വാട്‌സ്ആപ്പും പണിമുടക്കി; ഒടുവില്‍ ഖേദപ്രകടനം

ലോകത്തെ ആശങ്കയിലാക്കി മെസഞ്ചര്‍ ആപ്ലിക്കേഷനായ വാട്‌സ്ആപ്പും പണിമുടക്കി. ഇന്ത്യ, കാനഡ, അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ചയാണ് വാട്‌സ്ആപ്പ് പണിമുടക്കിയത്. ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, ഐഒഎസ് പതിപ്പുകളിലെല്ലാം വാട്‌സ്ആപ്പ് പണിമുടക്കിയെന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലക്ഷക്കണക്കിനാളുകള്‍ പ്രശ്‌നം നേരിട്ടപ്പോള്‍ അത് ആഘോഷിച്ചത് ട്വിറ്ററാണ്. കോടിക്കണക്കിന് ട്വീറ്റുകളാണ് രണ്ടു മണിക്കൂറിനകം ട്വിറ്ററില്‍ നിറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തകരാര്‍ സംബന്ധിച്ച് ഉപയോക്താക്കള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും പരാതികളുമായി എത്താന്‍ തുടങ്ങിയതോടെയാണ് സംഭവം കൂടുതല്‍ പേരിലെത്തിയത്. ഇതിനിടെ പലരും ടെലഗ്രാമിനെയും ആശ്രയിച്ചു.

പിന്നെയും മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും മാതൃകമ്പനിയായ ഫേസ്ബുക്ക് അറിയിച്ചു.

1.2 ബില്യണ്‍ ജനങ്ങളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. 2014ലാണ് 19 ബില്യണ്‍ യുഎസ് ഡോളറിന് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡി പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് വാട്‌സ്ആപ്പിനെ സ്വന്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here