സത്യഗ്രഹത്തിനൊരുങ്ങി ഇന്നസെന്റ് എംപി; സമരം ചാലക്കുടിയുടെ റെയില്‍വേ വികസനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്

തൃശ്ശൂര്‍ : ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ റെയില്‍വേ വികസന പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഇന്നസെന്റ് എംപി സത്യാഗ്രഹ സമരം നടത്തുന്നു. പാലരുവി എക്‌സ്പ്രസിന് അങ്കമാലി, ചാലക്കുടി, റെയില്‍വേ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. മെയ് 13ന് രാവിലെ 9മണി മുതല്‍ ചാലക്കുടി റെയില്‍വേ സ്റ്റേഷന് മുന്നിലാണ് സമരം.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ചാലക്കുടി മണ്ഡലത്തിലെ റെയില്‍വേ വികസനത്തിനായി സമഗ്രനിര്‍ദേശം തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിനും റെയില്‍വെ മന്ത്രാലയത്തിനും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട ആവശ്യങ്ങള്‍ പോലും റെയില്‍വേ അവഗണിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സത്യാഗ്രഹ സമരം അനുഷ്ടിക്കാന്‍ നിര്‍ബവന്ധിതനായതെന്ന് ഇന്നസെന്റ് എംപി പറഞ്ഞു.

ഏറ്റവുമൊടുവില്‍ പുനലൂരില്‍ നിന്നും പാലക്കാടിന് സര്‍വീസ് ആരംഭിച്ച പാലരുവി എക്‌സ്പ്രസിന് മണ്ഡലത്തിലെ ആലുവ, അങ്കമാലി, കൊരട്ടി അങ്ങാടി, ചാലക്കുടി റെയില്‍േവേ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുമാസം മുമ്പ് തന്നെ റെയില്‍വേ മന്ത്രിയുമായും ബോര്‍ഡുമായും ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചപ്പോള്‍ ആലുവയില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചത്. കേരളത്തില്‍ മാത്രം സര്‍വീസ് നടത്തുന്ന പാലരുവിക്ക് അങ്കമാലി, ചാലക്കുടി എന്നിവിടങ്ങളിലേക്കൂടി സ്റ്റോപ്പ് അനുവദിക്കണമെന്നത് മിതമായ ആവശ്യം മാത്രമാണ് ഇന്നസെന്റ് എംപി പറഞ്ഞു. മണ്ഡലത്തിലെ റെയില്‍വെ സ്റ്റേഷനുകളുടെ ആധുനീകരണവും വികസനവും സാധ്യമാക്കുന്നതിന് അടിയന്തിര നടപടി വേണം.

ആലുവ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണം. സ്റ്റേഷന് രണ്ടാം കവാടം തുറക്കണം. പാര്‍ക്കിംഗ് സൗകര്യങ്ങള്‍ വികസിപ്പിക്കണം. അങ്കമാലി, കൊരട്ടി അങ്ങാടി, ചാലക്കുടി എന്നീ സ്റ്റേഷനുകളിലെ സൗകര്യങ്ങളും മെച്ചപ്പെടുത്തേതുണ്ട്. ഇവിടങ്ങളില്‍ പുതിയ ഫുട് ഓവര്‍ ബ്രിഡ്ജുകള്‍, പ്ലാറ്റ്‌ഫോം ദീര്‍ഘിപ്പിക്കല്‍, മേല്‍ക്കൂര, ടിക്കറ്റ് കൗണ്ടറുകള്‍, ഇരിപ്പിടങ്ങള്‍, റസ്റ്ററന്റ്/കഫറ്റീരിയ തുടങ്ങിയവ ഏര്‍പ്പെടുത്തണം.

മണ്ഡലത്തിലെ റെയില്‍വെ വികസനം മുന്‍നിര്‍ത്തി കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ റെയില്‍വെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ക്കുകയും തുടര്‍ നടപടികളിലേക്ക് കടക്കുകയും ചെയ്തു. കേന്ദ്ര റയില്‍വേ മന്ത്രി, റയില്‍ ബോര്‍ഡ് എന്നീ തലങ്ങളില്‍ പലവട്ടം ഈ ആവശ്യങ്ങള്‍ക്കായി ചര്‍ച്ച നടത്തുകയും ചെയ്തു.

എന്നിട്ടും ഇവ നടപ്പാക്കുന്നതില്‍ റെയില്‍വേ മന്ത്രാലയം അലംഭാവം പുലര്‍ത്തുകയാണ്. 3 വര്‍ഷം മുന്‍പ് എംപി ഫണ്ടില്‍ നിന്ന് തുകയനുവദിച്ച അംബാട്ടുകാവ് അടിപ്പാതയുടെ നിര്‍മ്മാണവും ആരംഭിച്ചിട്ടില്ല. ഈ തണുപ്പന്‍ പ്രതികരണം തുടരുന്ന സാഹചര്യത്തിലാണ് സത്യാഗ്രഹം അനുഷ്ടിക്കുന്നതെന്ന് ഇന്നസെന്റ് എംപി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here