കൈയ്യേറ്റക്കാര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഇടതുപക്ഷ സര്‍ക്കാര്‍; സമഗ്ര നിയമനിര്‍മ്മാണം നടത്തും; ആദ്യം കൈവെയ്ക്കുക വന്‍കിട കൈയ്യേറ്റക്കാര്‍ക്കെതിരെ; 1977ന് മുമ്പ് കുടിയേറിയവര്‍ക്ക് സമയബന്ധിത പട്ടയം

തിരുവനന്തപുരം : കൈയ്യേറ്റക്കാര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഇടതുപക്ഷ സര്‍ക്കാര്‍. കൈയ്യേറ്റം ഒഴിപ്പിക്കാന്‍ സമഗ്ര നിയമ നിര്‍മ്മാണം നടത്തും. മൂന്നാര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കൈയ്യേറ്റം നടത്തിയ വന്‍കിട കൈയ്യേറ്റക്കാരെ ആദ്യം ഒഴിപ്പിക്കും. ഇടുക്കിയിലെ കുടിയേറ്റക്കാര്‍ക്ക് സമയബന്ധിതമായി പട്ടയം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് സര്‍വകകക്ഷി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ മതസ്ഥാപനങ്ങളുടെയും സാമുദായിക സംഘടനകളുടെയും പ്രതിനിധികള്‍ തുടങ്ങിയവരോട് സര്‍ക്കാര്‍ പിന്തുണ അഭ്യര്‍ത്ഥിച്ചു. കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് സര്‍വകക്ഷി യോഗം പിന്തുണ നല്‍കി.

കൈയ്യേറ്റം ഒഴിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ തീരുമാനം. ഇനി കൈയ്യേറാന്‍ തോന്നാത്ത തരത്തിലുള്ള ഒഴിപ്പിക്കലാവും നടത്തുക. ഇടുക്കിയിലെ കുടിയേറ്റക്കാര്‍ക്ക് സമയബന്ധിതമായി പട്ടയം നല്‍കും. രണ്ട് വര്‍ഷത്തിനുള്ളില്‍ പട്ടയം കൊടുത്ത് തീര്‍ക്കുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കും. കൈയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയടുക്കും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയവര്‍ക്ക് പട്ടയം നല്‍കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഈ പരിധിയില്‍ വരുന്ന എല്ലാവര്‍ക്കും പട്ടയം അനുവദിക്കും. പട്ടയം വിതരണം ദീര്‍ഘിപ്പിക്കാനാവില്ല. സമയ ബന്ധിതമായി നല്‍കണം. രണ്ട് വര്‍ഷമെങ്കലും എടുത്താലേ പട്ടയം നല്‍കാനാവൂ. നിശ്ചിത ഘട്ടങ്ങളില്‍ പട്ടയം കൊടുത്തുതീര്‍ക്കും. ഈ മാസം 21ന് ഇടുക്കിയില്‍ സര്‍ക്കാര്‍ പ്രത്യേക യോഗം നടത്തും.

മൂന്നാറിന്റെ പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടണം. പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. വ്യവസായ പ്രദേശങ്ങളും ചോല വനങ്ങളും എല്ലാം സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. അതിനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കും.

കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങും. തോട്ടങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ ഭാഗം കൂടിയാണ്. തോട്ടം ഉടമകളില്‍ ചിലര്‍ തോട്ടം ഭൂമി വ്യവസ്ഥ ലംഘിച്ച് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഗൗരവമായി കാണും. നിയമ വ്യവസ്ഥ ലംഘിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളും.

മൂന്നാറില്‍ പല തരത്തിലുള്ള കൈയ്യേറ്റമുണ്ട്. സര്‍ക്കാര്‍ ഭൂമി കൈയ്യേറി അനധികൃതമായി കെട്ടിടം പണിതവരുണ്ട്. ഇവര്‍ വന്‍കിട കൈയ്യേറ്റക്കാരും ചെറുകിട കൈയ്യേറ്റക്കാരുമുണ്ട്. വ്യാജ പട്ടയങ്ങള്‍ മറ്റൊരു പ്രശ്‌നമാണ്. കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചവരുണ്ട്. ഇതെല്ലാം നിയമ ലംഘനമായി കണക്കാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

10 സെന്റില്‍ താഴെയുള്ളവര്‍ ജീവിക്കാന്‍ വേണ്ടി കുടിയേറിയവരാണ്. തൊഴില്‍ എടുക്കുന്നവര്‍ക്ക് വാസയോഗ്യമായ വീടില്ല. ഇത് പരിഹരിച്ച് വീട് നല്‍കുന്നതിന് മുന്‍ഗണനയോടെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News