പൊമ്പിളൈ ഒരുമൈയുടെ സമരം ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞെന്നു മുഖ്യമന്ത്രി; സമരത്തിനു പിന്നിൽ സർക്കാർ വിരുദ്ധ തിമിരം ബാധിച്ചവർ; മൂന്നാർ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം

തിരുവനന്തപുരം: ഇല്ലാത്ത കാര്യങ്ങൾ ഉന്നയിച്ചാണ് പൊമ്പിളൈ ഒരുമൈ മൂന്നാറിൽ സമരം നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊമ്പിളൈ ഒരുമൈയുടെ സമരത്തിനു ജനപിന്തുണ നഷ്ടപ്പെട്ടു. മണി പറയാത്ത കാര്യങ്ങൾ ആരോപിച്ചാണ് പൊമ്പിളൈ ഒരുമൈ സമരം നടത്തുന്നത്. അതുകൊണ്ടു തന്നെയാണ് സമരത്തിനു ജനപിന്തുണ ആർജിക്കാൻ കഴിയാത്തതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. അടിയന്തരപ്രമേയത്തിനു സ്പീക്കർ അനുമതി നിഷേധിച്ചു.

സർക്കാർ വിരുദ്ധ തിമിരം ബാധിച്ചവരാണ് മൂന്നാറിലെ സമരത്തിനു പിന്നിൽ. വൻകിട കയ്യേറ്റങ്ങൾ തടയുന്നതിനെതിരെയും പട്ടയം തടസ്സപ്പെടുത്തുന്നതിനുമാണ് ഇപ്പോഴത്തെ സമരം. പൊമ്പിളൈ ഒരുമൈ സമരത്തിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടക്കുന്നത്. മണിയുടെ വാക്കുകൾ വളച്ചൊടിച്ച് സ്ത്രീവിരുദ്ധത വരുത്തിത്തീർക്കാനാണ് ശ്രമം നടക്കുന്നത്. തെറ്റായ പ്രചാരണങ്ങൾ തിരിച്ചറിഞ്ഞ് ആരോപണം ഉന്നയിക്കുന്നവർ പിൻമാറണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൊമ്പിളൈ ഒരുമൈ സമരത്തെ അടിച്ചമർത്താൻ സർക്കാർ ശ്രമിച്ചിട്ടില്ല. റോഡ് ഉപരോധിച്ചപ്പോൾ സ്വീകരിക്കുന്ന സാധാരണ നടപടി മാത്രമാണ് സ്വീകരിച്ചത്. മണിയുടെ പ്രസ്താവന ഡിവൈഎസ്പി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങൾ തള്ളിക്കളഞ്ഞ സമരമാണ് മൂന്നാറിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരം അടിച്ചമർത്താൻ സർക്കാരും പൊലീസും ശ്രമിക്കുന്നെന്നു ആരോപിച്ചാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നത്. പ്രതിപക്ഷത്തു നിന്ന് വി.ഡി സതീശൻ എംഎൽഎയാണ് നോട്ടീസ് നൽകിയിരുന്നത്. മണി പറഞ്ഞത് കടുത്ത സ്ത്രീവിരുദ്ധതയാണെന്നു സതീശൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News