സാംസംഗിന്റെ പ്രശ്‌നങ്ങൾ ഐഫോണിലുമുണ്ടോ? ഐഫോൺ 8 ന്റെ ഫീച്ചേഴ്‌സ് ലീക്കായി

സാംസംഗിന്റെ പ്രശ്‌നങ്ങൾ ഐഫോണിനും ഉണ്ടോ എന്നു ചോദിപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ അവസാനമായി പുറത്തുവരുന്നത്. ഐഫോൺ 8ലെ പുറത്തായ ഫീച്ചേഴ്‌സ് ആണ് ഇത്തരമൊരു സംശയം ഉയർത്തുന്നത്. ലീക്കായ ഫീച്ചേഴ്‌സ് കേട്ടാൽ ആർക്കായാലും അങ്ങനെ തോന്നുകയും ചെയ്യും. ഫിംഗർപ്രിന്റ് സ്‌കാനറിലും ഡിസ്‌പ്ലേയിലും അടക്കം സാംസംഗിനു പറ്റിയ പിഴവുകൾ തന്നെ ആപ്പിളും പുതിയ പതിപ്പിൽ ആവർത്തിച്ചിരിക്കുന്നു എന്നു വേണം കരുതാൻ.

സാംസംഗ് ഗ്യാലക്‌സി എസ് 8ന്റെ ഫിംഗർപ്രിന്റ് സ്‌കാനർ പിൻ കാമറയ്ക്കടുത്തേക്കു മാറ്റിയത് കമ്പനിയുടെ എൻജിനീയർമാരുടെ കഴിവുകേടായിട്ടാണ് കണ്ടിരുന്നത്. ഇപ്പോൾ ഇതാ ഐഫോൺ 8ൽ ആപ്പിളും അതുതന്നെ പിന്തുടരുന്നതായിട്ടാണ് തോന്നുന്നത്. മുൻഭാഗം നിറഞ്ഞു നിൽക്കുന്ന, അൽപ്പം കുഴിഞ്ഞ OLED ഡിസ്‌പ്ലെയും മറ്റു നിരവധി ഫീച്ചറുകളും ഉൾപ്പെടുത്തിയാകും ഐഫോൺ 8 എത്തുക എന്നാണ് ഇതുവരെ കേട്ടിരുന്നത്. ഡിസ്‌പ്ലെയിൽ തന്നെ ഫിംഗർപ്രിന്റ് സെൻസർ പിടിപിപ്പിക്കും എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അങ്ങനെയല്ല. മേൽപറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ നടപ്പാക്കാൻ ആപ്പിളിലെ സാങ്കേതിക വിദഗ്ധർക്കു കഴിഞ്ഞിട്ടില്ലത്രേ. കൂടാതെ, ഐറിസ് സ്‌കാനർ ഉൾപ്പെടുത്തുന്ന കാര്യവും ഉറപ്പായിട്ടില്ലെന്നു കേൾക്കുന്നു. ഹാർഡ്‌വെയർ വാങ്ങുന്നതിലും പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഈ മോഡൽ സെപ്റ്റംബറിൽ അവതരിപ്പിക്കപ്പെട്ടാലും നവംബറിലായിരിക്കാം വിപണിയിൽ എത്തുകയെന്നും പറയുന്നു.

നാലു ഡിസ്‌പ്ലേ വേരിയന്റുകളിൽ ഐഫോൺ 8 വിപണിയിൽ എത്തും എന്നു കേൾക്കുന്നു. 5.8, 5.5, 5, 4.7 ഇഞ്ച് എന്നീ സ്‌ക്രീൻ വേരിയന്റുകളിൽ ഫോൺ ലഭിക്കും. ട്രൂടോൺ ടെക്‌നോളജിയോടു കൂടി അൽപം കുഴിഞ്ഞ OLED സ്‌ക്രീൻ. ഡ്യുവൽ കാമറ തന്നെയായിരിക്കും ഹൈലൈറ്റ്. ലംബമായിട്ടായിരിക്കും കാമറ ഘടിപ്പിക്കുക. ഓഗ്മെന്റഡ് റിയാലിറ്റി എന്ന സാധ്യതയും കാമറയിൽ ഉണ്ടാകും. യുഎസ്ബി-സി ആദ്യമായി രംഗപ്രവേശം ചെയ്യുന്നത് ഒരുപക്ഷേ ആദ്യമായി ഐഫോൺ എട്ടിൽ ആയിരിക്കാം.

മുഖമോ കണ്ണോ സ്‌കാൻ ചെയ്യുന്ന സ്‌കാനർ, വയർലെസ് ചാർജിംഗ്, സ്റ്റെയിൻലെസ് സ്റ്റീലിലോ ഗ്ലാസിലോ നിർമിക്കുന്ന ഫോൺ തികച്ചും വാട്ടർപ്രൂഫ് ആയിരിക്കും. ബേസ് മോഡലിൽ തന്നെ 3ജിബി റാമും 64 ജിബി ഇൻബിൽറ്റ് സ്‌റ്റോറേജും. മുൻ മോഡലുകളെ അപേക്ഷിച്ച് വില കൂടാനുള്ള സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News