മോദി ചുവന്ന ബീക്കൺ നിരോധിച്ചത് ആഘോഷിക്കുന്നവർ മണിക് സർക്കാരിനെ അറിയണം; 19 വർഷമായി ത്രിപുരയിൽ ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നില്ല

ദില്ലി: മോദി ചുവന്ന ബീക്കൺ ലൈറ്റ് നിരോധിച്ചതിനെ ആഘോഷമാക്കുകയാണ് ഇപ്പോൾ എല്ലാവരും. ഗംഭീര തീരുമാനം എന്നു പ്രശംസിച്ചവർ അറിയണം മോദി ആരെയാണ് മാതൃകയാക്കിയതെന്ന്. 19 വർഷമായി മണിക് സർക്കാരിന്റെ ത്രിപുരയിൽ ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. വിഐപി സംസ്‌കാരം ഒഴിവാക്കാനെന്നു ഊറ്റം കൊള്ളുന്ന ബിജെപിയും തങ്ങളെ കോപ്പിയടിച്ചതാണ് മോദി എന്നു വാദിക്കുന്ന ആം ആദ്മിയും അറിയാതെ പോകുന്നതും അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാതെ ഭാവിക്കുന്നതും ഈ യാഥാർത്ഥ്യം തന്നെയാണ്.

19 വർഷങ്ങൾക്കു മുമ്പാണ് വിപ്ലവകരമായ ആ തീരുമാനം ത്രിപുരയിലെ മണിക് സർക്കാരിന്റെ ഗവൺമെന്റ് എടുക്കുന്നത്. അന്നു പക്ഷേ അഭിനന്ദിക്കാൻ ട്വിറ്ററോ ഫേസ്ബുക്കോ ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ 1998-ലെ മണിക് സർക്കാർ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യത്തെ തീരുമാനം ഇത്ര വലിയ ആഘോഷമുണ്ടാക്കാതെ കടന്നു പോയി. മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ തുടങ്ങി ഭരണതലത്തിലും സർക്കാർ തലത്തിലുള്ള മറ്റുള്ളവരും വാഹനങ്ങളിൽ ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കേണ്ടതില്ലെന്നായിരുന്നു ആ തീരുമാനം. ഈ വിപ്ലവകരമായ തീരുമാനത്തിനു ഇന്നും ഒരു അനക്കവും തട്ടിയിട്ടുമില്ല.

ഇത്തരം വിപ്ലവകരമായ തീരുമാനങ്ങൾ കൊണ്ടൊക്കെ തന്നെയാണ് ഇന്നും ത്രിപുര മണിക് സർക്കാർ എന്ന കമ്മ്യൂണിസ്റ്റ് ഭരിക്കുന്നതും. ജനങ്ങൾക്കൊപ്പം അവർക്കിടയിൽ ജീവിക്കുന്ന മണിക് സർക്കാർ എന്ന കമ്മ്യൂണിസ്റ്റ് ഈ തീരുമാനം നടപ്പാക്കിയില്ലെങ്കിൽ പിന്നെ ആരു നടപ്പാക്കും എന്നാകും മണിക് സർക്കാർ ആരാധകരുടെ ചോദ്യവും. ഇന്ത്യയിൽ തന്നെ ഇത്തരമൊരു വിപ്ലവ തീരുമാനം കൈക്കൊണ്ട ആദ്യത്തെ സംസ്ഥാനവും ത്രിപുര തന്നെയാകും എന്ന കാര്യത്തിൽ തർക്കമില്ല. സർക്കാരും മന്ത്രിമാരും ഉദ്യോഗസ്ഥരും സാധാരണക്കാരിൽ നിന്നു വ്യത്യസ്തരല്ലെന്ന തോന്നലുണ്ടാക്കുന്നതിന്റെ ഭാഗമായിരുന്നു ഇതെന്നു മണിക്ദാ ഇന്നും പറയുന്നു.

അതുതന്നെയാണ് ത്രിപുര ഡെപ്യൂട്ടി സ്പീക്കർ പബിത കർ ചോദിക്കുന്നത്. ഞങ്ങൾ ജനങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഞങ്ങളാരും വിഐപികളല്ല. കേന്ദ്രം ഇപ്പോൾ കൊട്ടിഘോഷിക്കുന്ന കാര്യം രണ്ടു ദശാബ്ദങ്ങൾക്കു മുമ്പേ ഞങ്ങൾ നടപ്പാക്കി കാണിച്ചിട്ടുള്ളതാണ്. അല്ലെങ്കിൽ തന്നെ എന്തിനാണ് ബീക്കൺ ലൈറ്റുകൾ? മന്ത്രിമാരും സാധാരണക്കാരാണെന്നും പബിത കർ ചോദിക്കുന്നു. പ്രതിപക്ഷം പോലും ത്രിപുരയുടെ ഈ തീരുമാനത്തിനൊപ്പം നിൽക്കുന്നു.

സുപ്രീംകോടതി നിർദേശത്തിന്റെ ചുവട് പിടിച്ചാണ് കേന്ദ്രമന്ത്രിസഭ ചുവന്ന ബീക്കൺ ലൈറ്റ് നിരോധിക്കാൻ തീരുമാനിച്ചത്. മെയ് ഒന്നു മുതൽ തീരുമാനം നടപ്പിലാകും. പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കമുള്ളവർക്കും തീരുമാനം ബാധകമാണ്. വിഐപി സംസ്‌കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാൽ, മുമ്പ് തന്നെ അരവിന്ദ് കെജ്‌രിവാൾ നടപ്പിലാക്കിയ ആശയം കോപ്പിയടിക്കുകയാണ് കേന്ദ്രം ചെയ്തതെന്ന് പറഞ്ഞ് ആം ആദ്മി പാർട്ടിയും രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here