ജയലളിതയും ശശികലയും ഒന്നിച്ചുള്ള ആശുപത്രിയിലെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നു ശശികലയുടെ ബന്ധു; ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ജയാനന്ദ് - Kairalinewsonline.com
Latest

ജയലളിതയും ശശികലയും ഒന്നിച്ചുള്ള ആശുപത്രിയിലെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നു ശശികലയുടെ ബന്ധു; ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ജയാനന്ദ്

ചെന്നൈ: ജയലളിതയും ശശികലയും തമ്മിലുളള സമ്പർക്കത്തിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നു ശശികലയുടെ ബന്ധു ജയാനന്ദ് ദിവാകരൻ. ദൃശ്യങ്ങൾ പുറത്തെത്തിയാൽ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാകുമെന്നും ജയാനന്ദ് ദിവാകരൻ വ്യക്തമാക്കി. അണ്ണാ ഡിഎംകെയിലെ ആഭ്യന്തരകലഹം രൂക്ഷമാകുകയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായിരുന്ന ടിടിവി ദിനകരൻ ഉൾപ്പെടെ ശശികല കുടുംബത്തെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിലൂടെ ജയാനന്ദ് ദിവാകരന്റെ പ്രതികരണം.

ശശികലയുടെ സഹോദരപുത്രനാണ് ജയാനന്ദ്. ജയലളിതയുടെ അവസാന നാളുകളിലെ ആശുപത്രി ദൃശ്യങ്ങൾ പുറത്തു വിടുമെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ചിന്നമ്മ ജയലളിതയെ പരിചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് ഇരുവരും തമ്മിലുള്ള ബന്ധത്തെപ്പറ്റി മനസിലാകുമെന്നും ജയാനന്ദ് പോസ്റ്റിൽ കുറിച്ചു. എന്നാൽ വാർത്തയായതിനു പിന്നാലെ ഫേസ്ബുക്കിൽ നിന്നു പോസ്റ്റ് പിൻവലിച്ചു.

ജയലളിതയുടെ മരണത്തിൽ ശശികലയ്ക്കു പങ്കുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും നിരന്തരം ആവശ്യപ്പെടുന്ന ഒ.പനീർസെൽവത്തിനുള്ള മറുപടി കൂടിയാണ് ജയാനന്ദിന്റെ പുതിയ പോസ്റ്റെന്നാണ് വിലയിരുത്തുന്നത്. മരണത്തിലെ ദുരൂഹതകൾ ആദ്യം ഉന്നയിച്ചത് എഐഎഡിഎംകെ അംഗങ്ങളായ പിഎസ് പാണ്ഡ്യനും മനോജ് പാണ്ഡ്യനുമാണ്. ദൃശ്യങ്ങൾ പുറത്തെത്തിയാൽ ഇരുവർക്കും ഉത്തരമുണ്ടാകില്ലെന്നും പോസ്റ്റിൽ പറയുന്നു.

മരണം വരെ ജയലളിതയെ ശശികല അങ്ങേയറ്റം ആദരിച്ചിരുന്നു. ഉചിതമായ യാത്രയയപ്പുമാണ് ചിന്നമ്മ നൽകിയത്. എന്നാൽ, ഒപിഎസ് വോട്ട് പിടിക്കുകയെന്ന ലക്ഷ്യത്തോടെ ജയലളിതയെ ശവപ്പെട്ടിയിൽ കിടത്തി പരേഡ് നടത്തുകയായിരുന്നുവെന്ന് ജയാനന്ദ് വിമർശിച്ചു.

കൊലപാതകമെന്നു പലരും ആരോപിച്ചപ്പോഴും ജയലളിതയുടെ ചിത്രം ശശികലയോ ആശുപത്രി അധികൃതരോ പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വച്ചു ജയലളിത മരണമടഞ്ഞത്.

To Top