സർക്കാർ പറഞ്ഞാൽ കേൾക്കാത്ത ഒരു ഉദ്യോഗസ്ഥനും ഉദ്യോഗസ്ഥനായി ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി; സർക്കാർ നയം നടപ്പാക്കുകയാണ് ഉദ്യോഗസ്ഥരുടെ കർത്തവ്യം

തിരുവനന്തപുരം: സർക്കാർ പറഞ്ഞാൽ കേൾക്കാത്ത ഒരു ഉദ്യോഗസ്ഥനും സർവീസിൽ ഉദ്യോഗസ്ഥനായി ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ നയം നടപ്പിലാക്കുകയാണ് ഉദ്യോഗസ്ഥരുടെ നയം. പറഞ്ഞ കാര്യങ്ങൾ സർക്കാർ നടപ്പാക്കും. ഇതു വെള്ളരിക്കാപ്പട്ടണമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാർ വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയത്.

എം.എം മണിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന നിലപാട് ഇന്നും മുഖ്യമന്ത്രി സഭയിൽ ആവർത്തിച്ചു. മണി പറയാത്ത കാര്യങ്ങളാണ് മൂന്നാറിൽ സമരം നടത്തുന്നവർ ആരോപിക്കുന്നത്. അതുകൊണ്ടാണ് സമരത്തിന് ജനപിന്തുണ ലഭിക്കാത്തതെന്നും പിണറായി പറഞ്ഞു. സമരം അടിച്ചമർത്താൻ സർക്കാർ ശ്രമിച്ചുവെന്നു പറയുന്നത് ശരിയല്ല. സമരത്തെ പൊമ്പിളൈ ഒരുമൈ സംഘടന നേതാക്കൾ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടഞ്ഞതിനാണ് സമരക്കാർക്കെതിരെ കേസെടുത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സർക്കാർ വിരുദ്ധ തിമിരം ബാധിച്ചവരാണ് മൂന്നാറിലെ സമരത്തിനു പിന്നിൽ. വൻകിട കയ്യേറ്റങ്ങൾ തടയുന്നതിനെതിരെയും പട്ടയം തടസ്സപ്പെടുത്തുന്നതിനുമാണ് ഇപ്പോഴത്തെ സമരം. പൊമ്പിളൈ ഒരുമൈ സമരത്തിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടക്കുന്നത്. മണിയുടെ വാക്കുകൾ വളച്ചൊടിച്ച് സ്ത്രീവിരുദ്ധത വരുത്തിത്തീർക്കാനാണ് ശ്രമം നടക്കുന്നത്. തെറ്റായ പ്രചാരണങ്ങൾ തിരിച്ചറിഞ്ഞ് ആരോപണം ഉന്നയിക്കുന്നവർ പിൻമാറണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരം അടിച്ചമർത്താൻ സർക്കാരും പൊലീസും ശ്രമിക്കുന്നെന്നു ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. പ്രതിപക്ഷത്തു നിന്ന് വി.ഡി സതീശൻ എംഎൽഎയാണ് നോട്ടീസ് നൽകിയിരുന്നത്. മണി പറഞ്ഞത് കടുത്ത സ്ത്രീവിരുദ്ധതയാണെന്നു സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here