കെഎം മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്; മാണി കാട്ടിയത് കടുത്ത രാഷ്ട്രീയ വഞ്ചന; കാലുമാറ്റം നിര്‍ഭാഗ്യകരമെന്നും ഉമ്മന്‍ചാണ്ടി; രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത നിലപാടെന്ന് ചെന്നിത്തല

തിരുവനന്തപുരം : കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എംഎം ഹസനുമാണ് കെഎം മാണിക്കെതിരെ രംഗത്തെത്തിയത്. കെഎം മാണി കടുത്ത രാഷ്ട്രീയ വഞ്ചന കാട്ടിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം. കോട്ടയം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം സ്ഥാനം നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് കെഎം മാണിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ആഞ്ഞടിച്ചത്.

കെഎം മാണിയുടെ കാലുമാറ്റം നിര്‍ഭാഗ്യകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുവരെ കോണ്‍ഗ്രസിനൊപ്പം യോജിച്ച് പോയവരാണ് ഇന്ന് നിലപാട് മാറ്റിയത്. കേരള കോണ്‍ഗ്രസ് കടുത്ത രാഷ്ട്രീയ വഞ്ചനയാണ് കാട്ടിയത്. കോട്ടയത്തെ ധാരണ അട്ടിമറിച്ചാണ് കേരള കോണ്‍ഗ്രസ് നിലപാടെടുത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

യുഡിഎഫ് വിടാന്‍ കാരണമായി കെഎം മാണി പറയുന്നത് ഒന്നും അടിസ്ഥാനമില്ലാത്തതാണ്. കെഎം മാണിയെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചുവെന്ന മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് പുറത്തുവന്നത്. എന്നാല്‍ ഒരു കമ്മിറ്റിയിലും ഒരാളും കോണ്‍ഗ്രസില്‍ നിന്ന് കേരള കോണ്‍ഗ്രസിനെയോ കെഎം മാണിയെയോ വിമര്‍ശിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസിനൊപ്പമുള്ള 42 വര്‍ഷത്തെ ബന്ധം വേര്‍പെടുത്തുന്നതിന് മതിയായ ന്യായം കെഎം മാണിക്ക് പറയാനുണ്ടോയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ജനാധിപത്യ കേരളം കെഎം മാണിയുടെ തീരുമാനത്തെ അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നില്ല. അവരുടെ മുഴുവന്‍ അനുഭാവികളും കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ജനാധിപത്യ കേരളം കെഎം മാണിയുടെ തീരുമാനത്തെ അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കെഎം മാണിക്കെതിരെ സമരം ചെയ്തവരാണ് സിപിഐഎമ്മുകാര്‍. സിപിഐഎമ്മിന്റെ നിലപാട് മാറ്റാന്‍ അവര്‍ക്ക് ഒരു നിമിഷം പോലും വേണ്ടിവന്നില്ല. ഇക്കാര്യത്തില്‍ വിഎസിന്റെ നിലപാട് അറിയാന്‍ താല്‍പര്യമുണ്ട്. ഏറ്റവും കൂടുതല്‍ അപമാനിച്ച സിപിഐഎമ്മിന്റെ കൂടെക്കൂടാന്‍ മണിക്കൂറുകള്‍ പോലും വേണ്ടിവന്നില്ല. മതിയായ കാരണങ്ങളില്ലാതെയാണ് കെഎം മാണി യുഡിഎഫ് വിട്ടത്. ഇത് വൈകാരികമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞൈടുപ്പില്‍ യുഡിഎഫ് എന്ന നിലയില്‍ ഒന്നിച്ച് മത്സരിച്ച് ജയിച്ചവരാണ് കേരള കോണ്‍ഗ്രസ്. ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു ധാരണ. ആദ്യ രണ്ടര വര്‍ഷം ആരെ തീരുമാനിച്ചാലും പൂര്‍ണ പിന്തുണയുണ്ടെന്ന് കേരള കോണ്‍ഗ്രസ് അറിയിച്ചു. എന്നാല്‍ അവര്‍ അത് അട്ടിമറിച്ചുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത നിലപാടാണ് കെഎം മാണി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡിസിസി പ്രസിഡന്റിന്റെ ചുമതല ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് മാറ്റമുണ്ടായത്. രാഷ്ട്രീയ അവസരവാദമാണ് കേരള കോണ്‍ഗ്രസ് കാണിച്ചത്.

കോട്ടയം ജില്ലാ പഞ്ചായത്തിലെ കേരള കോണ്‍ഗ്രസ് തീരുമാനം സിപിഐഎമ്മുമായി ആലോചിച്ച് ഉണ്ടാക്കിയ കൂട്ടുകെട്ടിന്റെ ഭാഗമാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെഎം മാണിയുമായി കൂട്ടുകൂടാനുള്ള സിപിഐഎം തീരുമാനം സിപിഐയുമായോ ഇടതുമുന്നണിയിലോ ആലോചിച്ചിട്ടില്ല. അതിനാലാണ് വോട്ടെടുപ്പില്‍ നിന്ന് സിപിഐ വിട്ടുനിന്നത്. കേരളീയ സമൂഹം കെഎം മാണിയുടെ നിലപാടിനെ അംഗീകരിക്കില്ല. ബഡ്ജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കാതെ അപമാനകരമായ രംഗം സൃഷ്ടിച്ചവര്‍ക്കൊപ്പമാണ് കെഎം മാണി കൂട്ടുകൂടിയത് എന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News