കടകംപളളി ഭൂമി തട്ടിപ്പ്; വിവാദ ഭൂമിയുടെ തണ്ടപേര് റദ്ദാക്കി; ഇടതുസര്‍ക്കാര്‍ തീരുമാനം ഉമ്മന്‍ചാണ്ടി നീട്ടി കൊണ്ടുപോയ ഫയലില്‍; ഭൂ മാഫിയ കൈവശപ്പെടുത്തിയത് 150 കുടുംബങ്ങളുടെ 44 ഏക്കര്‍ ഭൂമി

തിരുവനന്തപുരം: കടകംപളളി വില്ലേജില്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് സംഘം വ്യാജരേഖകള്‍ ചമച്ച് സൃഷ്ടിച്ച തണ്ടപേര് തിരുവനന്തപുരം ജില്ലാ കളക്ടര്‍ റദ്ദാക്കി. കടകംപളളിയിലെ 150 ഓളം കുടുബങ്ങളുടെ 44 ഏക്കറിലധികം ഭൂമിയാണ് കോണ്‍ഗ്രസ് നേതാവ് വര്‍ക്കല കഹാറിന്റെ ബന്ധുകള്‍ റവന്യു രേഖകളില്‍ തിരിമറി നടത്തി സ്വന്തമാക്കിയത്. തണ്ടപേര് റദ്ദാക്കണമെന്ന് സിബിഐ അടക്കമുളള ഏജന്‍സികളുടെ ശുപാര്‍ശ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം എടുക്കാതെ നീട്ടികൊണ്ടുപോയ ഫയലിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം എടുത്തത്.

KADAKAM-2

3587 എന്ന നമ്പരില്‍ പെട്ട വിവാദ ഭൂമിയുടെ തണ്ടപേരാണ് റദ്ദാക്കപ്പെട്ടത്. ഭൂമിയുടെ തണ്ടപേര് വ്യാജമായി സൃഷ്ടിച്ചതെന്ന് കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കുപ്രസിദ്ധമായ കടകംപളളി ഭൂമി തട്ടിപ്പ് അരങ്ങേറിയത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലീംരാജ്, കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വര്‍ക്കല കഹാറിന്റെ ബന്ധുകളും ഉള്‍പ്പെട്ട സംഘം തിരുവനന്തപുരം നഗരത്തിലെ കണ്ണായ പ്രദേശമായ കടകംപളളി വില്ലേജില്‍ ഉള്‍പ്പെട്ട 44 ഏക്കര്‍ ഭൂമി, വ്യാജ പ്രമാണങ്ങള്‍ സൃഷ്ടിച്ച് തട്ടിയെടുത്തു എന്നാണ് കേസിന് ആസ്പദമായ സംഭവം.

150 ഓളം കുടുംബങ്ങളുടെ കൈവശത്തില്‍ ഉണ്ടായിരുന്ന ഭൂമി തങ്ങളുടെതാണെന്ന് അവകാശപ്പെട്ട് വര്‍ക്കല സ്വദേശിയായ അഷറഫ് രംഗത്തെത്തുന്നതോടാണ് ഭൂമി വിവാദം ആരംഭിക്കുന്നത്. 44 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥവകാശം തെളിയിക്കുന്നതിനായി 3587 എന്ന തണ്ടപേരില്‍ 19 സര്‍വ്വേ നമ്പരുകളിലായി കിടന്ന ഭൂമിയുടെ രേഖകളില്‍ കൃത്രൃമത്വം കാട്ടിയാണ് തട്ടിപ്പിന് തുനിഞ്ഞത്. ഭൂമിയുടെ യത്ഥാര്‍ത്ഥ ഉടമസ്ഥന്‍ തന്റെ മുത്തച്ഛനായ അബ്ദുറഹിമാന്‍ കുഞ്ഞ് ആണെന്നായിരുന്നു അഷ്‌റഫിന്റെ അവകാശവാദം. തണ്ടപേര് രജിസ്ട്രറിലെ ശൂന്യമായി കിടന്ന പേജില്‍ അഷ്‌റഫിന്റെ മുത്തച്ഛന്റെ പേര് റവന്യൂ ഉദ്യോഗസ്ഥര്‍ വ്യാജമായി എഴുതികയറ്റുകയായിരുന്നു.

വിവാദ ഭൂമി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലീംരാജിന്റെ ബന്ധുവിന് വില്‍പ്പന കരാറെഴുതിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഭീഷണിയും പ്രലോഭനങ്ങളും ഉണ്ടായതോടെ പരാതിയുമായി യത്ഥാര്‍ത്ഥ സ്ഥലം ഉടമകള്‍ രംഗത്തെത്തി. അന്നത്തെ റവന്യൂ സെക്രട്ടറി കമലവര്‍ദ്ധന്‍ റാവു ഭൂമിയുടെ തണ്ടപേര് വ്യാജമെന്ന് കണ്ടെത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ ഭൂ മാഫിയയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സിബിഐയും സമാന ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുക്കാതെ നീട്ടികൊണ്ടുപോയ ഫയലിലാണ് ജില്ലാ ഭരണകൂടം ഇപ്പോള്‍ തീരുമാനം എടുത്തത്. സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആക്ഷന്‍ കൗണ്‍സില്‍ അംഗം കിഷോര്‍ പീപ്പിളിനോട് പറഞ്ഞു

വ്യാജരേഖകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയ ഭൂ മാഫിയ സംഘം നിരവധി തവണ കോടതിയെയും തെറ്റിദ്ധരിപ്പിച്ച് ഉത്തരവുകള്‍ വാങ്ങിയിരുന്നു. കുപ്രസിദ്ധമായ ഭൂമി തട്ടിപ്പില്‍ ആദ്യം മുതല്‍ തന്നെ ഭൂ മാഫിയ സംഘത്തിനൊപ്പമായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. എന്നാല്‍ അധികാരത്തിലെത്തി ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് കടകംപളളി കേസില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇരകളുടെ വര്‍ഷങ്ങളായ ആവശ്യത്തിനൊപ്പം നിലകൊണ്ടിരിക്കുന്നു. കടകംപളളിയിലെ 150 ഓളം കുടുംബങ്ങളുടെ ഭൂമി പോക്ക് വരവ് ചെയ്ത് ലഭിക്കാന്‍ ഇതോടെ സാധ്യതയേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News