മരണത്തെ മുഖാമുഖം കണ്ടൊരു വിമാനയാത്ര; എൻജിനു തീപിടിച്ച വിമാനത്തിൽ നിന്ന് 53 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മരണത്തെ മുഖാമുഖം കണ്ട് വിമാനയാത്ര നടത്തിയിട്ടുണ്ടോ? ഏതെങ്കിലും സാഹസിക കേന്ദ്രത്തിന്റെ കാര്യമല്ല പറഞ്ഞു വരുന്നത്. നൈജീരിയയിലെ പോർട്ട് ഹാർകോർട്ടിൽ നിന്ന് ലാഗോസിലേക്കു പറന്ന എയ്‌റോ കോൺട്രാക്ടേഴ്‌സ് വിമാനത്തിൽ 53 യാത്രക്കാർ യാത്ര ചെയ്തത് മരണത്തെ മുഖാമുഖം കണ്ടു കൊണ്ടായിരുന്നു. യാത്രക്കാരുടെ പരിഭ്രാന്തി നിറഞ്ഞ നിമിഷങ്ങളുടെ വീഡിയോ പുറത്തുവന്നു. എൻജിനു തീപിടിച്ചതിനെ തുടർന്ന് വിമാനത്തിനുള്ളിൽ പുക നിറയുകയും കരിഞ്ഞമണം പടരുകയുമായിരുന്നു. യാത്രക്കാർ ദൈവത്തെ വിളിച്ച് ഉച്ഛത്തിൽ പ്രാർത്ഥിക്കുന്നതും ഉറ്റവരെയോർത്തു കരയുന്നതും വീഡിയോയിൽ കാണാം.

ഏഴു മാസം പ്രായമുള്ള കുട്ടിയടക്കം 53 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പോർട്ട് ഹാർകോർട്ടിൽ നിന്ന് വിമാനം പറന്നുയർന്ന് 20 മിനുട്ടിനുള്ളിൽ തന്നെ ഒരു എൻജിനു തീപിടിക്കുകയായിരുന്നു. വിമാനത്തിൽ പുക നിറഞ്ഞതിനെ തുടർന്ന് സാങ്കേതിക സംവിധാനങ്ങളൊന്നും പ്രവർത്തിക്കാതായി. ഇതോടെ ഓക്‌സിജൻ മാസ്‌ക് വിതരണമടക്കം തടസ്സപ്പെട്ടു. ഇതോടെ നനഞ്ഞ കർചീഫുകൾകൊണ്ട് മൂക്കും വായയും മൂടാൻ പൈലറ്റും വിമാനജീവനക്കാരും യാത്രക്കാർക്ക് നിർദേശം നൽകിയെന്ന് വീഡിയോ പകർത്തിയ ഓരിയാക് വു ഓക് വെസിലീസ് പറഞ്ഞു.

പുക നിറഞ്ഞ വിമാനം 15 മിനിറ്റിലേറെ ആകാശത്ത് വട്ടമിട്ട ശേഷം അടിയന്തരമായി നിലത്തിറക്കാൻ പൈലറ്റിനും കോ പൈലറ്റിനും കഴിഞ്ഞു. ഏതു സാഹചര്യവും നേരിടാനുള്ള സംവിധാനങ്ങൾ വിമാനത്താവളത്തിലൊരുക്കിയിരുന്നു. വിമാനം പുറപ്പെടുന്നതിനു മുമ്പുള്ള പരിശോധനയിൽ തകരാറുകളൊന്നും കണ്ടെത്തിയിരുന്നില്ലെന്ന് വിമാന കമ്പനി വക്താവ് പറഞ്ഞു. പൈലറ്റിന്റെയും സഹപ്രവർത്തകരുടെയും പ്രൊഫഷണലിസത്തിന്റെ മികവു കൊണ്ടാണ് യാത്രക്കാർക്ക് അപകടമൊന്നുമില്ലാതെ വിമാനം സുരക്ഷിതമായി നിലത്തിറക്കാനായതെന്നും വക്താവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News