‘എന്റെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു’; കന്നഡ ജനതയോട് സത്യരാജ്; ബാഹുബലി റിലീസ് പ്രതിസന്ധി മാറി

കാവേരി നദീ തര്‍ക്കത്തില്‍ ഒന്‍പത് വര്‍ഷം മുന്‍പ് നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ സത്യരാജ്. സത്യരാജ് കര്‍ണാടകത്തിലെ ജനങ്ങളോട് മാപ്പു പറഞ്ഞില്ലെങ്കില്‍ ബാഹുബലി രണ്ടാംഭാഗം സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ചിത്രം റിലീസ് ചെയ്യുന്ന ഏപ്രില്‍ 28ന് വിവിധ കന്നഡ സംഘടനകളുടെ നേതൃത്വത്തില്‍ ബന്ദിനും ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്നാണ് താരം നേരിട്ട് രംഗത്തെത്തിയത്.

‘കാവേരി വിഷയത്തില്‍ ഞാന്‍ നടത്തിയ പ്രസ്താവന ചിലരെ വേദനിപ്പിച്ചുവെന്നറിയാന്‍ കഴിഞ്ഞു. ഞാന്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്കെതിരല്ല. ബാഹുബലിയിലെ നിരവധി താരങ്ങളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒന്‍പത് വര്‍ഷം മുന്‍പുള്ള എന്റെ പരാമര്‍ശം മൊത്തത്തില്‍ ആ സിനിമയെ ബാധിക്കുന്നത് വേദനാ ജനകമാണ്. ഒന്‍പത് വര്‍ഷത്തിനുള്ളില്‍ മുപ്പതോളം ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചു. അതില്‍ ഒരുപാട് ചിത്രങ്ങള്‍ ഇവിടെ റിലീസ് ചെയ്തിട്ടുണ്ട്. കന്നട സിനിമകളിലും എന്നെ അവസരങ്ങള്‍ തേടിയെത്തി. എന്നാല്‍ തിരക്ക് മൂലം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഞാന്‍ ഒരാള്‍ കാരണം ബാഹുബലി പ്രതിസന്ധിയിലാകരുത്. എന്റെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു.’-സത്യരാജ് പറഞ്ഞു.

Sathyaraj

ഒരാള്‍ നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ സിനിമയെ ആക്രമിക്കുന്നത് അന്യായമാണെന്ന് സംവിധായകന്‍ രാജമൗലി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.ചിത്രം ഏപ്രില്‍ 28ന് പുറത്തിറങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here