പുതിയ നോക്കിയ 3310 നു ഇന്ത്യയിൽ 3,900 രൂപ; ജൂണിൽ വിപണിയിലേക്ക്

നോക്കിയ 3310 പരിഷ്‌കരിച്ച പതിപ്പ് ജൂണിൽ ഇന്ത്യയിൽ എത്തും. 3,899 രൂപയ്ക്ക് പുതുക്കിയ 3310 ഇന്ത്യൻ വിപണിയിൽ ലഭിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. പതിനാറു വർഷം മുൻപുണ്ടായിരുന്ന നോക്കിയ 3310ന്റെ നൂതന രൂപമാണ് ഇപ്പോൾ വിപണിയിലെത്തുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ഫോൺ അവതരിപ്പിച്ചത്.

യൂറോപ്പ്, ഓസ്ട്രിയ, ജർമ്മനി എന്നിവിടങ്ങളിൽ നോക്കിയ 3310ന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഡ്യുവൽ സിം ഫോണാണ് പുതിയ നോക്കിയ 3310. 2 മെഗാപിക്‌സൽ പിൻ കാമറ, 2.4 ഇഞ്ച് കളർ ഡിസ്‌പ്ലേ, 1200 എംഎഎച്ച് റിമൂവബിൾ ബാറ്ററി, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവയും നോക്കിയ 3310ന്റെ പ്രത്യേകതകളാണ്.

ആകർഷകമായ കളർഷെയ്ഡും ഭാരക്കുറവുമാണ് പഴയ മോഡലിൽ നിന്നും നോക്കിയ 3310നെ വ്യത്യസ്തമാക്കുന്നത്. പഴയ ആ സ്‌നേക്ക് ഗെയിമും ഫോണിൽ തിരിച്ചെത്തിക്കുന്നു എന്നതും ഫോണിന്റെ സ്വീകാര്യത വർധിപ്പിക്കും.

17 വർഷങ്ങൾക്ക് മുമ്പ് 2000ലാണ് ആദ്യമായി നോക്കിയ 3310 വിപണിയിൽ എത്തിച്ചത്. അന്നു സിംഗിൾ സിം ഫോൺ ആയിരുന്നെങ്കിൽ മടങ്ങിവരവിൽ ഡ്യുവൽ സിം ഫോൺ ആണ്. ഒപ്പം അന്നു ഡിസ്‌പ്ലേ ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നെങ്കിൽ ഇന്നത് കളർ ഡിസ്‌പ്ലേ ആയിട്ടുണ്ട്. പഴയതു പോലെ തന്നെ ഫിസിക്കൽ കീബോർഡ് തന്നെയാണ് ഇപ്പോഴും ഫോണിന്റേത്. പഴയതിൽ നിന്നു വ്യത്യസ്തമായി മെമ്മറി കാർഡ് സ്ലോട്ട് ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് വസ്തുത.

പുതിയ നോക്കിയ 3310ൽ ഫോട്ടോ എടുക്കാനും പറ്റും. 2 മെഗാപിക്‌സൽ കാമറയാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫോട്ടോകൾ ശേഖരിക്കാൻ മൈക്രോ എസ്ഡി കാർഡും ഉൾപ്പെടുത്തി. 22 മണിക്കൂർ വരെയാണ് സ്റ്റാൻഡ്‌ബൈ ടോക് ടൈം പറയുന്നത്.

പേരു കേട്ടാൽ തന്നെ ഗൃഹാതുരത്വമുണർത്തുന്ന പേരാണ് നോക്കിയ 3310. കാരണം പലരും മൊബൈൽ ഫോൺ ഉപയോഗിച്ചു തുടങ്ങിയത് ഇതിലായിരുന്നു. ജിഎസ്എം മൊബൈൽ ഫോണായ നോക്കിയ 3310 ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് 2000ലാണ്. ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ മൊബൈൽ ഫോണുകളിലൊന്നാണ് നോക്കിയ 3310. പുറത്തുവന്ന കണക്കുകൾ പ്രകാരം 12.6 കോടി നോക്കിയ 3310 ഫോണുകൾ വിറ്റുപോയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here