സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്; ഒരുവർഷം കൊണ്ട് രജിസ്റ്റർ ചെയ്തത് ഏഴു ലക്ഷത്തിലേറെ കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ വൻ വർധനവ്. ഏഴു ലക്ഷത്തിലേറെ കേസുകളാണ് ഒരു വർഷം കേരള പൊലീസ് രജിസ്റ്റർ ചെയ്തത്. രാജ്യത്ത രജിസ്റ്റർ ചെയ്യുന്ന മൊത്തം കേസുകളിൽ 10 ശതമാനവും സംസ്ഥാനത്താണ്. ഓരോ പൊലീസ് സ്റ്റേഷനിലും ആയിരത്തിലേറെ കേസുകളാണ് പ്രതിവർഷം അന്വേഷിക്കുന്നത്.

ഇന്ത്യയിലാകെ 75 ലക്ഷം കേസുകളാണ് ഒരു വർഷം പൊലീസ് രജിസ്റ്റർ ചെയ്യുന്നത്. ഇതിൽ ഏഴു ലക്ഷത്തി മുപ്പതിനായിരം കേസുകൾ കേരളത്തിലാണ്. അതായത് ജനസംഖ്യയിൽ രണ്ടര ശതമാനം മാത്രമുള്ള കേരളത്തിലാണ് രാജ്യത്തെ പത്തു ശതമാനം കേസുകളും. ഉത്തർപ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങളിൽ ഇത് രണ്ടര ശതമാനം മാത്രമാണ്. സ്വതന്ത്രമായും നിർഭയമായും പരാതി നൽകാനും കേസുകൾ രജിസ്റ്റർ ചെയ്യാനും കേരളത്തിലുള്ള സൗകര്യമാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളിൽ 90 ശതമാനത്തിലും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്നുമുണ്ട്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കുറ്റപത്രം നൽകിയതിൽ ശിക്ഷ ലഭിക്കുന്നത് ദേശീയതലത്തിൽ 45 ശതമാനം കേസുകൾക്കു മാത്രമാണ്. എന്നാൽ കേരളത്തിലിത് 79 ശതമാനമാണ്. സിബിഐയുടേത് 68 ശതമാനം മാത്രവും.

സൈബർ കുറ്റകൃത്യങ്ങളടക്കം അടുത്തിടെയുണ്ടായ പ്രധാന കേസുകളിലെല്ലാം ദിവസങ്ങൾക്കകം പ്രതികളെ പിടികൂടാൻ കേരള പൊലീസിനു സാധിച്ചു. ഓരോ പൊലീസ് സ്റ്റേഷനിലും 1,000 മുതൽ 1,200 കേസുകളാണ് പ്രതിവർഷം അന്വേഷിക്കേണ്ടി വരുന്നത്. ജനസംഖ്യാനുപാതികമായി ആവശ്യത്തിന് പൊലീസുകാരില്ലെന്ന പരിമിതി മറികടന്നാണ് ഈ പ്രവർത്തനം.

ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം തുടങ്ങിയവയ്ക്കിടെയാണ് ഇത്. പരമാവധി 40 പേരാണ് ഓരോ പൊലീസ് സ്റ്റേഷനിലും 24 മണിക്കൂർ ഡ്യൂട്ടിക്കായുള്ള അംഗബലം. കേസ് രജിസ്റ്റർ ചെയ്യുന്നതിലെയും ശിക്ഷ നൽകുന്നതിലെയും ഉയർന്ന നിരക്ക് കേരള പൊലീസിന്റെ അന്വേഷണ മികവിന്റെയും മികച്ച പ്രവർത്തനത്തിന്റെയും തെളിവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News