ബാബറി മസ്ജിദ് കേസ്: പ്രതികളായ നേതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി; എല്ലാവിധ സംരക്ഷണവും നല്‍കും; പ്രതികളെ കുറ്റവിമുക്തരാക്കാന്‍ ശ്രമിക്കും

ദില്ലി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ മുതിര്‍ന്ന നേതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി കേന്ദ്ര നേതൃത്വം. ഇവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കാന്‍ മോദിയുടെ വസതിയില്‍ ചേര്‍ന്ന നേതാക്കളുടെ യോഗം തീരുമാനിച്ചു. കേന്ദ്രമന്ത്രി ഉമാഭാരതിയും രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍സിംഗും രാജിവയ്‌ക്കേണ്ടതില്ലെന്നും പ്രതികളെ കുറ്റവിമുക്തരാക്കാന്‍ ശ്രമിക്കാനും യോഗത്തില്‍ തീരുമാനമായി.

കോടതി ഉത്തരവിന്റെ നിയമ, രാഷ്ട്രീയവശങ്ങള്‍ പരിശോധിക്കാനാണ് മോദിയുടെ വസതിയില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ യോഗം ചേര്‍ന്നത്. അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ്‌സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, സുഷ്മ സ്വരാജ്, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

പ്രതികള്‍ക്കൊപ്പമാണ് ബിജെപിയെന്ന് അമിത് ഷാ വ്യക്തമാക്കി. യോഗശേഷം അദ്വാനിയെ ഫോണില്‍ വിളിച്ച് അമിത് ഷാ നിലപാട് അറിയിച്ചു. മുരളിമനോഹര്‍ ജോഷിയുമായും ബന്ധപ്പെട്ടു. എന്നാല്‍, കോടതി ഉത്തരവിനോട് വിശദമായി പ്രതികരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല. ഉത്തരവ് പഠിച്ചശേഷം നിലപാട് അറിയിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

രാഷ്ട്രപതിസ്ഥാനത്തേക്ക് അദ്വാനി എത്താതിരിക്കുന്നതിന് മോദി നടത്തിയ തന്ത്രപരമായ ഇടപെടലാണ് കേസിലെ വഴിത്തിരിവിന് കാരണമെന്ന അഭിപ്രായവും ശക്തമാണ്. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവാണ് ഈ ആക്ഷേപം ആദ്യം ഉന്നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News