പീഡിപ്പിച്ചെന്നു പരാതിപ്പെട്ട യുവതിയെ യുവാവ് ഭാര്യയാക്കി; താലികെട്ടാനെത്തിയത് കൈവിലങ്ങുമായി

പീഡിപ്പിച്ചെന്നു പൊലീസിൽ പരാതി നൽകിയ യുവതിയെ തന്നെ യുവാവ് ഭാര്യയാക്കി. വിവാഹദിവസം താലികെട്ടാൻ യുവാവ് എത്തിയതാകട്ടെ വിലങ്ങണിഞ്ഞ നിലയിലും. കേട്ടിട്ട് സിനിമാ കഥയാണെന്നു തോന്നുന്നുണ്ടോ? എന്നാൽ, അല്ല സംഭവം സത്യമാണ്.

സിനിമാകഥയൊന്നുമല്ല. സംഭവം യാഥാർത്ഥ്യമാണ്. ജാർഖണ്ഡിലെ ധൻബാദിലാണ് അപൂർവ വിവാഹം അരങ്ങേറിയത്. ഓൾഡ് ബിഹാർ സ്വദേശിയും എൻജിനീയറുമായ 28കാരൻ റിതേഷ് കുമാറാണ് കഥയിലെ നായകൻ. 23 കാരി സുദീപ്തി കുമാരിയാണ് നായിക.

ഫേസ്ബുക്കിലൂടെ മൊട്ടിട്ട പ്രണയം പാതിവഴിയിൽ ഉപേക്ഷിച്ചതോടെയാണ് റിതേഷ് കുമാർ കഥയിലെ വില്ലനായി മാറിയത്. ദളിത് യുവതിയായ തന്നെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നും പീഡനത്തിന് ഇരയാക്കിയെന്നും ആരോപിച്ച് യുവതി പരാതി നൽകുകയായിരുന്നു. ഇതോടെ എസ്.സി ആക്ട് പ്രകാരം യുവാനെതിരെ പൊലീസ് കേസെടുത്ത് ജയിലിലാക്കി.

മാസങ്ങൾക്കു മുമ്പ് ബന്ധുക്കളെ അറിയിക്കാതെ യുവതിയും യുവാവും ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെങ്കിലും നാലാളെ അറിയിച്ച് വിവാഹം കഴിക്കണമെന്ന് സുദീപ്തി ആഗ്രഹം പ്രകടിപ്പിച്ചു. ഇതോടെ യുവാവ് പ്രണയത്തിൽ നിന്നു പിൻമാറി. തുർന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. അമ്മ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയതിനാൽ പിൻമാറുകയായിരുന്നെന്ന് റിതേഷ് പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി മുതലുളള ജയിൽ വാസത്തിനിടെ റിതേഷിനു മനംമാറ്റം ഉണ്ടാകുകയും വിവാഹത്തിനു സമ്മതം മൂളുകയുമായിരുന്നു. യുവതിയും വിവാഹത്തിനു സമ്മതിച്ചതോടെ ജ്യാമത്തിലിറങ്ങാൻ റിതേഷ് അപേക്ഷ നൽകി. എന്നാൽ ജ്യാമം നിഷധിച്ച കോടതി ജയിലിനുളളിൽ വിവാഹം നടത്താൻ പ്രത്യേക അനുമതി നൽകി.

റിതേഷ് വിലങ്ങണിഞ്ഞ് പൊലീസ് വാഹനത്തിലും സുദീപ്തി വീട്ടിൽ നിന്ന് കാറിലുമാണ് വിവാഹ വേദിയിലെത്തിയത്. അപൂർവ വിവാഹത്തിന് സാക്ഷിയാകാൻ ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നു. പ്രണയകഥയ്ക്ക് സിനിമകളെ പോലും വെല്ലുന്ന ക്ലൈമാക്‌സാണെങ്കിലും റിതേഷിന് ജയിലിന് പുറത്തെത്താൻ ഏറെ കടമ്പകൾ കടക്കേണ്ടതുണ്ട്. ബിഹാറിലെ കഹൽഗോൻ നാഷണൽ തെർമൽ പവർ സ്റ്റേഷനിലെ ജീവനക്കാരനാണ് റിതേഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News