സൗദിയിലെ അനധികൃത തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല

മനാമ: സൗദിയില്‍ പൊതുമാപ്പ് കാലയളവില്‍ പിടിക്കപ്പെടുന്ന അനധികൃത തൊഴിലാളികള്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗം. വിസാ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് അനധികൃതമായി തങ്ങിയതിന് ബാധകമായ തടവ് ശിക്ഷക്കു പുറമേ ഇവര്‍ ഭീമമായ പിഴയും ഒടുക്കേണ്ടിവരുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു.

പൊതുമാപ്പ് ആനുകൂല്യം ലഭിച്ച് നാട്ടിലേക്കു പോകാന്‍ കാത്തിരിക്കുന്നവര്‍ ഉംറ നിര്‍വഹിക്കാനോ, തൊഴിലുകളില്‍ ഏര്‍പ്പെടാനോ പാടില്ല. ഇത്തരം പ്രവര്‍ത്തനത്തിനിടെ പിടിക്കപ്പെട്ടാല്‍ ഇവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം നഷ്ടമാകുകയും തടവും പിഴയും ബാധകമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാലാവധി അവസാനിച്ചിട്ടും രാജ്യം വിടാത്ത വിദേശികള്‍ക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കുമെന്ന് ജവാസാത്ത് ഔദ്യോഗിക വക്താവ് തലാല്‍ അല്‍ ശെല്‍വി അറിയിച്ചു. ആഭ്യന്തര മന്ത്രാലയ വെബ്‌സൈറ്റ് വഴി മുന്‍കൂട്ടി അപ്പോയിന്‍മെന്റ് എടുത്ത ശേഷം നിര്‍ദേശിക്കപ്പെടുന്ന ജവാസാത്ത് സെന്റര്‍ വഴി എക്‌സിറ്റ് നടപടിക്രമം പൂര്‍ത്തീകരിക്കാം. പാസ്‌പോര്‍ട്ട് കൈവശമില്ലാത്ത ഇന്ത്യക്കാരാണെങ്കില്‍ ഇന്ത്യന്‍ എംബിസിയോ കോണ്‍സുലേറ്റ് ഇഷ്യു ചെയ്ത ഔട്ട്പാസ്, സാധുവായ വിമാന ടിക്കറ്റ് എന്നിവ കരുതണം.

തൊഴിലാളികളെ അറിയിക്കാതെ വിസ കാന്‍സല്‍ ചെയ്ത നിരവധി തൊഴിലുടുമകളുണ്ട്. വിസ റദ്ദായി അനധികൃതമായി മാറിയതുകാരണം ഇവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാനോ മറ്റു ജോലികള്‍ ചെയ്യാനോ കഴിയാത്ത സഹചര്യമാണ്. ഇവര്‍ക്ക് പുതിയ പ്രഖ്യാപനം ആശ്വാസം പകരും.

മാര്‍ച്ച് 29ന് നിലവില്‍ വന്ന മൂന്നു മാസത്തെ പൊതുമാപ്പ് 27 ദിവസം പിന്നിട്ടപ്പോള്‍ മലയാളികളക്കം 16,500ത്തോളം ഇന്ത്യക്കാര്‍ ഔട്ട് പാസിന് അപേക്ഷിച്ചതായി എംബസി അധികൃതര്‍ അറിയിച്ചു. ഇതില്‍ 15,000ത്തോളം ഔട്ട് പാസുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ഇതില്‍ പകുതിയിലേറെ പേര്‍ നാട്ടിലേക്കു മടങ്ങി. പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ഔട്ട്പാസ് ആവശ്യമില്ല.

ഹജ്, ഉംറ, വിസിറ്റ് വിസക്കാര്‍ ടിക്കറ്റും പാസ്‌പോര്‍ട്ടുമായി വിമാനത്താവളത്തില്‍ എത്തി നേരിട്ട് മടങ്ങുകയാണ്. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ ഓണ്‍ലൈന്‍ വഴി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് എക്‌സിറ്റ് വാങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News