മെയ് ദിനത്തിന്റെ സന്ദേശവും ചരിത്രവും മുദ്രാവാക്യവും വളച്ചൊടിച്ച് മോദി; ‘സര്‍വ്വരാജ്യ തൊഴിലാളികളേ സംഘടിക്കുക’ മുദ്രാവാക്യം മാവോവാദത്തിന്റേതെന്ന് വ്യാഖ്യാനം

ദില്ലി: മെയ് ദിനത്തിന്റെ സന്ദേശവും ചരിത്രവും മുദ്രാവാക്യവും വളച്ചൊടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഠിനാദ്ധ്വാനത്തിന്റെ പ്രാധാന്യത്തെയാണ് മെയ് ദിനം ഓര്‍മ്മിപ്പിക്കുന്നതെന്ന് മോദിയുടെ പ്രസംഗം. ‘സര്‍വ്വരാജ്യ തൊഴിലാളികളേ സംഘടിക്കുക’ എന്ന മുദ്രാവാക്യം മാവോവാദത്തിന്റേത് എന്നും മോദി ദുര്‍വ്യാഖ്യാനിക്കുന്നു.

പ്രധാനമന്ത്രി പതിവായി നടത്തുന്ന റേഡിയോ പ്രഭാഷണമാണ് മന്‍ കീ ബാത്. ഞായറാഴ്ച പ്രക്ഷേപണം ചെയ്ത മന്‍കീബത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍.

  • മെയ്ദിനത്തിന്റെ സന്ദേശം കഠിനപ്രയത്‌നം

റേഡിയോ പ്രസംഗത്തില്‍ മെയ് ദിനത്തെ പരാമര്‍ശിക്കുമ്പോള്‍ അതിന്റെ ചരിത്രത്തെക്കുറിച്ച് ഒന്നും പറയാതെയാണ് പ്രധാനമന്ത്രി കടന്നുപോകുന്നത്. 1886ല്‍ ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ റാലി നടത്തിയ തൊഴിലാളികളെ പട്ടാളം വെടിവച്ച് കൂട്ടക്കൊല ചെയ്തതിന്റെ ഓര്‍മ്മയാണ് മെയ് ദിനം. ഈ കാര്യം പ്രധാനമന്ത്രി മിണ്ടിയതേയില്ല. പകരം, അധ്വാനത്തിന്റെ പ്രാധാന്യത്തെയാണ് മെയ് ദിനം ഓര്‍മിപ്പിക്കുന്നത് എന്ന വിചിത്രമായ വ്യാഖ്യാനം മോദി മുന്നോട്ടു വച്ചു.

അദ്ദേഹം പറഞ്ഞു: ”കര്‍മ്മമാണ് നിങ്ങളെ സ്വര്‍ഗത്തിലെത്തിക്കുന്ന ഒരേയൊരു കാര്യം. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍ തൊഴിലാണ്, കഠിനപ്രയത്‌നമാണ് ശിവന്‍.”

മുതലാളിത്തത്തിന്റെ കണ്ണില്‍ച്ചോരയില്ലാത്ത തൊഴില്‍ ചൂഷണത്തിനെതിരേ ‘എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ വിനോദം ‘എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ചിക്കാഗോയിലെ ആദിമ തൊഴിലാളി രക്തസാക്ഷികള്‍ ചരിത്രമായത്. അവരെ ലോകതൊഴിലാളിവര്‍ഗ്ഗം അനുസ്മരിക്കുന്ന ദിവസത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിലാണ് അവരുടെ രക്തസാക്ഷിത്വത്തെ അവഹേളിക്കുന്ന തരത്തില്‍, ഇന്ത്യന്‍ പ്രധാനമന്ത്രി ‘കഠിനാധ്വാനമാണ് മേയ് ദിനത്തിന്റെ സന്ദേശം’ എന്ന തീവ്രമുതലാളിത്തവാദമുയര്‍ത്തിയിരിക്കുന്നത്.

  • മാര്‍ക്‌സ് വാദം മാവോ വാദമാക്കി

ഒപ്പം, ‘സര്‍വ്വരാജ്യ തൊഴിലാളികളേ സംഘടിക്കുക ‘എന്ന മുദ്രാവാക്യം മാവോവാദത്തില്‍നിന്നു വന്നതാണെന്ന ദുസ്സൂചനയും മോദി മുന്നോട്ടുവച്ചു. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായ ഇന്ത്യയിലെ സാഹചര്യത്തില്‍ ‘മാവോയിസം’ എന്നാല്‍ ഭീകരവാദം എന്ന അര്‍ത്ഥത്തിലാണ് മനസ്സിലാക്കുക. ഈ അവസ്ഥ കൗശലകരമായി ദുരുപയോഗിക്കുന്ന പരാമര്‍ശമാണ് പ്രധാനമന്ത്രി നടത്തിയത്.
‘നാളെ തൊഴിലാളി ദിനം ആചരിക്കുമ്പോള്‍ താന്‍ ബിഎംഎസ് സ്ഥാപകന്‍ തെംഗ്ഡിയുടെ വാക്കുകള്‍ ഓര്‍ക്കുന്നു’ എന്നു പറഞ്ഞുകൊണ്ടാണ് മോദി ഈ പരാമര്‍ശത്തിലേയ്ക്കു പോയത്.

മോദി പറയുന്നു: ‘മാവോയിസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ‘ലോക തൊഴിലാളികളേ ഒന്നിക്കൂ’ എന്ന് ഒരു വശത്തു പറയാറുണ്ട്. മറുവശത്ത്, ‘തൊഴിലാളികളേ വരൂ ലോകത്തെ ഒരുമിപ്പിക്കൂ’ എന്ന് തെംഗ്ഡി പറയും. ‘

ഈ പരാമര്‍ശത്തിലൂടെയാണ് ‘സര്‍വ്വരാജ്യതൊഴിലാളികളേ സംഘടിക്കുവിന്‍’ എന്ന ആഹ്വാനം മാവോയിസത്തിന്റേതായി മോദി വ്യാഖ്യാനിക്കുന്നത്. കാള്‍ മാര്‍ക്‌സും എംഗല്‍സും ചേര്‍ന്നെഴുതിയ ഐതിഹാസികമായ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ വിഖ്യാതമായ അന്തിമാഹ്വാനത്തിനാണ് മോദിയുടെ പ്രസംഗത്തില്‍ ഈ ദുര്‍വ്യാഖ്യാനം നേരിടേണ്ടിവന്നത്. മാനിഫെസ്റ്റോ പുറത്തിറങ്ങി ഒരു പതിറ്റാണ്ടോളം കഴിഞ്ഞിട്ടാണ് മാവോ ജനിക്കുന്നത് തന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News