സ്പാനിഷ് ലീഗിൽ രണ്ടു മത്സരങ്ങളില്‍ മാത്രം പിറന്നത് 16 ഗോളുകൾ; ഒസാസുനയെ മുക്കി ബാഴ്‌സ; റയലിനും തകർപ്പൻ ജയം; ലാ ലിഗ ഫോട്ടോ ഫിനിഷിലേക്ക്

മാഡ്രിഡ്: ഒറ്റദിവസം കൊണ്ട് സ്പാനിഷ് ലാ ലിഗയിൽ പിറന്നത് ഒന്നും രണ്ടുമല്ല 16 ഗോളുകൾ. എണ്ണം പറഞ്ഞ 16 എണ്ണം. ലാ ലിഗയിലെ നിർണായക മത്സരങ്ങളിൽ ഗോൾ മഴയുമായി നിറഞ്ഞാടുകയായിരുന്നു ബാഴ്‌സലോണയും റയൽ മാഡ്രിഡും. എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ തകർത്ത ആവേശത്തിൽ കളത്തിലിറങ്ങിയ ബാഴ്‌സലോണ, ഓസാസുനയെ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് മുക്കിയത്. റയൽ രണ്ടിനെതിരെ ആറു ഗോളുകൾക്ക് ഡീപോർട്ടീവോയെയും തകർത്തു.

എൽ ക്ലാസിക്കോയിൽ ബാഴ്‌സയ്ക്കു വേണ്ടി 500 ഗോൾ നേട്ടം പൂർത്തിയാക്കിയ സൂപ്പർതാരം ലയണൽ മെസി ഇരട്ട ഗോളോടെ ഒസാസുനയ്‌ക്കെതിരായ മത്സരത്തിലും കളം നിറഞ്ഞു. ബാഴ്‌സയ്ക്കു വേണ്ടി ഗോമസും അൽ കാസറും ഇരട്ട ഗോൾ കണ്ടെത്തിയപ്പോൾ മഷരാനോ ഒരു ഗോൾ നേടി. റോബട്ടോ ടെറസായിരുന്നു ഒസാസുനയുടെ ആശ്വാസ ഗോൾ നേടിയത്.

മറുവശത്ത് എൽ ക്ലാസിക്കോയിലെ പരാജയത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ റയൽ മാഡ്രിഡ് ലീഗിലെ പതിനാറാം സ്ഥാനക്കാരായ ഡിപ്പോർട്ടീവോ ലാ കൊരുണയെ രണ്ടിനെതിരെ ആറു ഗോളുകൾക്കു തകർത്ത് കിരീടപ്രതീക്ഷ നിലനിർത്തി. റയലിനായി ഹാമെഷ് റോഡ്രിഗസ് ഇരട്ട ഗോളുമായി മുന്നിൽ നിന്നു നയിച്ചപ്പോൾ മൊറാത്ത, ലൂക്കാസ്, കാസിമിറോ, ഇസ്‌കോ എന്നിവർ ഓരോ ഗോളും നേടി. ആൻഡലും ജോസെലുവുമാണ് ഡിപ്പോർട്ടീവോയുടെ സ്‌കോർ ബോർഡിനു ജീവൻവെപ്പിച്ചത്.

ഇന്നലത്തെ ജയങ്ങളോടെ 34 മത്സരങ്ങളിൽ നിന്നു 78 പോയിന്റുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനം നിലനിർത്തി. 33 മത്സരങ്ങളിൽ നിന്ന് റയലിനും 78 പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിലാണ് റയലിനെ പിന്തള്ളി ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ബാഴ്‌സയെക്കാൾ ഒരു മത്സരം കുറച്ചു കളിച്ച റയലിന് ഇനിയുള്ള നാലു മത്സരങ്ങൾ തോൽക്കാതെ കളിച്ചാൽ കിരീടം ഉറപ്പാക്കാം.

ലീഗിൽ നാലാം സ്ഥാനത്തുള്ള സെവിയ്യയുമായി ഒരു മത്സരം ബാക്കി നിൽക്കുന്നതു മാത്രമാണ് റയലിനുള്ള ആശങ്ക. ബാഴ്‌സയ്ക്കാകട്ടെ കിരീടം നിലനിർത്താൻ റയൽ ഒരു മത്സരത്തിലെങ്കിലും തോൽക്കണം, പിന്നെ ഇനിയുള്ള മൂന്നു മത്സരങ്ങളിലും ജയിക്കുകയും വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here