ഭാഷാന്യൂനപക്ഷങ്ങളുടെ മാതൃഭാഷ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി; കന്നഡ ഭാഷയ്ക്കുള്ള പ്രാധാന്യം കുറയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : കന്നഡ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങളുടെ മാതൃഭാഷ സംരക്ഷിച്ചുകൊണ്ടാണ് സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളം നിര്‍ബന്ധമാക്കുമ്പോള്‍ തന്നെ കന്നഡ ബോധന മാധ്യമമായി തുടരും. കന്നഡ ഭാഷയ്ക്കുള്ള പ്രാധാന്യം ഒട്ടും കുറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എംഎല്‍എമാരുടെ നേതൃത്വത്തില്‍ എത്തിയ കന്നഡ ഭാഷാ ന്യൂനപക്ഷ സംഘടനകളുടെ പ്രതിനിധികള്‍ക്കാണ് മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്. കന്നഡയുടെ പ്രാധാന്യം കുറയുമെന്ന ആശങ്ക അസ്ഥാനത്താണ്. മലയാളം രണ്ടാം ഭാഷയായി ഒന്നാം ക്ലാസ് മുതലാണ് അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നത്.

പത്തുവര്‍ഷം കൊണ്ടേ എല്ലാ ക്ലാസിലും മലയാളം നിര്‍ബന്ധമാകൂ. കാസര്‍കോട് ജില്ലയില്‍ കന്നഡ മാതൃഭാഷയായുള്ള സ്‌കൂളുകളില്‍ കുട്ടികള്‍ മൂന്നും നാലും ഭാഷ പഠിക്കേണ്ട സ്ഥിതിയുണ്ടെങ്കില്‍ അക്കാര്യം പരിശോധിച്ച് പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിവേദക സംഘത്തില്‍ എം രാജഗോപാല്‍, എന്‍എ നെല്ലിക്കുന്ന്, പിബി അബ്ദുള്‍ റസാഖ്, ഒ രാജഗോപാല്‍ എന്നീ എംഎല്‍എമാരുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here