ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സെൽഫി ഏതാണെന്നറിയാമോ? അത് ദാ ഇതാണ്; ഈഫൽ സെൽഫി; ഒരു യാത്രാനുഭവം - Kairalinewsonline.com
DontMiss

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സെൽഫി ഏതാണെന്നറിയാമോ? അത് ദാ ഇതാണ്; ഈഫൽ സെൽഫി; ഒരു യാത്രാനുഭവം

കെ.രാജേന്ദ്രൻ

‘ആരാണ് സെൽഫി കണ്ടുപിടിച്ചത്?’ ഈഫൽ ടവറിന്റെ നാലു പടുകൂറ്റൻ മുട്ടുകൾക്കിടയിൽ ടിക്കറ്റെടുക്കുന്നതിനായുളള നീണ്ടവരിയിൽ അക്ഷമനായി നിൽക്കവെ ചുവന്നു തുടുത്ത സുന്ദരിയായ സെർബിയക്കാരി സഞ്ചാരിക്ക് ഒരു സംശയം. ഉത്തരം ആർക്കും അറിയില്ല. തൊട്ടുപിന്നിലായി നിൽക്കുന്ന ഒരു ആഫ്രിക്കക്കാരൻ ഹ്രസ്വമായ വിശദീകരണം നൽകി. ‘ഇതൊന്നും ആരും കണ്ടുപിടിച്ചതല്ല. സ്വയം ഉരുത്തിരിഞ്ഞുണ്ടാകുന്ന ചില പ്രതിഭാസങ്ങളാണ്’. ‘അങ്ങനെതന്നെ’.

യൂറോപ്പിന്റെ സാംസ്‌കാരിക സ്തംഭമായ ഈഫൽ ടവർ എന്ന പടുകൂറ്റൻ ഗോപുരത്തിന് 324 മീറ്റർ ഉയരമുണ്ട്. 1889-ൽ ഗസ്റ്റേവ് ഈഫൽ എന്ന ആർക്കിടെക്ടിന്റെ നേതൃത്വത്തിലുളള അമ്പതോളം എഞ്ചിനീയർമാർ ചേർന്ന് നിർമ്മിച്ച ഈ ലോകാത്ഭുതം ഇന്നു ലോകത്തിലെ ഏറ്റവുമധികം സഞ്ചാരികളെ ആകർഷിക്കുന്ന ചരിത്ര സ്മാരകമാണ്. അതിലുമുപരി എല്ലാദിവസവും നൂറിലേറെ രാജ്യങ്ങളിലെ സഞ്ചാരികൾ സംഗമിക്കുന്ന ഏക കേന്ദ്രം എന്ന പ്രത്യേകതയും ഈഫൽ ടവറിനുണ്ട്.

Eafel 2

10,000 ടൺ ഭാരമുള്ള ഇരുമ്പ് സൗധത്തിനു കീഴിൽ യൂറോപ്പിന്റെ ആകാശവീക്ഷണം തേടി തടിച്ചു കൂടിയിരിക്കുന്നത് ആയിരങ്ങൾ. വിശ്വത്തിന്റെ പരിച്ഛേദം. ‘ലെറ്റസ് ഗോ…’ താഴെ നിന്ന് മേലോട്ട് യൂറോപ്പിന്റെ സൗന്ദര്യം തേടിയുളള യാത്ര ആറംഭിക്കാറായി. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ലിഫ്റ്റ് തയ്യാർ. യാത്രയ്ക്കായി ഒരു സഞ്ചാരി നൽകേണ്ടത് 18യൂറോ (1350ഇന്ത്യൻ രൂപ). താഴെ നിന്ന് മുകളിലോട്ടു പോയി തിരികെ വരാൻ ഒരു മണിക്കൂറോളം സമയമെടുക്കും. മുകളിലെ രണ്ടു പ്ലാറ്റ്‌ഫോമുകളിൽ ലിഫ്റ്റിനു സ്റ്റോപ്പുകൾ ഉണ്ട്. രണ്ടിടത്തും പുറത്തിറങ്ങി യൂറോപ്പിന്റെ സൗന്ദര്യം കൺകുളിർക്കെ കാണാം.

ഇരുപതംഗ സംഘത്തിന്റെ നേതൃത്വം സ്വമേധയാ സെർബിയക്കാരി സൊറാന റോസിം ഏറ്റെടുത്തു. ‘സെൽഫി കണ്ടുപിടിച്ചത് ആരാണെന്ന് നിങ്ങൾക്കറിയില്ല. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സെൽഫി ഏതാണെന്നു നിങ്ങൾക്കറിയാമോ?’ ഓസ്‌ട്രേലിയക്കാരൻ ആൽഫ്രഡ് മറുപടിക്കു പകരം ഒരു മറുചോദ്യം ചോദിച്ചു. ‘താങ്കൾ ഡോക്ടറേറ്റ് എടുത്തിരിക്കുന്നത് സെൽഫിയെക്കുറിച്ചുളള ഗവേഷണത്തിലാണോ?’ സൊറാന മാത്രമല്ല, ലിഫ്റ്റിലെ സഞ്ചാരികൾ മുഴുവൻ പൊട്ടിച്ചിരിച്ചു.

Eafel 5

സമയം നട്ടുച്ച. നല്ല തണുപ്പ്. ആൽപ്‌സ് പർവതനിരകളിൽ നിന്നുളള ശീതക്കാറ്റിൽ പാരിസ് നഗരം വിറയ്ക്കുകയാണ്. ശീതക്കാറ്റിനെ കീറിമുറിച്ച് മേലോട്ട് ഉയരവെ ഈഫൽ ലിഫ്റ്റിൽ സജീവമായത് സെൽഫി ചർച്ചകൾ തന്നെ. ചൈനക്കാരൻ ല്യൂ വൻമതിലിനെപ്പറ്റി വാചാലനായി. വൻമതിലിനോടു ചേർന്നുളള സൈച്വാൻ മേഖലയിൽ ഇപ്പോൾ ചില പുതിയ സമ്പ്രദായങ്ങൾ ഉണ്ടത്രെ. യുവമിഥുനങ്ങൾ പ്രണയത്തിലായാൽ നേരെ വൻമതിലിലെത്തും. പിന്നെ ഇരുവരും ചേർന്ന് ഒന്നാന്തരം ഒരു സെൽഫിയെടുക്കും. സെൽഫി ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും കണ്ടാൽ പിന്നെ കാത്തിരിക്കരുത്. വീട്ടുകാർ എത്രയും പെട്ടെന്ന് വിവാഹം നടത്തണം.

സെൽഫി ആചാരം ആരംഭിച്ചതിനു ശേഷം പ്രണയിക്കുന്നവരിൽ ഏറ്റവും കൂടുതൽ വിവാഹിതരാവുന്ന രാജ്യമായി ചൈന മാറിയത്രെ. അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടി സെൽഫി, ബ്രസീലിലെ ആമസോൺ സെൽഫി, ഗൾഫിലെ ബുർജ് ഖലീഫ സെൽഫി, നൈജീരിയയിലെ നൈഗർ സെൽഫി, റഷ്യയിലെ ലെനിൻഗ്രാഡ് സെൽഫി, ഇന്ത്യയിലെ താജ്മഹൽ സെൽഫി എന്നിങ്ങനെ സെൽഫി കഥകളിൽ അഭിരമിക്കുന്നതിനിടയിൽ ലിഫ്റ്റ് ആദ്യ സ്റ്റോപ്പിൽ നിർത്തി.

‘എല്ലാവരും പുറത്തിറങ്ങുക. അരമണിക്കൂറിനു ശേഷം ലിഫ്റ്റിൽ തിരിച്ചെത്തണം’. വാതിൽ തുറന്ന ഉടനെ സൊറാന സെൽഫിയെടുപ്പ് ആരംഭിച്ചു. ആദ്യം തനിച്ച്. പിന്നെ ഇഷ്ടപ്പെട്ട സഹയാത്രികരോടൊപ്പം. ആഹ്ലാദം അടക്കാനാവാതെ ഇടയ്ക്കിടെ വിളിച്ചുകൂവി; ‘ഇതാണ് ഈഫൽ സെൽഫി. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സെൽഫി’.

Eafel 1

പാരിസ് നഗരത്തിൽ നിന്ന് നൂറ്റമ്പതോളം മീറ്റർ ഉയരത്തിലെത്തിയപ്പോൾ തണുപ്പിന് കാഠിന്യമേറി. താഴെ തിരക്കേറിയതും എന്നാൽ അച്ചടക്കത്തിനു പുകൾപെറ്റതുമായ നഗരം ശാന്തമാണ്. അവധിദിനം ആഘോഷിക്കുന്നതിനായി നഗരത്തിന്റെ കണ്ണായ ‘പാരിസ് ഐ’യിലേക്ക് ഒഴുകുന്നവർക്കിടയിൽ എന്തോ അന്ധാളിപ്പ് ഉളളതുപോലെ തോന്നുന്നു. അടിക്കടിയുണ്ടായ ഭീകരാക്രമണങ്ങൾ ഫ്രഞ്ചുകാരെ ശരിക്കും നടുക്കിയിട്ടുണ്ട്. എങ്കിലും പാരിസ് സുന്ദരിയാണ്. മുകളിൽ നിന്ന് എങ്ങോട്ടു നോക്കിയാലും കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യം.

അകലെ ഗ്ലാഡിയോർ സ്ട്രീറ്റിലൂടെ ഒരുപ്രകടനം നീങ്ങുന്നു. ഒരുചുകപ്പൻ പ്രകടനം. എന്തൊക്കെയോ സംഭവിക്കാൻ പോകുന്നതിന്റെ സൂചനകൾ. ലോകത്തെ വൻ സാമ്പത്തിക ശക്തികളിലൊന്നായ ഫ്രാൻസിന്റെ തലസ്ഥാന നഗരിയിൽ എന്തിനാണ് തൊഴിൽ സമരം? ‘കോഡ്ഡി ട്രാവെയിൽ’. സംഘത്തിലെ ഏക ഫ്രഞ്ചുകാരനും ടൂറിസ്റ്റ് ഗൈഡുമായ അബീലിയോ ആണ് സംശയ നിവാരണം നടത്തിയത്.

Eafel 3

കോഡ്ഡി ട്രാവെയിൽ ഫ്രാൻസിലെ പുതിയ തൊഴിൽ നിയമമാണ്. പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെ കൊണ്ടുവന്ന
നിയമം. ‘ബോസസ് ലോ’ എന്ന പേരിൽ അറിയപ്പെടുന്ന നിയമപ്രകാരം തൊഴിലാളികളെ തൊഴിലുടമകൾക്ക് യഥേഷ്ടം
പിരിച്ചുവിടാം. നിയമത്തിനെതിരെ പാരിസ് സിറ്റി കോർപ്പറേഷനിലെ ശുചീകരണത്തൊഴിലാളികൾ മുതൽ പാരിസ്
എയർലൈൻസിലെ പൈലറ്റുകൾ വരെയുള്ളവരെല്ലാം സമരം തുടങ്ങാൻ പോവുകയാണ്. അബീലിയോ സമരത്തെക്കുറിച്ച് വിശദീകരിച്ചപ്പോൾ സൊറാന അസ്വസ്തയായി. ‘സമരം കാണാനല്ല യൂറോപ്പിന്റെ സൗന്ദര്യം കാണാനാണ് നമ്മൾ ഇവിടെ എത്തിയത്’.

രണ്ടാം നിലയിൽ നിന്ന് മുകളിലെ നിലയിലേക്കു പോകാനായി സംഘം വീണ്ടും ലിഫ്റ്റിൽ കയറി. അപ്പോ!ഴും
ഫ്രഞ്ചുകാരനായ അബീലിയോ കോഡ്ഡി ട്രാവെയിലിനെക്കുറിച്ചുളള വിവരണങ്ങൾ തുടർന്നു. ‘കോഡ്ഡി ട്രാവെയിൽ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇംഗ്ലണ്ടും ജർമ്മനിയും ബെൽജിയവുമെല്ലാം വൻ സാമ്പത്തിക ശക്തികളായി കുതിക്കുകയാണ്. തൊഴിലാളികളെ അലസൻമാരാക്കുന്ന നിയമങ്ങളുമായി മുന്നോട്ടുപോയാൽ ഫ്രാൻസ് മൂലയ്ക്കിരിക്കുകയേ ഉള്ളു.’ ഫ്രഞ്ചും ഇംഗ്ലീഷും കലർന്ന ഭാഷയിൽ അബീലിയോ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായി ആർക്കും മനസ്സിലായില്ല.

പക്ഷേ, എല്ലാം സശ്രദ്ധം കേൾക്കുന്ന ഒരാൾ ഉണ്ടായിരുന്നു. ലിഫ്റ്റ് ഓപ്പറേറ്റർ. അദ്ദേഹം തെല്ല് ക്ഷോഭത്തോടെ കയർത്തു. ‘പാരിസിനെ ഗ്രീസാക്കാൻ ഞങ്ങൾ അനുവദിക്കില്ല. കോഡ്ഡി ട്രാവെയിലുമായി ഗവൺമെന്റ് മുന്നോട്ടു പോയാൽ പാരിസ് നിശ്ചലമാകും. അധികം താമസിക്കാതെ ഈ ഈഫൽ ലിഫ്റ്റും നിലയ്ക്കും’. തർക്കം അവിടെ നിലച്ചു.

Eafel 4

പാരിസിന്റെ ആകാശം തണുത്ത് വിറയ്ക്കുകയാണ്. ഈഫൽ ലിഫ്റ്റ് ഒടുവിലത്തെ നിലയിലെത്തി. ലിഫ്റ്റിന്റെ വാതിലുകൾ തുറന്നത് കൊടുംതണുപ്പിലേക്കായിരുന്നു. നാലുപാടും ഫ്രാൻസിന്റെ വിദൂരക്കാഴ്ചകൾ. പതിനാലാം നൂറ്റാണ്ടിൽ പ്ലേഗിന്റെ പിടിയിലമർന്ന് ലക്ഷങ്ങൾ മരിച്ചുവീണ നഗരം തെല്ല് അഹങ്കാരത്തോടെയാണ് ഇന്നു തലയുയർത്തി നിൽക്കുന്നത്. എങ്ങനെ അഹങ്കരിക്കാതിരിക്കും? താഴെ മലകളും ഗ്രാമങ്ങളും കൃഷിയിടങ്ങളും താണ്ടി പാരിസ് നഗരത്തിലൂടെ ശാന്തമായി ഒഴുകുന്ന സെയിൽ നദി ഒരുകാലത്ത് ചോരപ്പുഴയായിരുന്നു.

ഫ്രഞ്ച് രാജകുടുംബത്തിന്റെ ഫ്യൂഡൽ വേട്ടയാടലുകളിൽ മനംമടുത്ത തൊഴിലാളികൾ 1871-ൽ കൂട്ടത്തോടെ തെരുവിലിറങ്ങി. നഗരഭരണം പിടിച്ചെടുത്തു. കോൺകോസ് ചത്വരത്തിൽ വെച്ച് ലൂയി പതിനാറാമനേയും പ്രഭുകുടുംബാംഗങ്ങളേയും തൂക്കിലേറ്റി. തൊഴിലാളികളുടെ വർധിത വീര്യം കണ്ടപ്പോൾ മാർക്‌സും ഏംഗൽസും ആവേശഭരിതരായി. അവർ ഉദ്‌ഘോഷിച്ചു. ‘ഇതാണ് തൊഴിലാളി വർഗ സർവാധിപത്യം’.

പക്ഷേ, ലോകത്തെ ആദ്യ വിപ്ലവഭരണകൂടത്തിന് മൂന്നു മാസത്തിലധികം ആയുസ്സ് ഉണ്ടായില്ല. നവഫാസിസ്റ്റുകൾ ഭരണം തിരിച്ചുപിടിച്ചു. ഈ തെരുവിലിട്ട് തൊഴിലാളികളെ കൂട്ടക്കശാപ്പ് ചെയ്തു. അതോടെ പാരിസ് കമ്യൂൺ വിസ്മൃതിയിലായി. അബീലിയോ എല്ലാവരോടും സെയിൽ നദിക്കപ്പുറത്തേക്ക് നോക്കാൻ പറഞ്ഞു. അങ്ങകലെയായി കുറെ പൗരാണിക ചത്വരങ്ങൾ. ‘ലോകത്തെ മാറ്റിമറിച്ച മസ്തിഷ്‌ക പ്രക്ഷാളനങ്ങൾ നടന്നത് ആ ചത്വരങ്ങളിലാണ്’. ചിത്രകാരൻമാരും ശിൽപികളും അഭിനേതാക്കളും തത്വചിന്തകരും കവികളും സമ്മേളിച്ചിരുന്ന ചത്വരങ്ങൾ.

Eafel 3

മുകളിൽ നിന്നു നോക്കുമ്പോൾ തീപ്പെട്ടിക്കൂടു പോലെ വളരെ ചെറുതാണ്. പക്ഷേ, മാർക്‌സിനേയും ഏംഗൽസിനേയും വോൾട്ടറേയും ഏണസ്റ്റ് ഹെമിംഗ്‌വേയേയും പിക്കാസോവിനേയും സൃഷ്ടിച്ചത് അവിടെ നടന്ന വലിയ ചർച്ചകളും വിശാല ചിന്തകളുമായിരുന്നു. ശീതക്കാറ്റിന്റെ തീക്ഷ്ണത കൂടി. സംഘാംഗങ്ങൾ തലങ്ങും വിലങ്ങും ഓടി നടന്ന് ഫോട്ടോകൾ എടുക്കുന്നതിനിടയിൽ മടങ്ങാനുളള അറിയിപ്പുമായി ലിഫ്റ്റിന്റെ വാതിൽ തുറന്നു.

മുകളിൽ നിന്ന് കീഴോട്ടുളള യാത്രയ്ക്കിടയിൽ അബീലിയോ ഈഫലിന്റെ അതിജീവനകഥകൾ പറയാൻ തുടങ്ങി. ‘രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്‌ലർ ജയിച്ചിരുന്നെങ്കിൽ ഈ യാത്ര നിങ്ങൾക്ക് സാധ്യമാകുമായിരുന്നില്ല. ഹിറ്റ്‌ലർ പാരിസ് പിടിച്ചടക്കുമെന്നു ഉറപ്പായപ്പോൾ അന്നത്തെ ഫ്രഞ്ച് പ്രതിരോധ സേന ഈഫൽ ടവറിന്റെ മുകളിലോട്ടുള്ള
എലിവേറ്ററിന്റെ കേബിളുകൾ മുറിച്ചിട്ടു. അതോടെ ടവറിനു മുകളിൽ ജർമ്മൻ പതാക ഉയർത്താനായെത്തിയ നാസിപ്പട പകച്ചു നിന്നു. 1710 അടികൾ നടന്നുകയറി ടവറിന് മുകളിൽ പതാക നാട്ടാനുളള ധൈര്യമോ ശേഷിയോ അവർക്ക് ഇല്ലായിരുന്നു.

ഹിറ്റ്‌ലർ അസൂയാലുവായി. ഈഫൽ ടവർ തകർക്കണമെന്ന് ഡൈട്രിച്ച് വൊൺ ചോൾടിസ് എന്ന സൈനിക ഉദ്യോഗസ്ഥനു നിർദേശം നൽകി. ജർമ്മനി തോൽക്കാൻ പോകുകയാണെന്നു തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥൻ ചിന്താക്കുഴപ്പത്തിലായി. അധികം താമസിക്കാതെ ഹിറ്റ്‌ലർ പട തോറ്റോടുകയും ഫ്രഞ്ചുകാർ ഈഫൽ ടവറിനു മുകളിൽ ഫ്രഞ്ച് പതാക നാട്ടുകയും ചെയ്തു.

ലിഫ്റ്റ് താഴെയെത്തിയപ്പോൾ കാണാനായതു മുകളിലേക്കു പോകാനായി വരിയിൽ നിൽക്കുന്ന വൻജനാവലിയെയാണ്. എല്ലാദിവസവും ഉച്ചതിരിഞ്ഞാൽ ഈഫലിനെ തേടിയെത്തുന്നവരുടെ തിരക്ക് കൂടും. സംഘം ലിഫ്റ്റിൽ നിന്ന് ഇറങ്ങവെ ലിഫ്റ്റ് ഓപ്പറേറ്റർ എല്ലാവരേയും ഒരുകാര്യം ഓർമ്മിപ്പിച്ചു; ‘ഈഫേൽ ടവർ ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മരണാർത്ഥമാണ് കെട്ടിയുയർത്തിയത്’. അദ്ദേഹത്തിന്റെ വാക്കുകൾക്ക് മുന്നറിയിപ്പിന്റെ ധ്വനിയുണ്ടായിരുന്നു. തൊഴിലാളികളെ ദ്രോഹിക്കുന്ന ‘ബോസസ് ‘നിയമവുമായി മുന്നോട്ടു പോയാൽ പ്രത്യാഘാതം ഗുരുതരമാവുമെന്ന സന്ദേശമുണ്ടായിരുന്നു.

സ്‌നേഹപ്രകടനങ്ങളോടെ വേർപരിയുന്നതിനിടയിൽ സെർബിയക്കാരി ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. ‘ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സെൽഫി നമ്മളെടുത്ത ഈഫൽ സെൽഫിയാണ്’

Eafel 1

(അബീലിയോ പറഞ്ഞത് അധികം താമസിക്കാതെ സംഭവിച്ചു. പുതിയ തൊഴിൽ നിയമങ്ങൾക്കെതിരെ 2016 ജൂണിൽ പാരിസിൽ വൻ തൊഴിൽ സമരം ആരംഭിച്ചു. 12 ലക്ഷത്തോളം തൊഴിലാളികൾ തെരുവിലിറങ്ങി. ഈഫൽ ടവറിലെ തൊഴിലാളികൾ പണിമുടക്കിയതിനെ തുടർന്ന് ജൂൺ 28ന് ഈഫൽ ടവർ നിശ്ചലമായി).

To Top