എംഎം മണിക്കെതിരായ പ്രതിഷേധ സമരങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കും; നിലപാട് പ്രാദേശിക നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ച്; ഉമ്മന്‍ചാണ്ടിക്കൊപ്പം സമരപ്പന്തില്‍ എത്താന്‍ വിസമ്മതിച്ച് എകെ മണി

മൂന്നാര്‍ : മന്ത്രി എംഎം മണിക്കെതിരായ പ്രതിഷേധ സമരങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കും. ഇതിന് മുന്നോടിയായി മൂന്നാര്‍ ടൗണില്‍ യുഡിഎഫ് പ്രത്യേക യോഗം സംഘടിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു പൊതുയോഗം ചേര്‍ന്നത്. ഗോമതിയും എഎപി നേതാക്കളും നടത്തുന്ന സമരത്തിന് പിന്തുണ നല്‍കരുതെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം നിലപാടെടുത്തതിന് പിന്നാലെയായിരുന്നു പൊതുയോഗം.

ആംആദ്മി പാര്‍ടിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യമോ പിന്തുണയോ നല്‍കരുതെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. ഇത് നിലനില്‍ക്കെയാണ് മൂന്നാറില്‍ യുഡിഎഫ് പൊതുയോഗം ചേര്‍ന്നത്. എംഎം മണിയെക്കാള്‍ കൂടുതല്‍ മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്.

നിയമസഭയില്‍ എംഎം മണിയെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെ വാക്കുകളാണ് കൂടുതല്‍ വേദനയുണ്ടാക്കിയതെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. യോഗശേഷം ഗോമതിയും ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും നടത്തുന്ന സമരപ്പന്തലിലേക്ക് ഉമ്മന്‍ചാണ്ടി എത്തി. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു സന്ദര്‍ശനം.

എന്നാല്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം സമരപ്പന്തലില്‍ എത്താന്‍ കെപിസിസി വൈസ് പ്രസിഡന്റ് എകെ മണി തയ്യാറായില്ല. ഉമ്മന്‍ചാണ്ടി മടങ്ങിയ ശേഷവും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് എകെ മണി മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കടുത്ത അമര്‍ഷമാണ് തോട്ടം മേഖലയില്‍ നിലനില്‍ക്കുന്നത്. ഇതാണ് എകെ മണി അടക്കമുള്ള പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിക്കുന്നത്.

ഇതിനിടെ എംഎം മണിക്ക് അഭിവാദ്യം അര്‍പ്പിച്ച് നഗരത്തില്‍ നൂറുകണക്കിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News