ഡെൽഹിയെ എറിഞ്ഞു വീഴ്ത്തി മുംബൈയുടെ തേരോട്ടം; ജയം 14 റൺസിന്; ഡെൽഹിയെ എറിഞ്ഞൊതുക്കിയത് മക്ലീനഗനും ബൂമ്രയും

മുംബൈ: ഡെൽഹിയെ എറിഞ്ഞു വീഴ്ത്തി സ്വന്തം തട്ടകത്തിൽ മുംബൈ ഒരിക്കൽ കൂടി കരുത്ത് കാട്ടി. മിച്ചൽ മക്ലീനഗനും ജസ്പ്രീത് ബൂമ്രയും പന്തുകൊണ്ട് താണ്ഡവമാടിയ മത്സരത്തിൽ മുംബൈ നേടിയത് തുടർച്ചയായ ആറാം ജയവും. 143 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡെൽഹിയെ ബൂമ്രയും മക്ലീനഗനും 128 റൺസിൽ ചുരുട്ടിക്കെട്ടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ടു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു.

തകർച്ചയോടെയായിരുന്നു ഡെൽഹിയുടെ തുടക്കം. സ്‌കോർ ബോർഡിൽ ഒരു റൺസ് മാത്രം ഉള്ളപ്പോൾ ഓപ്പണർ ആദിത്യ തരെ റൺഔട്ടായി മടങ്ങി. പൂജ്യമായിരുന്നു തരെയുടെ സമ്പാദ്യം. തൊട്ടുപിന്നാലെ 9 റൺസെടുത്ത സഞ്ജുവും മടങ്ങി. പിന്നീടൊരു ഘോഷയാത്രയായിരുന്നു. മധ്യനിര അമ്പേ തകർന്നടിഞ്ഞു. കരുൺ നായർ (5), ശ്രേയസ് അയ്യർ (6), കൊറി ആൻഡേഴ്‌സൺ (0), റിഷഭ് പന്ത് (0) എന്നിവർ വന്ന വഴിയെ തിരിച്ചു പോയി.

കാഗിസോ റബാഡയുടെയും ക്രിസ് മോറിസിന്റെ അർധ സെഞ്ച്വറി പ്രകടനവും ഇല്ലായിരുന്നെങ്കിൽ ഡെൽഹിയുടെ അവസ്ഥ മറ്റൊന്നായേനെ. റബാഡ 44 റൺസെടുത്തു. മോറിസ് 52 റൺസുമായി പുറത്താകാതെ നിന്നു. എന്നിട്ടും 128 റൺസിൽ ഒതുങ്ങാനായിരുന്നു ഡെൽഹിയുടെ വിധി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈക്കും തുടക്കം ശുഭകരമായിരുന്നില്ല. തുടക്കത്തിൽ തന്നെ 8 റൺസെടുത്ത ഓപ്പണർ പാർത്ഥിവ് പട്ടേലിന്റെ വിക്കറ്റ് നഷ്ടമായി. 28 റൺസെടുത്ത ജോസ് ബട്ട്‌ലറെ സഞ്ജു സാംസൺ റൺഔട്ടാക്കി. നിധീഷ് റാണയും (8), രോഹിത് ശർമയും (5) നിലയുറപ്പിക്കുന്നതിനു മുന്നേ മടങ്ങി. 26 റൺസെടുത്ത കരൺ പൊള്ളാർഡും 17 റൺസെടുത്ത ക്രുണാൽ പാണ്ഡ്യയും 24 റൺസെടുത്ത ഹർദിക് പാണ്ഡ്യയും ചേർന്നാണ് മുംബൈ ഇന്നിംഗ്‌സ് 142 റൺസിൽ എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News