എം.എം മണിയുടെ പിഴവിനു പാർട്ടി ശിക്ഷിച്ചു; ഇല്ലാക്കഥ പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് എന്താണ് ശിക്ഷ?

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ പിഴവിന് പാർട്ടി അദ്ദേഹത്തെ ശിക്ഷിച്ചു. പക്ഷേ, മന്ത്രി പൊമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ അശ്ലീല പരാമർശം നടത്തി എന്ന ഇല്ലാവചനം പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് എന്താണ് ശിക്ഷ? അതാണ് ഇനി അറിയാനുള്ളത്.

മണിയെ അദ്ദേഹത്തിന്റെ പാർട്ടി പരസ്യമായി ശാസിച്ചുകഴിഞ്ഞു. ‘പാർട്ടിയുടെ യശസ്സിനു മങ്ങലേൽപിക്കുന്ന നിലയിൽ പൊതുപരാമർശങ്ങൾ നടത്തി’യതിനാണ് ആ നടപടിയെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മണി പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ അശ്ലീല പരാമർശങ്ങളിലൂടെ അവഹേളിച്ചെന്ന വ്യാജ ആരോപണം പാർട്ടി നിരാകരിച്ചു. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി നിയമസഭയിൽ തന്നെ അക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

മണി ചെയ്ത പ്രസംഗത്തിലെ ഉദ്യോഗസ്ഥർക്കും ചാനൽ പ്രവര്ത്തകർക്കും എതിരായ പരാമർശങ്ങൾ, അതിലെ പൊതുജനങ്ങൾക്കിടയിൽ എതിർപ്പുണ്ടാക്കുന്ന സമീപനം, പ്രയോഗങ്ങൾ, ശൈലി, ശരീരഭാഷ എന്നിവ മുൻനിർത്തിയാണ് പാർട്ടിയുടെ നടപടി എന്നു വ്യക്തമാണ്. അതു മണിക്കെതിരേ വന്ന വ്യാജവാർത്തയ്ക്കും അതുമാത്രം മുൻനിർത്തി ആരംഭിച്ച ഗോമതിയുടെ സമരത്തിനും കൂടിയുള്ള അംഗീകാരമാകുന്നില്ല.

മണിയുടെ പ്രസംഗത്തിന്റെ റിപ്പോർട്ടിംഗിനു രണ്ടു ഘട്ടങ്ങളുണ്ടായിരുന്നു.

1. ഏപ്രിൽ 21നു പ്രസംഗം നടന്നതിനു പിന്നാലെ വന്ന, മന്ത്രി, ദേവികുളം സബ് കളക്ടറെ ഊളമ്പാറയ്ക്കയയ്ക്കണമെന്നു പറഞ്ഞു എന്ന റിപ്പോർട്ട്.

2. രണ്ടു ദിവസം പിന്നിട്ട് അതേ പ്രസംഗത്തിലെ മറ്റൊരു ഭാഗമെടുത്ത്, മന്ത്രി പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ അശ്ലീല പരാമർശങ്ങളിലൂടെ അവഹേളിച്ചു എന്ന റിപ്പോർട്ട്.
ഇതിൽ ആദ്യ റിപ്പോർട്ട് ഉയർത്തുന്ന പ്രശ്‌നങ്ങളിലാണ് മണിക്കെതിരെ പാർട്ടി നടപടി വന്നിട്ടുള്ളത്. രണ്ടാം റിപ്പോർട്ട് കള്ള വാർത്തയാണെന്നതു സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.

പ്രസംഗത്തിലെ പാർട്ടിയുടെ യശസ്സിനു മങ്ങലേൽപിക്കുന്ന പരാമർശങ്ങളിൽ മന്ത്രിക്കു വന്ന പിഴവിൽ പാർട്ടി അച്ചടക്ക നടപടിയിലൂടെ തിരുത്തൽ പ്രക്രിയ നടപ്പാക്കി. മാധ്യമങ്ങളുടെ പിഴവിന് മാധ്യമങ്ങൾ സ്വയം നടത്തേണ്ട തിരുത്തൽ നടപടിയാണ് ഇനി ബാക്കിയുള്ളത്. മണിക്കെതിരെ രണ്ടാം വാർത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരുമായ മാധ്യമങ്ങൾ അതു ചെയ്യുമോ. അതാണ്, ഇനി അറിയാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News