മലയാളികളുടെ പിന്തുണയോടെ ബ്രിട്ടണിൽ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി; മേയർ സ്ഥാനാർത്ഥിയായി ഗ്രഹാം സ്റ്റീവൻസൺ - Kairalinewsonline.com
DontMiss

മലയാളികളുടെ പിന്തുണയോടെ ബ്രിട്ടണിൽ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി; മേയർ സ്ഥാനാർത്ഥിയായി ഗ്രഹാം സ്റ്റീവൻസൺ

ലണ്ടൻ: മലയാളികളുടെ പിന്തുണയോടെ ബ്രിട്ടണിൽ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി. പ്രഥമ വെസ്റ്റ് മിഡ്‌ലാൻഡ് മേയർ തെരഞ്ഞെടുപ്പിലാണ് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഗ്രഹാം സ്റ്റീവൻസൻ മത്സരിക്കുന്നത്. ഗ്രഹാം സ്റ്റീവൻസന്റെ വിജയത്തിനായി ബ്രിട്ടണിലെ മലയാളികളും രംഗത്തിറങ്ങും. സ്റ്റീവൻസണിനെ പ്രദേശത്തെ മലയാളികൾ തങ്ങളുടെ വോട്ട് നൽകി വിജയിപ്പിക്കണം എന്ന് സമീക്ഷ സെൻട്രൽ കമ്മിറ്റി അഭ്യർത്ഥിച്ചു. സിപിഐഎമ്മിന്റെ യുകെ ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ മലയാളി വിഭാഗമാണ് സമീക്ഷ.

മെയ് നാലിനാണ് തെരഞ്ഞെടുപ്പ്. ബ്രിട്ടണിലെ സർക്കാരും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് കംബൈൻഡ് അതോറിറ്റിയുമായുണ്ടാക്കിയ അധികാര വികേന്ദ്രീകരണ കരാറിന്റെ ഭാഗമായാണ് മേയർ തെരഞ്ഞെടുപ്പ്. സ്റ്റീവൻസൺ അടക്കം ആറുപേരാണ് മത്സരരംഗത്തുണ്ട്. ആൻഡി സ്ട്രീറ്റ്‌സ് (കൺസർവേറ്റീവ് പാർടി), സിയോൺ സൈമൺ (ലേബർ പാർടി), പീറ്റ് ഡനെൽ (യുകെഐപി), ബവർലി നീൽസൻ (ലിബറൽ ഡമോക്രാറ്റ്‌സ്), ജെയിംസ് ബേൺ (ഗ്രീൻ പാർടി) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.

ട്രാവൽ ആൻഡ് ജനറൽ യൂണിയനിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച വ്യക്തിയാണ് ഗ്രഹാം സ്റ്റീവൻസൺ. ലോകസമാധാനത്തിനും സമത്വത്തിനും വേണ്ടിയാണ് വോട്ട് ചോദിക്കുന്നതെന്ന് ഗ്രഹാം സ്റ്റീവൻസൺ വ്യക്തമാക്കുന്നു. സമ്പന്ന വിഭാഗത്തിനു കൂടുതൽ നികുതി ഏർപ്പെടുത്തുകയും തൊഴിൽ എടുക്കുന്ന സാധാരണക്കാർക്ക് ഗണ്യമായ നികുതി ഇളവ് നൽകുകയും വേണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജയിച്ചാൽ പൊതുഗതാഗത നിരക്ക് പകുതിയായി കുറയ്ക്കുമെന്നും ഗ്രഹാം വാഗ്ദാനം ചെയ്യുന്നു.

ഗ്ലോബൽ യുണിയൻ ഫെഡറേഷന്റെ എക്‌സിക്യുട്ടീവ് ബോർഡ് അംഗവും മാനേജ്‌മെന്റ് കമ്മിറ്റി അംഗവുമാണ് ഗ്രഹാം സ്റ്റീവൻസൺ. അരിവാൾ ചുറ്റികയാണ് തെരഞ്ഞെടുപ്പ് ചിഹ്നം. ഗ്രഹാം സ്റ്റീവൻസണിന്റെ വിജയത്തിനായി വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ സ്‌ക്വാഡ് പ്രവർത്തനങ്ങൾക്കൊപ്പം മിഡ്‌ലാൻസ് മലയാളികൾക്കു വേണ്ടി മലയാളഭാഷയിൽ നോട്ടീസുകൾ വിതരണം ചെയ്യും.

To Top