ടെറസില്‍ കയറിയ കുട്ടിയാന വീട്ടിനുള്ളിലേക്ക് വീണു; വീട് തകര്‍ത്ത് ആനക്കൂട്ടം കുട്ടിയാനയെ രക്ഷിച്ചു: നാടിനെ ഞെട്ടിച്ച സംഭവം വയനാട്ടില്‍

കല്‍പ്പറ്റ: വയനാട്ടിലെ ഗൂഡല്ലൂര്‍ കോഴിപ്പാലം പള്ളിപ്പടിയില്‍ ജനവാസ കേന്ദ്രത്തിലെത്തിയ ആനക്കൂട്ടത്തിലെ കുട്ടിയാന വീടനിനുള്ളില്‍ വീണു. ആനക്കുട്ടിയെ തെരഞ്ഞെത്തിയ തള്ളയാനയും സംഘവും വീട് തകര്‍ത്ത് കുട്ടിയാനയെ രക്ഷപ്പെടുത്തി.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഗൂഡല്ലൂര്‍-നിലമ്പൂര്‍ റോഡിന്റെ സമാന്തര പാതയില്‍ താമസിക്കുന്ന യാക്കൂബിന്റെ വീടിനുള്ളിലാണ് കുട്ടിയാന വീണത്. റോഡില്‍ നിന്ന് വീടിന്റെ ടെറസിലേക്ക് കയറിയ കുട്ടിയാന അടുക്കളയുടെ ആസ്ബസ്റ്റോസ് മേല്‍ക്കൂര തകര്‍ത്താണ് വീട്ടിനുള്ളില്‍ വീണത്. ഈ സമയം വീട്ടുകാര്‍ നല്ല ഉറക്കത്തിലായിരുന്നു. യാക്കൂബിന് പുറമെ ഭാര്യ അസ്മ, മരുമക്കളായ ജുമൈല, ഷാക്കിറ, പേരക്കുട്ടികളായ മുഹമ്മദ് ആഷിര്‍, മുഹമ്മദ് നിസാന്‍, ജുമൈലയുടെ 45 ദിവസം പ്രായമായ കുഞ്ഞ് എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ശബ്ദം കേട്ട് ഇവര്‍ ഉണര്‍ന്നപ്പോള്‍ വീട്ടിനുള്ളിലെ സാധനങ്ങളൊക്കെ തകര്‍ത്ത് പായുന്ന ആനക്കുട്ടിയെയാണ് കണ്ടത്. കുട്ടികളെയുമെടുത്ത് യാക്കൂബും കുടുംബാംഗങ്ങളും വീടിനു പുറത്തേക്ക് ഓടി. രക്ഷപ്പെടുന്നതിനിടെ കുട്ടിയാനയുടെ ശരീരം തട്ടി ജുമൈലക്ക് നിസാര പരുക്കേറ്റു. ഇതിനിടെ കുട്ടിയാനയെ തെരഞ്ഞെത്തിയ തള്ളയാനയും മറ്റ് ആനകളും ചേര്‍ന്ന് വീടിന്റെ മുന്‍വശത്തെ വാതിലും ചുമരും തകര്‍ത്ത് വീടിനകത്ത് കയറി.

ആനക്കൂട്ടത്തിന്റെ പരാക്രമത്തിനിടയില്‍ വീട്ടിലെ പാത്രങ്ങളും ഫര്‍ണിച്ചറുകളും ടിവിയും നശിച്ചു. യാക്കൂബിന്റെയും കുടുംബംഗങ്ങളുടെയും നിലവിളി കേട്ടെത്തിയ പരിസരവാസികളും വിവരമറിഞ്ഞെത്തിയ വനപാലകരും ചേര്‍ന്ന് പടക്കം പൊട്ടിച്ചാണ് ആനകളെ തുരത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News