പ്രകൃതിയുടെ വിശുദ്ധ ചുംബനം; അഗസ്ത്യഹൃദയം തേടി ഒരു യാത്ര

രാമ രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുന്‍പേ കനല്‍ക്കാട് താണ്ടാം
നോവിന്റെ ശൂല മുന മുകളില്‍ കരേറാം
നാരായ ബിന്ധുവിലഗസ്ത്യനെ കാണാം
ചിട നീണ്ട വഴിയളന്നും പിളര്‍ന്നും കാട്ടു
ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ–
മൊലിവാര്‍ന്ന ചുടുവിയര്‍പ്പാല്‍ പൊതിഞ്ഞും
മലകയറുമീ നമ്മളൊരുവേളയൊരുകാത–
മൊരുകാതമേയുള്ളു മുകളീലെത്താന്‍…(വി.മധുസൂദനന്‍ നായര്‍)
മലകളില്‍ നിന്ന് മലകളിലേയ്ക്കുള്ള സഞ്ചാരം അസാധാരണമായ ഒരനുഭൂതിയാണ്. ജീവിതം പോലെ അവിചാരിതമായ വളവുകള്‍. വരുംവരായ്കകള്‍. അദൃശ്യശബ്ദങ്ങള്‍. തിരിച്ചറിയപ്പെടാത്ത ഗന്ധങ്ങള്‍. തിരിച്ചറിവുകളെ തനിച്ചാക്കിപ്പറക്കുന്ന പക്ഷികള്‍. മഞ്ഞിറങ്ങും താഴ്‌വരകള്‍.

ചിലയ്ക്കുന്ന കൂടുകള്‍. കൂടണയുന്ന കുറുകലുകള്‍. കാഴ്ചകളിലേയ്ക്കുള്ള സഞ്ചാരം കണ്ണുകളെ വിസ്തൃതമാക്കുന്നു. മനസ്സിനെയും. അറിയപ്പെടാത്ത ദൂരങ്ങളിലേയ്ക്ക് മനുഷ്യന്‍ നടത്തിയ യാത്രകളാണ് ചരിത്രം. സഞ്ചാരിയുടെ ഭാഷ ലോകത്തെല്ലായിടത്തും ഒന്ന് തന്നെ. മനസ്സ് നിറയുന്ന കൗതുകമാണ് ആ ഭാഷയുടെ വ്യാകരണം. കാണുന്നതെല്ലാം ഹൃദയത്തിന്റെ ആഴങ്ങളില്‍ കൊത്തിവയ്ക്കുന്ന ശില്പിയാണ് സഞ്ചാരി. സ്ഥലം എന്നത് അയാളെ സംബന്ധിച്ച് ഒരു കാഴ്ച മാത്രമല്ല. കാഴ്ചപ്പാടുകൂടിയാണ്. ഓരോ സ്ഥലവും പ്രതിനിധീകരിക്കുന്നത് അജ്ഞാതമായ അനേകം കഥകളുടെ നിധിപേടകം. ഒറ്റയ്ക്കും കൂട്ടമായും കീഴടക്കുന്ന സ്ഥലികള്‍. ഒറ്റയ്ക്ക് പോകേണ്ടിടത്തു കൂട്ടമായോ കൂട്ടമായി ചെല്ലേണ്ടിടങ്ങളില്‍ ഏകാന്തനായോ പോവരുത്. സ്ഥലങ്ങള്‍ക്ക് മനുഷ്യ മണമുണ്ട്. പാട്ടുകള്‍ക്ക് കാലത്തിന്റെ മണമുള്ളതു പോലെ.

അഗസ്ത്യാര്‍കൂടം ഒരേസമയം വനയാത്രയും മലയാത്രയുമാണ്. വിനോദും രാജീവും അഭിലാഷും യാത്രയ്ക്ക് പ്രചോദനം തന്നുകൊണ്ടിരുന്നു. അച്ഛന്റെ ആശുപത്രിവാസം കാരണം, ദീപുവിന് വരാനായതുമില്ല. പുലര്‍ച്ചെ മലകയറണം എന്നതിനാല്‍, തലേദിവസം തിരുവനന്തപുരത്തെ വിതുരയില്‍ തങ്ങി. രണ്ടുബൈക്കുകള്‍ കൂട്ടിന്. അതിരാവിലെ. ബോണക്കാടുള്ള പഴയ തേയില ഫാക്ടറിയുടെ കിഴക്കേ കവാടം പിന്നിട്ട്, ചിരപുരാതനകാലത്തിന്റെ തേയിലമണം അലിഞ്ഞുചേര്‍ന്ന പാതയിലൂടെ വനംവകുപ്പിന്റെ പിക്കറ്റ് സ്റ്റേഷനില്‍. അവിടെ നിന്നാണ്
യാത്ര തുടങ്ങുക.

ഫോട്ടോ: രാജീവ് മണ്ണയം

ഫോട്ടോ: രാജീവ് മണ്ണയം

അകലെ, ഞങ്ങളെ കാത്തിരിക്കുന്ന മഹാമലയുടെ ദൃശ്യങ്ങള്‍. തീപിടിയ്ക്കുന്ന വേനലില്‍ വെട്ടിത്തിളക്കം. അഗസ്ത്യപര്‍വ്വതം, പശ്ചിമഘട്ടത്തിന്റെ തെക്കേഭാഗമാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളിലുമായി പടര്‍ന്നുകിടക്കുന്നു. ഏകദേശം 3500 ച.കി.മീ വിസ്തീര്‍ണ്ണം. സമുദ്രനിരപ്പില്‍ നിന്ന് 1890 മീറ്റര്‍ ഉയരം. ഉത്തര അക്ഷാംശം 8°37′ കിഴക്കേ രേഖാംശം77°15′ ഇപ്രകാരമാണ് സ്ഥാനം. അഗസ്ത്യപര്‍വ്വത നെറുകയില്‍ കാല്‍നടയായി എത്താന്‍ 21കി.മീറ്റര്‍ താണ്ടണം. ഇലപൊഴിയും കാടുകള്‍, ചോലവനങ്ങള്‍, മഴക്കാടുകള്‍, പുല്‍മേടുകള്‍, ഉഷ്ണമേഖലാവനങ്ങള്‍ എല്ലാം ഒത്തു ചേരുന്നു. തെക്കുപടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ മണ്‍സൂണ്‍മഴ നല്ലതോതില്‍ ലഭിക്കുന്നതിനാല്‍ ജൈവസമ്പത്ത് സംരക്ഷിക്കപ്പെടുന്നു. അപൂര്‍വ്വ സസ്യജാലം.

ഇത് കൂടാതെ വംശനാശഭീഷണി നേരിടുന്ന (റെഡ് ഡാറ്റ ബുക്കിലുള്ള) മുപ്പതോളം അത്യപൂര്‍വ്വ സസ്യങ്ങളും ഇവിടെയുണ്ട്. ദേശീയപ്രാധാന്യമുള്ള പ്രദേശമായി കേന്ദ്രസര്‍ക്കാരും അന്താരാഷ്ട്ര തലത്തില്‍ സംരക്ഷിത ജൈവപ്രദേശമായി യുനെസ്‌കോയും പ്രത്യേക അംഗീകാരം നല്‍കി. ഇവിടെ നിന്ന് ഉത്ഭവിക്കുന്ന അരുവികള്‍ കൂടിച്ചേര്‍ന്ന് തമിഴ്‌നാട്ടില്‍ താമ്രപര്‍ണി, കോതായാര്‍ എന്നീ നദികളായും കേരളത്തില്‍ നെയ്യാര്‍, കരമനയാര്‍ എന്നിവയായും രൂപാന്തരപ്പെടുന്നു. ആന, കാട്ടുപോത്ത്, പുലി, ചെന്നായ, മാന്‍, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ താവളം. വൈവിധ്യപൂര്‍ണ്ണമായ ജൈവ സമ്പത്ത്, വന്‍വൃക്ഷങ്ങള്‍, കാട്ടരുവികള്‍, വെള്ളച്ചാട്ടം, കണ്ണെത്താ ദൂരത്തോളം ഈറ്റക്കാടുകള്‍. വിശ്വാസികളെ സംബന്ധിച്ച് അഗസ്ത്യമുനിയെ കാണാനുള്ള തീര്‍ഥാടനവും സാഹസിക സഞ്ചാരികള്‍ക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരുയാത്രാനുഭവവും.

ഫോട്ടോ: രാജീവ് മണ്ണയം

ഫോട്ടോ: രാജീവ് മണ്ണയം

കാട് ഉള്ളില്‍ ഒളിപ്പിച്ചിരിക്കുന്നത് മായികപ്രപഞ്ചം. ഞങ്ങള്‍ നടന്നു തുടങ്ങി. പോകുന്ന വഴികള്‍ നിറയെ വന്യസൗന്ദര്യം വിതറിക്കൊണ്ടിരിക്കുന്ന പ്രകൃതി. കരമനയാറ്, വാഴപ്പീന്തിയാര്‍, അട്ടയാര്‍ എന്നിവ യൊക്കെ താണ്ടി. ക്ഷീണമുണ്ട്. വെള്ളച്ചാട്ടത്തില്‍ കൊതിതീരും വരെ കുളിക്കാം. രാവിലെ 8 മണിയ്ക്ക് നടന്നു തുടങ്ങിയതാണ്. നാഗാരാധനയുടെ പ്രതീകങ്ങളും കത്തിച്ച വിളക്കുകളും പിന്നിട്ട് , അതിരുമല ബെയ്‌സ് കാമ്പില്‍ എത്തിയത് 5 മണിയ്ക്ക്. ഷീറ്റും തടികളും കൊണ്ട് നിര്‍മ്മിച്ച ഷെല്‍ട്ടര്‍. വയര്‍ലസ് സ്റ്റേഷന്‍, ക്യാന്റീന്‍. കാറ്റിന്റെ ശക്തി കൂടിക്കൂടി വന്നു. ബാഗും മറ്റു സാമഗ്രികളും ഡോര്‍മിറ്ററിയില്‍ ഉപേക്ഷിച്ചു. ഒരിക്കല്‍ കൂടി കുളിച്ചു, ക്ഷീണം ഓടിയകന്നു. ഷെല്‍ട്ടര്‍ നിര്‍മ്മിച്ചിരിയ്ക്കുന്ന ഷീറ്റുകളില്‍ കാറ്റടിക്കുന്ന ശബ്ദം കാതടപ്പിക്കുന്നതാണ്. ഭൂകമ്പ പ്രതീതി. രാത്രിഭക്ഷണം ക്യാന്റീനില്‍ നിന്ന്. ഈ തണുപ്പില്‍ കിട്ടാവുന്ന ഏറ്റവും മികച്ചത് ചൂട് കഞ്ഞിയും പയറും പപ്പടവുമല്ലാതെ മറ്റെന്താണ്. പിന്നെ മുറിയിലേയ്ക്ക്.സുഖകരമായ തണുപ്പത്ത് വീശിയടിക്കുന്ന കാറ്റിന്റെ വേഗത അധികനേരം ശ്രദ്ധിയ്ക്കാനായില്ല.രാവിലെ ഉണര്‍ന്ന് മലകയറ്റം തുടങ്ങി.7 മണിയ്ക്ക് തിരിച്ചാല്‍ 11ന് മുകളില്‍ എത്താം. പക്ഷെ തലേന്ന് നടന്നതിനേക്കാള്‍ കഠിനമായ വഴികള്‍.പൊങ്കാലപ്പാറ പിന്നിട്ടു.

തീര്‍ഥാടകരെ സംബന്ധിച്ച് പ്രാധാന്യമുള്ള സ്ഥലമാണ്. ഈറ്റക്കാടുകള്‍ക്കിടയിലൂടെ ഞങ്ങള്‍ ഉയരേയ്ക്ക്. ആനകളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലമാണ്. വഴികള്‍ പഴയ പോലെ സുഗമമല്ല. കുത്തനെയുള്ള കയറ്റം. കല്ലുകള്‍ക്കിടയിലൂടെ ശ്രദ്ധയോടെ പോകേണ്ടതുണ്ട്. മുട്ടിടിച്ചാന്‍ പാറ പ്രദേശം ദുര്‍ഘടമാണ്. യാത്രികരുടെ മുട്ടുകള്‍ താടിയില്‍ ഇടിക്കുമോ എന്ന് തോന്നിക്കുന്ന കയറ്റം. ബോണക്കാട് നിന്ന് കയ്യില്‍ കരുതിയ ഊന്നുവടിയുടെ സഹായമില്ലാതെ ഒരടി മുന്നോട്ടു നടക്കാനാവില്ല. ഇനിയാണ് പര്‍വ്വതത്തിന്റെ നെറുകയിലെയ്ക്ക് നയിക്കുന്ന രണ്ടു കൂറ്റന്‍ പാറകള്‍. മുകളില്‍ നിന്ന് താഴേയ്ക്ക് നീട്ടി വലിച്ചിട്ടിരിക്കുന്ന ബലമുള്ള കയറില്‍ പിടിച്ചു കയറണം. താഴേയ്ക്ക് നോക്കാതിരിക്കുകയാണ് നല്ലത്. അല്പ്പനിമിഷങ്ങള്‍ കൂടിക്കഴിഞ്ഞാല്‍ അഗസ്ത്യപര്‍വ്വതത്തിന്റെ നെറുകയില്‍ ഞങ്ങളെത്തും.

Agastya-Mala-5

രണ്ടാമത്തെ പിടിവള്ളിയില്‍ പിടിച്ചു കയറി. കാറ്റടിച്ചുകൊണ്ടുപോവുമോ എന്ന തോന്നല്‍. ഇല്ല. കൊണ്ടുപോയില്ല. ഇതാ. മഹാമലയുടെ ഉച്ചിയില്‍ ഇത്ര ശക്തിയില്‍ ഞങ്ങളെ താഴുകിപ്പോവുന്നത് മേഘങ്ങളാണോ? അറിയില്ല. മേഘങ്ങളെ കണ്ടിട്ടുണ്ടെങ്കിലും തൊടുന്നത് ആദ്യം. അഗസ്ത്യമുനിയുടെ വിഗ്രഹത്തിന് മുന്നില്‍ വിശ്വാസികള്‍ വണങ്ങുന്നു. അദേഹം തപസ്സ് ചെയ്ത സ്ഥലമായതുകൊണ്ടാണ് അഗസ്ത്യമല എന്ന പേരുവന്നതെന്ന് ഐതീഹ്യം. അകലേയ്ക്ക് കണ്ണയച്ചു. എന്തൊരു കാഴ്ചയാണ്. കേരളവും തമിഴ്‌നാടും ഒരു ക്യാന്‍വാസില്‍ വരയ്ക്കാവുന്ന ചിത്രമായി തെളിഞ്ഞു വരുന്നു.

ഫോട്ടോ: രാജീവ് മണ്ണയം

ഫോട്ടോ: രാജീവ് മണ്ണയം

കിഴക്ക് തിരുനെല്‍വേലി ജില്ല. പടിഞ്ഞാറ് മലയാളനാടും. കണ്ടു കൊതി തീരുന്നില്ല. മനസിപ്പോള്‍ ശൂന്യമാണ്. നഗരജീവിതത്തിന്റെ തിരക്കുകള്‍ക്ക് ഇടവേളകൊടുത്ത്, മൊബൈല്‍ ബന്ധവും ഇന്റര്‍നെറ്റുമൊന്നും ലഭ്യമല്ലാത്ത ഈ പര്‍വ്വതത്തിലേയ്ക്ക് വന്നത് ഏത് ഉള്‍വിളി കൊണ്ടാണ്. നമ്മള്‍ കണ്ട ലോകം എത്രയോ ചെറുതാണെന്ന്, വീണ്ടും വീണ്ടും ഓര്‍മ്മിക്കുന്ന നിമിഷം. മേഘങ്ങളോട് വിടപറയട്ടെ. പ്രകൃതിയുടെ വിശുദ്ധചുംബനത്തിന് നന്ദി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News