മദ്യപിക്കുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഗോവന്‍ പൊലീസ്; പരസ്യമായി മദ്യപിച്ചാല്‍ പിടിവീഴും

പനാജി : മദ്യപന്‍മാരുടെ പ്രധാന സഞ്ചാര കേന്ദ്രമായ ഗോവയില്‍ മദ്യ ഉപഭോക്താക്കള്‍ക്ക് കടgത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഗോവന്‍ പൊലീസ് ആണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പൊട്ടിയ മദ്യക്കുപ്പികള്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും അപകടങ്ങളും മറ്റും കണക്കിലെടുത്ത് പരസ്യമായി മദ്യപിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്.

ബീച്ചിലും മറ്റും ഉപേക്ഷിക്കുന്ന മദ്യക്കുപ്പികള്‍ പൊതുജനങ്ങള്‍ക്ക് തലവേദനയാകുന്നെന്നും വലിച്ചെറിയുന്ന മദ്യക്കുപ്പികള്‍ അപകടം സൃഷ്ടിക്കുന്നെന്നും നിരവധി പരാതികള്‍ ഉയര്‍ന്നു. ബീച്ചില്‍ നീന്താനെത്തുന്നവര്‍ക്കും പൊട്ടിയ കുപ്പികള്‍ ഭീഷണിയാണ്. വിനോദ സഞ്ചാരികളും പ്രദേശവാസികളും ഇത് സംബന്ധിച്ച് നിരന്തരം പരാതികള്‍ നല്‍കി. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടി.

ഗോവയിലെ ബീച്ചുകളില്‍ പരസ്യമായി മദ്യപിയ്ക്കുന്നവര്‍ക്കാണ് പോലീസിന്റെ പിടി വീഴുക. ഇതു സംബന്ധിച്ച് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തരക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നില്ല. നോര്‍ത്ത് ഗോവയിലെ കലാങ്കുട്ടേ, ബാഗ, കണ്ടോളിം, അന്‍ജുന, മൊര്‍ജിം, അരംബോല്‍ ബീച്ചുകളില്‍ നിയന്ത്രണം ബാധകമാണ്.

പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നാണ് പൊലീസ് നല്‍കിയ നിര്‍ദ്ദേശം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പ് പ്രകാരമാണ് കേസെടുക്കുക. പോലീസ് സൂപ്രണ്ട് കാര്‍ത്തിക് കാശ്യപ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിവര്‍ഷം നാല്‍പ്പത് ലക്ഷത്തോളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗോവ ബീച്ച് ടൂറിസത്തിന്റെ ഭൂപടത്തില്‍ മുന്‍പന്തിയിലാണ്. ഇതിന് പുറമേ കുറഞ്ഞ നിരക്കില്‍ മദ്യം ലഭിക്കുന്ന കേന്ദ്രം കൂടിയാണ് ഗോവ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News