സന്തോഷം കൊണ്ട് ഭൂകമ്പത്തെയും നേരിട്ട് തോൽപിക്കും; ഇതു ഭൂട്ടാൻകാരുടെ ആത്മവിശ്വാസമല്ല, അഹങ്കാരമാണ്

ഏപ്രിലിൽ ഇവിടെയും ജലാശയങ്ങളെ തരിശ് നിലങ്ങളാക്കുന്ന വേനൽ തന്നെയാണ്. എന്നാൽ ഇന്ത്യ-ഭൂട്ടാൻ അതിർത്തി നഗരമായ ജയഗയോണിൽ രാവിലെയും രാത്രിയിലും നല്ല തണുപ്പാണ്. ഒരു മതിൽക്കെട്ടിനപ്പുറത്തുളള ഫ്യൂൺട്‌ഷോലിംഗ് നഗരത്തിൽ നിന്നാണ് ഭൂട്ടാന്റെ തുടക്കം. ഇന്ത്യൻ അതിർത്തിയിലെ ജയഗയോൺ എന്ന ബംഗാളി നഗരം ജനനിബിഡവും മലിനവുമാണ്. അപ്പുറത്ത് ഭൂട്ടാനിലെ ഫ്യൂൺട്‌ഷോലിംഗ് ആവട്ടെ ശാന്തവും മനോഹരവും ശുചിത്വമുളളതും.

ഈ മാറ്റം അത്ഭുതപ്പെടുത്തി. വികസന കണക്കുകളിൽ ഭൂട്ടാനേക്കാൾ ഏറെ മുന്നിലാണ് ഇന്ത്യ. എന്നാൽ കൺമുന്നിൽ കാണുന്നത് വിപരീതദൃശ്യങ്ങൾ. ജയഗയോണിൽ ജനിച്ചു വളർന്ന ബംഗാളി മലയാളിയും മുഖ്യ വഴികാട്ടിയുമായ എബി ഉമ്മൻ തിരുത്താൻ ശ്രമിച്ചു.

‘കേരളത്തോളം വലുപ്പമുണ്ട് ഭൂട്ടാൻ. എന്നാൽ ജനസംഖ്യയാവട്ടെ വെറും ഏഴ് ലക്ഷവും. ഇന്ത്യയും പശ്ചിമബംഗാളും ജയഗോൺ നഗരവും പിടിച്ചാൽ കിട്ടാത്ത ജനസംഖ്യ കൊണ്ട് വലയുകയാണ്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് മാത്രമേ ഭൂട്ടാൻ അതിർത്തി കടക്കാവൂ.’

‍Bhuttan

അതിർത്തിക്കപ്പുറത്ത് വേറൊരു ലോകമാണ്. മലമ്പാതകളുടെ ഇരുവശത്തും പൈറിസ് ഫോർമോസ പുഷ്പങ്ങൾ പൂത്തുവിരിഞ്ഞു നിൽക്കുന്നു. ഹാ, ഖാസാ, പാരോ മലനിരകളിലെ ഓരോ തുരുത്തുകളിലും ബുദ്ധ പ്രബോധനങ്ങൾ കാറ്റിൽ പറത്തി മാലോകരെ ഉദ്ദരിക്കാനായി സ്ഥാപിച്ച കൊടി തോരണങ്ങൾ കാണാം. കളങ്കങ്ങൾ കഴുകിക്കളയുന്നതിനായി ബുദ്ധലാമകൾ സ്ഥാപിച്ച പ്രാർത്ഥനാ ചക്രങ്ങൾ ചെറിയ വെള്ളച്ചാട്ടങ്ങളിൽ കറങ്ങുന്നത് അത്ഭുതകാഴ്ചയാണ്.

അടുത്ത കാലത്താണ് ടിവിക്കും ഇന്റർനെറ്റിനും ഉണ്ടായിരുന്ന വിലക്കുകൾ പിൻവലിച്ച് ഭൂട്ടാന്റെ ജനവാതിലുകൾ പുറം ലോകത്തിനായി തുറന്നിട്ടത്. എങ്കിലും ഗ്രാമ-നഗര ഭേദമെന്യേ ഭവനങ്ങൾ ഇപ്പോഴും പരമ്പരാഗത ഡസോംഗ് ശൈലിയിൽ തന്നെ. തെരുവിലും ഓഫീസുകളിലും കാണുന്നവരാകട്ടെ ഡ്രിംഗ്ലാം നാംസാ എന്ന പേരിലറിയപ്പെടുന്ന പരമ്പരാഗത വസ്ത്രം ധരിച്ചിരിക്കുന്നു. കുത്തനെയുളള ഭീമൻ പാറക്കെട്ടിനുളളിൽ സ്ഥിതിചെയ്യുന്ന താക്ത്‌സാൻഗ് പൽഫ്യൂഗ് ആശ്രമ പരിസരത്തെത്തിയാൽ പിന്നെ ആശ്വാസത്തിന്റെ ശുദ്ധവായുവെന്ന് ഭൂട്ടാൻകാർ പറയുന്നു. പക്ഷേ, താക്ത്‌സാൻഗ് പൽഫ്യൂഗ് നേരിൽ കണ്ടപ്പോൾ ഉളളിൽ കത്തിയ വികാരം ഭയമാണ്. നല്ലൊരു ഭൂകമ്പം ഉണ്ടായാൽ ഈ പർവത നിരകൾക്കിടയിൽ പെട്ട് ബുദ്ധന്റെ നാട് ചതഞ്ഞരയില്ലേ?

‘ഒരിക്കലുമില്ല’. മറുപടി പറഞ്ഞത് ഭൂട്ടാനിലെ പ്രമുഖ പരിസ്ഥിതി മാധ്യമപ്രവർത്തകനും ബിസിനസ് ഭൂട്ടാന്റെ പത്രാധിപരുമായ താഷി ദോർജിയായിരുന്നു. ‘നിങ്ങൾ ഇന്ത്യക്കാർക്കുളളത് മൊത്ത ആഭ്യന്തര ഉൽപാദന സൂചികയും മൊത്ത സാമ്പത്തിക സൂചികയുമാണെങ്കിൽ ഞങ്ങൾ ഭൂട്ടാനുകാർക്കുളളത് മൊത്ത സന്തോഷ സൂചികയാണ്. ഏതു പ്രകൃതി ക്ഷോഭത്തേയും ഞങ്ങൾ ഉയർന്ന സന്തോഷ സൂചികകൊണ്ട് അതിജീവിക്കും.’

സന്തോഷ സൂചികയുടെ ചരിത്രം

‍Bhuttan 2

ഭൂട്ടാനിൽ ഇന്നും സമ്പൂർണ ജനാധിപത്യമില്ല. രാജാവിനു കീഴിൽ പ്രവർത്തിക്കുന്ന പാർലമെന്റും പ്രധാനമന്ത്രിയുടെ നേതൃത്ത്വത്തിലുള്ള പാവ മന്ത്രിസഭയും രാജാവിന് വീറ്റോ ചെയ്യാൻ അധികാരമുള്ള നോക്കുകുത്തികളാണ്. ഭൂട്ടാന്റെ ചരിത്രത്തിനു ബുദ്ധ മതത്തിന്റെ ഉത്ഭവത്തോളം പഴക്കമുണ്ട്. ടിബറ്റിലെ ബുദ്ധസന്യാസി നഗ്‌വാംഗ് നാംഗ്യാൽ 1616-ൽ ഭൂട്ടാനിലെത്തിയതോടെയാണ് ഈ ഭൂപ്രദേശത്ത് ബുദ്ധമത കേന്ദ്രീകൃതമായ ഏകീകകരണം ഉണ്ടാവുന്നത്.

നാട്ടുപ്രമാണിമാരെയെല്ലാം കീഴടക്കിയ നാംഗ്യാൽ ‘സാംബ്ഡ്രംസ്’ എന്ന വിശുദ്ധപദവിയിൽ ഉപവിഷ്ടമാവുന്നു. 1729-ൽ നാംഗ്യാൽ സന്തോഷ വിളംബരമെന്നു പുകൾപെറ്റ പ്രഖ്യാപനം നടത്തിയതായി ഭൂട്ടാനീസ് ബുദ്ധമത ഗ്രന്ഥങ്ങൾ പറയുന്നു.

‘ആത്യന്തിക ലക്ഷ്യം സന്തോഷമാവണം. സന്തോഷമുണ്ടായാൽ മാത്രമേ സ്വസ്ഥമായി ഉറങ്ങാൻ സാധിക്കൂ. സന്തോഷമെന്നാൽ പ്രകൃതിയാണ്. പ്രകൃതിയെ സംരക്ഷിച്ചാൽ സന്തോഷമുണ്ടാവും’. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വാംഗ്ച്യൂക്ക് രാജകുടുംബം അധികാരമേറ്റടുത്തതോടെയാണ് സന്തോഷ വിളംബരത്തിനു പുതിയ പുതിയ അർത്ഥതലമുണ്ടാവുന്നത്. രണ്ടു വരികൾ കൊണ്ട് ഭൂട്ടാന്റെ സന്തോഷ സിദ്ധാന്തത്തെ ആഗോളതലത്തിലേക്ക് ഉയർത്തിയത് മൂന്നാമത്തെ വാംഗ്ച്യൂക്ക് രാജാവ് സിംഗ്യെ വാംഗ്ച്യൂക്കിന്റെ ഒരു ക്ഷിപ്രപ്രസ്താവനയായിരുന്നു. 1979-ൽ ഹവാനയിൽ നടന്ന ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടി കഴിഞ്ഞ് മുബൈയിൽ മടങ്ങിയെത്തിയ രാജാവിനെ അവിചാരിതമായി പത്രപ്രവർത്തകർ പൊതിഞ്ഞു.

‘എത്രയാണ് ഭൂട്ടാന്റെ മൊത്ത ആഭ്യന്തര ഉൽപാദനം?’. രാജാവ് കുഴങ്ങി. പെട്ടെന്ന് ഉത്തരം കിട്ടിയില്ല. ഓർത്തത് ബുദ്ധസന്യാസി നഗ്‌വാംഗ് നാംഗ്യാലിന്റെ ‘സന്തോഷ’ സിദ്ധാന്തമായിരുന്നു. ‘ഞങ്ങൾക്ക് മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വിശ്വാസമില്ല. ഞങ്ങൾ വിശ്വസിക്കുന്നത് മൊത്ത ദേശീയ സന്തോഷത്തിലാണ്.’

തന്റെ പ്രസ്താവന ഇത്ര വലിയ സംഭവമാവുമെന്ന് സിംഗ്യെ വാംഗ്ച്യൂക്ക് പോലും കരുതിയിരുന്നില്ല. ലണ്ടനിൽ നിന്നു ഇറങ്ങിയിരുന്ന ഫിനാൻഷ്യൽ ടൈംസ് ഭൂട്ടാന്റെ മൊത്ത ദേശീയ സിദ്ധാന്തം വലിയ വാർത്തയാക്കി. വികസനത്തിനായി സോഷ്യലിസം വേണോ കമ്മ്യൂണിസം വേണോ മുതലാളിത്തം വേണോ എന്നതിനെക്കുറിച്ച് ലോകം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന കാലത്ത് ഒരു ഹിമാലയൻ കൊച്ചുരാജ്യം പ്രകൃത്യാധിഷ്ഠിത സന്തോഷത്തിലൂടെ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാറ്റാമെന്നു വാദിക്കുന്നു.

‍Bhuttan 1

ആഗോള ഉച്ചകോടികളിൽ ഭൂട്ടാന്റെ ആഹ്ലാദസിദ്ധാന്തം മുഴങ്ങി. സാമ്പത്തിക വളർച്ചയല്ല, ആഹ്ലാദകരമായ വളർച്ചയായിരിക്കണം വികസനത്തിന്റെ അടിസ്ഥാനമെന്ന സിദ്ധാന്തത്തെ കൂട്ടകയ്യടിയോടെയാണ് ലോകരാജ്യങ്ങൾ വരവേറ്റത്. 2004-ൽ തിമ്പുവിലും 2007-ൽ ബാങ്കോക്കിലും 2008-ൽ ബ്രസീലിലും വച്ച് ഭൂട്ടാൻ സർക്കാർ മുൻകൈയെടുത്ത് ആഗോള സന്തോഷ സംഗമങ്ങൾ സംഘടിപ്പിച്ചു. 2011 ജൂലൈയിൽ നടന്ന യുഎൻ സമ്മേളനത്തിൽ ഭൂട്ടാൻ പ്രതിനിധി മുന്നോട്ടു വച്ച ‘വികസനത്തിലേയ്ക്കുള്ള പാത സന്തോഷത്തിലൂടെ’ എന്ന പ്രമേയം യുഎൻ ഏകകണ്ഠമായി അംഗീകരിച്ചു. തൊട്ടുപിന്നാലെ മാർച്ച് 20 അന്താരാഷ്ട്ര ആഹ്ലാദദിനമായി യുഎൻ അംഗീകരിച്ചു.

തലസ്ഥാനമായ തിമ്പുവിലും വിമാനത്താവള നഗരമായ പാറോവിലും അതിർത്തി നഗരമായ ഫ്യൂൺട്‌ഷോലിംഗിലും കണ്ടുമുട്ടിയ സഞ്ചാരികളിൽ മിക്കവരും ജപ്പാൻ, കൊറിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുളളവരാണ്. ബുദ്ധവിചാരങ്ങളാണ് ഇവരെ ഭൂട്ടാനിലേക്കു ആകർഷിക്കുന്നത്. എന്നാൽ പാശ്ചാത്യരാജ്യങ്ങളിൽ നിന്നുമെത്തുന്ന സഞ്ചാരികളിലെ ഭൂട്ടാന്റെ സന്തോഷ സിദ്ധാന്തത്തെക്കുറിച്ച് പഠിക്കാനായി എത്തിയവരാണ്.

തിംമ്പുവിലെ ജാഫാസ് വാണിജ്യസമുച്ചയത്തിലാണ് മൊത്ത ദേശീയ സന്തോഷത്തിന്റെ ദേശീയ പഠനകേന്ദ്രം സ്ഥിതിചെയ്യുന്നത്. ഗവേഷകരും സഞ്ചാരികളും ഇവിടെയെത്തുന്നു. കേന്ദ്രം എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ.സാംഡു ഛേത്രിയുടെ നേതൃത്ത്വത്തിലുള്ള ‘സന്തോഷ’ വിദഗ്ധർ സംശയങ്ങൾ ദൂരീകരിക്കാൻ സജ്ജരായി ഇവിടെയിരിക്കുന്നുണ്ട്.

സന്തോഷം മിഥ്യയോ?

എന്തിനും ഏതിനും സന്തോഷത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുക്കുന്ന ഭൂട്ടാനിലെ ജനങ്ങൾ സത്യത്തിൽ സന്തുഷ്ടരാണോ? ഫ്യൂൺട്‌ഷോലിംഗിൽ നിന്ന് തിമ്പുവിലേക്കുള്ള യാത്രാമധ്യേ പ്രഭാതഭക്ഷണം കഴിച്ച ഹോട്ടലിൽ ഭക്ഷണം വിളമ്പി തന്നത് ഒരു പന്ത്രണ്ടു വയസ്സുകാരിയായിരുന്നു. പ്രസരിപ്പുളള സുന്ദരിയായ ഈ പെൺകുട്ടി സ്‌കൂളിൽ പോകുന്നില്ല. മാസം നാലായിരം രൂപയാണ് ശമ്പളം. നാഷണൽ ഹൈവേയിലെ അവസ്ഥ ഇതെങ്കിൽ ഒറ്റപ്പെട്ട ഗ്രാമങ്ങളിലെ പെൺകുട്ടികളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ? ഭൂട്ടാനിൽ വിദ്യാഭ്യാസവും ആരോഗ്യവും സൗജന്യമാണ്. എന്നാൽ ബഹുഭൂരിഭാഗത്തിനും നല്ല വിദ്യാഭ്യാസവും നല്ല ചികിത്സയും ലഭ്യമല്ല.

എല്ലാ വീടുകളിലും ഓഫീസുകളിലും കടകളിലുമെല്ലാം രാജാവിന്റെയും രാജ്ഞിയുടേയും ഫോട്ടോകൾ കാണാം. ആവശ്യത്തിനും അനാവശ്യത്തിനും ജനങ്ങൾ രാജാവിനെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. ദൈവത്തെ വാഴ്ത്തുന്നതു പോലെ. രാജ്യത്തിനുണ്ടാകുന്ന നേട്ടങ്ങൾക്കെല്ലാം (ക്രമസമാധാനം, പരിസ്ഥിതി സംരക്ഷണം, ട്രാഫിക്, കൃഷി, ജലവൈദ്യുതോൽപാദനം തുടങ്ങിയ മേഖലകളിൽ വൻമുന്നേറ്റമുണ്ടാക്കാൻ ഭൂട്ടാനായി) ഉത്തരവാദി രാജാവ്. രാജ്യത്തിനുണ്ടാകുന്ന തിരിച്ചടികൾക്കെല്ലാം കാരണക്കാരൻ ജനങ്ങൾ തെരെഞ്ഞെടുത്ത പ്രധാനമന്ത്രിയും.

തിംമ്പുവിലെ എല്ലാകെട്ടിടങ്ങൾക്കും മുകളിൽ വൃക്ഷലതാതികൾക്കു നടുവിൽ പ്രൗഢിയോടെ ഡെചെൻമോലിംഗ് രാജകൊട്ടാരം തലയുയർത്തി നിൽക്കുന്നു. രാജകൊട്ടാരത്തെ ഭയഭക്തി ബഹുമാനത്തോടെ ജനങ്ങൾ കാണുന്നു. ഭൂട്ടാൻ സർക്കാരും പാർലമെന്റും കൈക്കൊള്ളുന്ന ഏതു തീരുമാനവും റദ്ദാക്കാനുളള പരമാധികാരം രാജാവിനുണ്ട്. ‘ഇതെന്തു ജനാധിപത്യം?’ ഭുട്ടാനിലെ മാധ്യമപ്രവർത്തകർക്കിടയിൽ പെതുവെ പുരോഗമനവാദിയെന്നു ആറിയപ്പെടുന്ന താഷി ദോർജിക്കു പോലും ഈ ചോദ്യം ഇഷ്ടപ്പെട്ടില്ല.

‘ജനാധിപത്യം വേണ്ടെന്ന് ഞങ്ങൾ ഏകസ്വരത്തിൽ രാജാവിനോടു പലതവണ പറഞ്ഞതാണ്. പക്ഷേ, അദ്ദേഹം കേട്ടില്ല. തെരെഞ്ഞടുപ്പ് നടത്താൻ രാജാവ് സ്വമേധയാ തയ്യാറായതാണ്’.

സന്തോഷ സിദ്ധാന്തം കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന രാജാവ് മൂന്നു പേരെ ഭയക്കുന്നു. പത്രപ്രവർത്തകർ, ക്രിസ്ത്യൻ സഭകൾ, കമ്യൂണിസ്റ്റുകാർ എന്നിവരെയാണ് രാജാവിനു ഭയം. പത്രപ്രവർത്തകനെന്ന സ്വത്വം മറച്ചുവച്ച് അധ്യാപകനാണെന്നു അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് ലേഖകൻ ഭൂട്ടാനിൽ പ്രവേശിക്കാനുള്ള ലൈസൻസ് തേടിയത്. ക്രിസ്ത്യൻ മിഷണിമാർ പ്രവർത്തിച്ചാൽ ഔദ്യോഗികമതമായ ബുദ്ധമതം നാമാവശേഷമാകുമെന്ന ആശങ്ക വ്യാപകമാണ്. കമ്മ്യൂണിസ്റ്റുകാർ ഭൂട്ടാനിലെത്തിയാൽ നേപ്പാൾ രാജഭരണത്തിനുണ്ടായ ദയനീയപതനം ഇവിടെയും ഉണ്ടായേക്കുമെന്ന ആധിയും കൊട്ടാരത്തിനുണ്ട്.

‘ജനാധിപത്യത്തെ അംഗീകരിക്കാത്ത സന്തോഷസിദ്ധാന്തം വികസനം പ്രദാനം ചെയ്യുമോ?’. പരസ്യമായി ‘ഉവ്വ്’ എന്ന മറുപടി പറയുന്നവരുടെ മുഖത്ത് കാണാനായത് അടക്കിപ്പിടിച്ച കള്ളച്ചിരി.

ഭൂമിയുടെ സന്തോഷം

‘ഭൂമിയുടെ സന്തോഷമാണ് യഥാർത്ഥ സന്തോഷം’. ഈ സിദ്ധാന്തം മുന്നോട്ടുവെച്ചത് ഹാപ്പിനസ് സെന്റർ ഡറക്ടർ ഡോ.സാംഡു ഛേത്രി. യാത്രയിലുടനീളം ഭൂട്ടാന്റെ സന്തോഷസിദ്ധാന്തത്തെ വിമർശനാത്മകമായി നേരിടാനാണ് ശ്രമിച്ചത്. പക്ഷേ, നെല്ലും ഉരുളക്കിഴങ്ങും വിളയുന്ന സമതലങ്ങളിൽ ഭൂമിയുടെ സന്തോഷത്തുടിപ്പും വനാന്തരങ്ങളിൽ പ്രകൃതിയുടെ നിശ്ശബ്ദസംഗീതവും കേൾക്കാനായി. ഇന്ത്യയിലേതുപോലെ വനങ്ങളുടെ ഹൃദയം കീറിമുറിച്ചുളള പാറ ഖനനമോ മലയിടിച്ചുള്ള മണ്ണ് കടത്തലോ ഇവിടെയില്ല. ഭൂട്ടാനിലെ ഭൂവിസ്തൃതിയുടെ 60% വനഭൂമിയായി നിലനിർത്തണമെന്ന് നിയമം നിഷ്‌കർഷിക്കുന്നുണ്ട്. എന്നാൽ 10% അധികം അഥവാ ഭൂട്ടാന്റെ 70% നിബിഡവനമാണ്.

‍Bhuttan 3

നാടായാലും കാടായാലും മരം മുറിക്കുന്നതിന് ലോകത്ത് ഏറ്റവും കർശനനിയന്ത്രണമുള്ള രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. വീട് നിർമ്മിക്കാനായി മരം മുറിക്കാം. പക്ഷേ, പകരം പുതിയ വൃക്ഷത്തൈകൾ നടണം. കണ്ണിൽ പൊടിയിടാനുള്ള കാട്ടിക്കൂട്ടലുകളൊന്നും ഇവിടെ നടക്കില്ല. വീടുകൾ പ്രകൃതിദത്തമാകണമെന്നതാണ് മറ്റൊരു നിഷ്‌കർഷ. സിമന്റും ഇരുമ്പ് കമ്പിയും ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. മുളയും മരത്തടികളുമാണ് വീട് നിർമ്മിക്കുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്നത്.

വസ്തുക്കളുടെ കാര്യത്തിൽ മാത്രമല്ല, വാസ്തുവിദ്യയിലും നിഷ്‌കർഷയുണ്ട്. ബുദ്ധലാമയും ഭൂട്ടാന്റെ സൃഷ്ടാവെന്നു അറിയപ്പടുന്ന നഗ്‌വാംഗ് നാംഗ്യാൽ 18-ാം നൂറ്റാണ്ടിൽ രൂപകൽപന ചെയ്ത ഡസോംഗ് വാസ്തുവിദ്യയിൽ തന്നെ കെട്ടിടങ്ങൾ നിർമ്മിക്കണം. തിമ്പുവിൽ താജ് ഹോട്ടലും ലീ മെറിഡിയനുമുണ്ട്. രണ്ടും നിർമ്മിച്ചിരിക്കുന്നത് ഡസോംഗ് വാസ്തുവിദ്യയിൽ തന്നെ.

‘ഒരു വീട് നിർമ്മിക്കുമ്പോൾ വിസ്തീർണത്തെക്കുറിച്ചോ മുറികളുടെ എണ്ണത്തെക്കുറിച്ചോ അല്ല ഞങ്ങൾ ആദ്യം ആലോചിക്കുക. ഞങ്ങൾ ചിന്തിക്കുക ഭിത്തികളിൽ വരക്കേണ്ട ചിത്രങ്ങളെക്കുറിച്ചും കവാടത്തിലെ കൊത്തുപണികളെക്കുറിച്ചുമാണ്’.

പരിസ്ഥിതി സംരക്ഷണത്തോടുള്ള ഭൂട്ടാൻകാരുടെ ആത്മാർത്ഥതയുടെ ദൃഷ്ടാന്തമാണ് പാരോവിൽ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളം. ച്യൂ നദീതീരത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിനു രണ്ടു പ്രത്യേകതകളുണ്ട്. ലോകത്തെ ഏറ്റവും മനോഹരവും നിലത്തിറക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളതുമായ വിമാനത്താവളമാണിത്. വിമാനത്താവളം മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്നു. മലകളും റൺവേയും തമ്മിലുളള അകലം വളരെ കുറവ്. ഇത്തിരി ശ്രദ്ധനതെറ്റിയാൽ വിമാനം നിലംപൊത്തും.

‍Bhuttan 1

ലാൻഡിംഗ് സമയത്ത് പൈലറ്റുമാരുടെ ശ്രദ്ധ തെറ്റാതിരിക്കിക്കാനായി വിമാനത്താവളത്തോടു ചേർന്നുള്ള റോഡുകളെല്ലാം അടയ്ക്കും. ലോകത്ത് എട്ടു പൈലറ്റുമാർക്കു മാത്രമേ പാരോ വിമാനത്താവളത്തിൽ വിമാനമിറക്കാൻ ലൈസൻസുള്ളു. കാലാവസ്ഥ അനുയോജ്യമായാൽ മാത്രമേ വിമാനത്താവളത്തിൽ സർവീസ് ഉണ്ടാവൂ. മിക്ക ദിവസവും മൂടൽമഞ്ഞോ മഴയോ ഉണ്ടാവും. അങ്ങനെയെങ്കിൽ പശ്ചിമബംഗാളിലെ സിലുഗുരിയിൽ വിമാനമിറങ്ങി യാത്രക്കാർ റോഡ് മാർഗം ഭൂട്ടാനിലെത്തും.

പാരോ വിമാനത്താവളം നവീകരിച്ചാൽ ഈ പ്രശ്‌നങ്ങളെല്ലാം തീരും. എന്നാൽ വിമാനത്താവളം നവീകരിക്കണമെങ്കിൽ ചുറ്റുവട്ടത്തുളള മലകൾ ഇടിച്ചു നിരത്തണം. വനഭുമിയും വൃക്ഷങ്ങളും നശിപ്പിക്കേണ്ടിവരും. പരിസ്ഥിതിയുടെ സംതുലിതാവസ്ഥ സംരക്ഷിക്കുന്നതിനായുള്ള വനഭൂമി ആവശ്യത്തിലുമധികമുണ്ടെങ്കിലും മരം മുറിച്ചോ മലനിരത്തിയോ ഉള്ള വിമാത്താവള നവീകരണം വേണ്ടെന്ന ഉറച്ച നിലപാടിലാണ് ഭൂട്ടാൻ സർക്കാർ. മലയിടിക്കുന്നതും മരം മുറിക്കുന്നതുമെല്ലാം ഭൂട്ടാനുകാരുടെ പുകൾപെറ്റ സന്തോഷ സിദ്ധാന്തത്തിനെതിരാണ്.

ഭൂട്ടാനിൽ ഇപ്പോൾ സന്തോഷ സർവേ നടന്നു കൊണ്ടിരിക്കുകയാണ്. ചോദ്യാവലിയിൽ മൂന്നിലൊന്നു പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവയാണ്. പരിസ്ഥിതിയെ സംരക്ഷിച്ചാൽ യഥാർത്ഥ സന്തോഷമുണ്ടാകും. മരം മുറിക്കുന്നതിലും മോടി കുറച്ച് വീട് നിർമ്മിക്കുന്നതിലും മലയിടിച്ച് വിമാനത്താവളം നവീകരിക്കേണ്ടെന്നു തീരിമാനിക്കുന്നതിലും ഭൂട്ടാനുകാർ സന്തോഷം കണ്ടെത്തുന്നു. ഈ സന്തോഷത്തിലുടെ ഏതു ഭൂകമ്പത്തേയും നേരിടാൻ നഗ്‌വാംഗ് നാംഗ്യാലിന്റെ പിൻഗാമികൾ എന്നേ തയ്യാറെടുത്തു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here