൂക്ക്‌തോന്‍ക്വാവിലെ റേഡിയോ ജേര്‍ണലിസ്റ്റ് റഷീദ് അഹമ്മദ്, ന്യൂസ് ഇന്റര്‍ നാഷണലിന്റെ കറാച്ചി ലേഖകന്‍ വഖര്‍ഭാട്ടി, മാധ്യമപ്രവര്‍ത്തകയും പ്രശസ്ത ഉറുദു എഴുത്തുകാരിയുമായ ഷാബിന ഫറാസ് എന്നിവരെല്ലാം സലിമിന്റെ അഭിപ്രായത്തിനോട് യോജിക്കുന്നവരാണ്.എന്നാല്‍ ഇന്ത്യയുമായി ഒരു വിഷയത്തില്‍ ഇവര്‍ക്കെല്ലാവര്‍ക്കും ശക്തമായ വിയോജിപ്പുണ്ട്. വിഷയം ഭീകരവാദം തന്നെ. ഇന്ത്യയില്‍ ഭീകരാക്രമണം ഉണ്ടായാല്‍ ഇന്ത്യപാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലത്രെ.

pak-story-5

ഇന്ത്യാ -പാക്ക് മാധ്യമ സൗഹൃദകൂട്ടായ്മ

ഇന്ത്യയില്‍ ഒരു വര്‍ഷം ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത് നൂറോളം പേരാണെങ്കില്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ആയിരം കവിയും. സ്വന്തം രാജ്യത്തെ ഭീകരസംഘടനകളെ നിയന്ത്രിക്കാനാവാത്ത പാക്ക് സര്‍ക്കാര്‍ എങ്ങനെയാണ് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്ന ഭീകരസംഘടനകളെ നിയന്ത്രിക്കുക എന്നതാണ് ഇവരുടെ ചോദ്യം. മറുചോദ്യങ്ങളും ഏറെയുണ്ടായിരുന്നു. മുബൈ സ്‌ഫോടന പരമ്പര കേസുകളിലെ മുഖ്യപ്രതി ദാവൂദ് ഇബ്രാഹിമിന് അഭയം നല്കിയത് പാക്ക് സര്‍ക്കാറല്ലേ? ലഷ്‌കറി തൊയ്ബ നേതാവ് ഹാഫിസ് മുഹമ്മദ് സെയ്ദ് പാക്കിസ്ഥാനില്‍ സൈ്വരവിഹാരം നടത്തുന്നതെന്തുകൊണ്ടാണ്?

അങ്ങനെയെങ്കില്‍ ബലൂചിസ്ഥാനിലെ വിമോചന നേതാക്കള്‍ക്ക് ഇന്ത്യ എന്തിന് അഭയം നല്കിയെന്നായിരുന്നു അവരുടെ ചോദ്യം. ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തിലേയ്ക്കും ഗുജറാത്ത് കലാപത്തിലേയ്ക്കും ചര്‍ച്ച നീണ്ടെങ്കിലും സൗഹൃദത്തിന്റെ അതിര്‍വരമ്പുകള്‍ ഒരിക്കല്‍പോലും ലംഘിക്കപ്പെട്ടില്ല. വെറുപ്പിന്റേയും പകയുടേയും പ്രത്യയശാസ്തങ്ങള്‍ ഇന്ത്യയിലേതുപോലെ പാക്കിസ്ഥാനിലും വളരെ എളുപ്പത്തില്‍ വിറ്റഴിയുന്ന ഉപഭോഗവസ്തുവാണ്. പക്ഷെ ഒരു ശരാശരി പാക്കിസ്ഥാന്‍കാരന്‍ ഇന്നും ഏറ്റവുമധികം കേല്‍ക്കുന്നത്
ഹിന്ദി സിനിമാഗാനങ്ങളാണ്. ഏറ്റവുമധികം കാണുന്നത് ഹിന്ദിസിനിമകളും ഹിന്ദി ടിവി ചാനലുകളുമാണ്. (ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ഹിന്ദി ചാനലുകള്‍ക്ക് ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിരിയിരിക്കുന്നത്)

ഹിമാലയന്‍ ഹോട്ടലിന് പിറകിലെ പുല്‍ തകിടിയിലിരുന്നാല്‍ അങ്ങകലെ തലയുയര്‍ത്തി നീണ്ട് പരന്ന് കിടക്കുന്ന
ഹിമാലയ പര്‍വ്വതം കാണാം. രാത്രികളില്‍ ഹിമക്കാറ്റിന്റെ തീഷ്ണത കൂടും. ഇന്ത്യാപാക്ക് മാധ്യമ പ്രവര്‍ത്തകര്‍ വട്ടമണഞ്ഞിരുന്ന് പാട്ടുകള്‍ പാടും, നാട്ടില്‍ പ്രചുര പ്രചാരം നേടിയ തമാശകളും നാടോടിക്കഥകളും പറയും. ബിരിയാണി തീറ്റക്കാരനായ ഹാജ്യാര്‍, ഹാജിതൊപ്പികള്‍, കബാബ്, യാക്കൂബിന്റെ മക്കള്‍, അത്ഭുതമരം, ചോരക്കിണര്‍ എന്നിങ്ങനെ പലപ്പോഴായി പാക്ക് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞുതന്ന നാടോടിക്കഥകള്‍ ശേഖരിച്ചു. 2009ല്‍ ഡിസി ബുക്‌സ് ഹാജ്യാരും ബിരിയാണിയും എന്ന തലക്കെട്ടില്‍ പുസ്തകമാക്കി.
വളരെ വേഗത്തില്‍ രണ്ടുപതിപ്പുകള്‍ വിറ്റുപോയി. ഇന്നായിരുന്നെങ്കില്‍ ഇത് സാധിക്കുമായിരുന്നോ? രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെടുമായിരുന്നില്ലേ?

pak-story-6

പാക്ക് മുത്തശ്ശിക്കഥകള്‍ എന്ന പുസ്തകത്തിന്‍റെ പുറംചട്ട

കഴിഞ്ഞ വര്‍ഷം രണ്ട് പുതിയ പാക്ക് മാധ്യമ സുഹൃത്തുക്കളെ കിട്ടി. ലാഹോറുകാരി സര്‍ബിനതോപ്പയും ദിന്യൂസിന്റെ ലേഖകന്‍ ഷഹ്ഷാദ ഇര്‍ഫാന്‍ അഹമ്മദും. തൊഴില്‍ കുടിയേറ്റങ്ങളെക്കറിച്ച് ഗഹനമായി പഠനം നടത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനായി സ്വീഡിഷ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ സാര്‍ക്കിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന് ഞങ്ങള്‍ മൂന്നുപേര്‍ ഉള്‍പ്പെടെ പത്തുപേരെ തെരെഞ്ഞെടുത്തിരുന്നു. സാര്‍ക്ക് മേഖലയിലെ എല്ലാരാജ്യക്കാര്‍ക്കും വിസാ നിയമങ്ങളുടെ നൂലാമാലകള്‍ ഇല്ലാതെ എളുപ്പത്ത്ില്‍ എത്തിപ്പെടാവുന്ന കാഠ്മണ്ഡുവില്‍ വെച്ചുതന്നെയായിരുന്നു ആ സംഗമവും.

ഫെലോഷിന്റെ ഭാഗമായി സംഘങ്ങളായി തിരിഞ്ഞ് ചില വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കണം. സംഘാംഗങ്ങളെ തീരുമാനിക്കാനുളള ചര്‍ച്ചയാരംഭിച്ചയുടനെ ഷഹ്ഷാദ ഇര്‍ഫാന്‍ അഹമ്മദ് എഴുന്നേറ്റു. ‘എന്റെ സംഘത്തില്‍ ഇന്ത്യക്കാരനായ രാജേന്ദ്രനേയും ഉല്‍പ്പെടുത്തണം’ അതോടെ ഷഹ്ഷാദയും സര്‍ബിനതോപ്പയും അടുത്ത സുഹൃത്തുക്കളായിമാറി. പാക്കിസ്ഥാനിലെ അറിയപ്പെടുന്ന വനിതാ ജേര്‍ണലിസ്റ്റായ സര്‍ബിന യൂറോപ്പുകാരെ വെല്ലുന്ന ഫാഷനോടെയാണ് അന്ന് കാഠ്മണ്ഡുതെരുവിലൂടെ നടത്തിരുന്നത്.

pak-story-3

പാക്ക് മാധ്യമ പ്രവര്‍ത്തക സര്‍ബിന

സര്‍ബിനയുടെ വസ്ത്രഭ്രമം കണ്ടപ്പോള്‍ ചോദിക്കാതിരിക്കാനായില്ല ‘പാക്കിസ്ഥാനിലെ തെരുവുകളിലും ഇതേ വസ്ത്രം ധരിച്ച് നടക്കാനാവുമോ? നിഷേധാര്‍ഥത്തില്‍ തലകുലുക്കി. ‘നഗരങ്ങളില്‍ അത്രപ്രശ്‌നമില്ല. പക്ഷെ മറ്റിടങ്ങളില്‍ മതപരമായ വിലക്കുണ്ട്.’ രണ്ടുതവണ നേപ്പാളിലെത്തിയ സര്‍ബിന വ്യത്യസ്ത ഫാഷനുകളിലുളള വസ്ത്രങ്ങള്‍ ധരിച്ച് സ്വന്തം രാജ്യത്ത് ലഭ്യമല്ലാത്ത സ്വാതന്ത്ര്യം ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു. ഇന്ത്യയെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഉള്ളിലെ ആഗ്രഹം ഇങ്ങനെയായിരുന്നു. ‘എനിക്ക് മുബൈ കാണണം’ ഇന്ത്യാപാക്ക് അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നു. ഇരുരാജ്യങ്ങളിലും യുദ്ധഹിസ്റ്റീരിയ പടരുന്നു. സാംസ്‌ക്കാരിക പ്രവര്‍ത്തകരെപ്പോലും തിരിച്ചയക്കുന്നു.

ഓര്‍മ്മവരുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ ഇസ്ലാമാബാദ് കറസ്‌പോണ്ടന്റ്് ആയിരുന്ന  വിനോദ് ശര്‍മ്മ പാര്‍ലമെന്റെ് റിപ്പോര്‍ട്ടിംഗ് വര്‍ക് ഷോപ്പില്‍ പറഞ്ഞുതന്ന ഒരു സംഭവമാണ്. ഒരിക്കല്‍ സുഷമ സ്വരാജിന്റെ ഭര്‍ത്താവ് സ്വരാജ് കൗഷല്‍ ഇന്ത്യന്‍ പാര്‍ലമെന്ററി സംഘത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലെത്തി. തുടക്കത്തില്‍ ഭയപ്പാടോടെയാണ് അദ്ദേഹം പാക്ക് മണ്ണിലൂടെ യാത്ര ചെയ്തതും അവിടുത്തുകാരുമായി ഇടപഴകിയതും. യാത്ര പറയുന്നതിന് മുമ്പ് വിനോദ് ശര്‍മ്മയോട് സ്വരാജ് കൗഷല്‍ ഇങ്ങനെ പറഞ്ഞത്രേ ‘നമ്മള്‍ പറഞ്ഞു കേട്ടതു പോലെയൊന്നുമല്ല. പാക്കിസ്ഥാന്‍കാര്‍ നല്ലവരാ’.

അതിര്‍ത്തികള്‍ കൊട്ടിയടക്കപ്പെടുകയാണ്. 2018 ഓടെ ഇന്ത്യപാക്ക് അതിര്‍ത്തിയിലുടനീളം കെട്ടിയുയര്‍ത്തുന്ന ഇരുമ്പ് വേലി അതിര്‍ത്തിയിലുമുപരി കീറിമുറിക്കുന്നത് ഹൃദയങ്ങളെയാണ്. സംജോദ എക്‌സ്പ്രസ്സും ദില്ലി ലാഹോര്‍ ബസും സര്‍വീസ് നിറുത്തിയിരിക്കുന്നു. രാജ്യസ്‌നേഹമെന്നാല്‍ പാക്ക് വിരുദ്ധത മാത്രമാണെന്ന് പാഠിപ്പിക്കുന്നവര്‍ ചുരുങ്ങിയ പക്ഷം സ്വരാജ് കൗഷളിന്റെ വാക്കുകളെങ്കിലും ശ്രദ്ധിക്കണം.

To Top