സെന്‍കുമാറിന്റെ പുനര്‍നിയമനം; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; എജിയുടെ നിയമോപദേശം ലഭിച്ച ശേഷം തുടര്‍നടപടികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ടിപി സെന്‍കുമാറിന്റെ പുനര്‍നിയമനം സംബന്ധിച്ചുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി എത്രയും വേഗം നടപ്പാക്കുമെന്നും കോടതിവിധിയനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കോടതി ഉത്തരവില്‍ എജിയുടെ നിയമോപദേശം തേടിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നടക്കുകയെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. വിധിയുടെ ഓണ്‍ലൈന്‍ പകര്‍പ്പ് കിട്ടിയപ്പോള്‍ മുതല്‍ ചീഫ് സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടങ്ങിയിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സെന്‍കുമാറിനെ നിയമിക്കണമെന്നുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വൈകുന്നുവെന്നാരോപിച്ച് പ്രതിപക്ഷത്ത് നിന്ന് എം ഉമ്മര്‍ ആണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. ആരാണ് കേരളത്തിന്റെ ഡിജിപിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് എം ഉമ്മര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മറുപടിയോടെ അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപോയി.

സംസ്ഥാനത്ത് ഡിജിപി ഇല്ലാത്ത അവസ്ഥയാണ് ഉള്ളതെന്നും സെന്‍കുമാറിന് നിയമനം നല്‍കാത്തത് സര്‍ക്കാരിന്റെ ദുരഭിമാനം മൂലമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യത്യസ്ത അഭിപ്രായമുള്ള ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിന് കഴിയാത്തതാണ് പ്രശ്‌നം. അധികാരത്തില്‍ വന്നാല്‍ ഉദ്യോഗസ്ഥരെയെല്ലാം മാറ്റണമെന്നാണ് മുഖ്യമന്ത്രിയുടെ ധാരണയെന്നും ചെന്നിത്തല ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News