ഝാര്‍ഖണ്ഡില്‍ പശുക്കള്‍ക്കും ആധാര്‍; നമ്പര്‍ നല്‍കിയത് 12,000 പശുക്കള്‍ക്ക്

റാഞ്ചി: അനധികൃത കന്നുകാലി കടത്തും കശാപ്പും തടയുന്നതിന്റെ ഭാഗമായി ഝാര്‍ഖണ്ഡില്‍ പശുക്കള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ഏര്‍പ്പെടുത്തി. 12,000 പശുക്കള്‍ക്ക് ഇത്തരത്തില്‍ ടാഗ് കെട്ടി കഴിഞ്ഞു. 12 അക്ക നമ്പറാണ് നല്‍കുന്നത്. ആധാര്‍ കാര്‍ഡിന് സമാനമായ നമ്പര്‍ ഉള്‍പ്പെടുത്തിയ ടാഗ് പശുക്കളുടെ ചെവിയിലാണ് കെട്ടിയിരിക്കുന്നത്. കന്നുകാലികളുടെ പ്രായം, ഉയരം, നിറം, കൊമ്പ് വാല് തുടങ്ങിയവ സംബന്ധിച്ച് കാര്‍ഡില്‍ രേഖപ്പെടുത്തും.

കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്ക്് ഫോര്‍ അനിമല്‍ പ്രൊഡക്റ്റിവിറ്റി ആന്‍ഡ് ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമാണിത്. ഝാര്‍ഖണ്ഡ് സ്റ്റേറ്റ് ഇംപ്ലിമെന്റ് ഏജന്‍സി ഫോര്‍ കാറ്റില്‍ ആന്‍ഡ് ബഫല്ലോ (ജെഎസ്്‌ഐഎസിബി) വിഭാഗമാണ് ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. റാഞ്ചി, ഹസാരിബാഗ്, ധന്‍ബാദ്, ബൊക്കാറോ, ജംഷഡ്പൂര്‍, ദിയോഗഡ്, ഗിരിധി, ലൊഹാര്‍ദാഗ എന്നീ എട്ട് ജില്ലകളിലാണ് ഒന്നാം ഘട്ട പദ്ധതി.

ടാഗ് ഘടിപ്പിക്കുന്നതോടെ കന്നുകാലിയുടെ ഉടമക്ക് സവിശേഷ തിരിച്ചറിയല്‍ നമ്പറും പ്രതിരോധകുത്തിവെപ്പ് വിവരങ്ങളും ഉടമയുടെ വിവരങ്ങളും രേഖപ്പെടുത്തിയ മൃഗ ആരോഗ്യ കാര്‍ഡ് നല്‍കുകയും ചെയ്യും. ടാഗ് ഉറപ്പിച്ചുകഴിഞ്ഞാല്‍ വിവരങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യും. ഓരോ മൃഗത്തിന്റെയും വിവരങ്ങള്‍ എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും സ്മാര്‍ട്ട്‌ഫോണിലൂടെ കണ്ടെത്താന്‍ കഴിയുമെന്ന് നോഡല്‍ ഇന്‍ ചാര്‍ജ് കെ.കെ തിവാരി പറഞ്ഞു.

ആധാര്‍ വിതരണം ചെയ്യുന്ന 42 ലക്ഷം കന്നുകാലി കൂട്ടങ്ങളില്‍ 70 ശതമാനവും പശുക്കളാണ്. ബംഗ്ലാദേശിലേയ്ക്കടക്കം അനധികൃത കാലി കടത്ത് വ്യാപകമാകുന്നെന്ന പരാതിയെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. നേരത്തെ കേന്ദ്രസര്‍ക്കാരും കന്നുകാലികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനുള്ള തീരുമാനം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ടാഗ്, ഘടിപ്പിക്കുന്ന ഉപകരണം, ടാബ്ലറ്റ്, ആരോഗ്യ കാര്‍ഡ് എന്നിവക്കെല്ലാമായി 148 കോടിയോളം കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ട്.

2005ലെ ഗോവധ നിരോധന നിയമപ്രകാരം അഞ്ച് വര്‍ഷം വരെ തടവും 5000 പിഴയുമാണ് ഝാര്‍ഖണ്ഡില്‍ ശിക്ഷയായി ലഭിക്കുക. അനധികൃതമായ ആയിരത്തിലധികം അറവുശാലകള്‍ ഝാര്‍ഖണ്ഡില്‍ അടച്ചുപൂട്ടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News