പൊതുജനാരോഗ്യ സംരക്ഷണത്തിന് പുതിയ മാതൃകയുമായി ഇടതുപക്ഷ സര്‍ക്കാര്‍; ആശുപത്രികളില്‍ സേവനത്തിന് ഇ ഗവേണന്‍സ് പദ്ധതി ‘ജീവന്‍ രേഖ’; കേരളം പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം

തിരുവനന്തപുരം : പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന് പുതിയ ചുവടുമായി ഇടതുപക്ഷ സര്‍ക്കാര്‍ ആധുനിക വൈദ്യശാസ്ത്ര സേവനം നടത്തുന്ന ആശുപത്രികളില്‍ ഇ ഗവേണന്‍സ് പദ്ധതി നടപ്പിലാക്കും. ഇ – ഹെല്‍ത് (ജീവന്‍ രേഖ) എന്നാണ് പദ്ധതിയുടെ പേര്. പദ്ധതിയോടെ പൊതുജനാരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് നടപ്പിലാക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറി.

ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ സമഗ്ര അര്‍ബുദരോഗ ചികിത്സാ കേന്ദ്രമാക്കും. ഇതിന് മുന്നോടിയായി മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ഓങ്കോപത്തോളജി എന്നീ വിഭാഗങ്ങളിലായി 105 തസ്തികകള്‍ പുതിയതായി സൃഷ്ടിച്ചു.

നിലവിലെ സ്റ്റാഫ് പാറ്റേണ്‍ പുനഃപരിശോധിക്കുകയും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണം ഇരട്ടിയാക്കുകയും ചെയ്യുമെന്നായിരുന്നു ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനം. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടങ്ങി വെച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യസംരക്ഷണ മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആരോഗ്യസാമൂഹ്യ ക്ഷേമ വകുപ്പുകളില്‍ 1897 തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇതില്‍ 721 നഴ്‌സുമാരുടെയും 719 അസിസ്റ്റന്റ് സര്‍ജന്‍മാരുടെ തസ്തികകള്‍ ഇക്കാലയളവില്‍ പുതിയതായി സൃഷ്ടിച്ചു.

താലൂക് തലം വരെയുള്ള ആശുപത്രികളില്‍ ഹൃദയശസ്ത്രക്രിയയ്ക്കുള്ള സൗകര്യവും കാത്ത് ലാബും സ്ഥാപിക്കുമെന്നതായിരുന്നു ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനം. രണ്ടു മെഡിക്കല്‍ കോളേജുകളിലും എട്ട് ജില്ലാ ആശുപത്രികളിലും കാത്ത് ലാബും, കാര്‍ഡിയാക് കെയര്‍ യൂണിറ്റും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുവാനുള്ള പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. പ്രാഥമിക ഘട്ടത്തില്‍ തെരെഞ്ഞെടുത്ത നൂറ്റിയെഴുപത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ നടപ്പിലാക്കും. ഡോക്റ്റര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ പരിശീലനം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി 1500 തസ്തികകള്‍ പുതിയതായി സൃഷ്ടിക്കും.

സംസ്ഥാനത്ത് റോഡപകടങ്ങളില്‍പ്പെടുന്നവരുടെ മരണനിരക്ക് കുറയ്ക്കുന്നതിനായി അതിവേഗ രോഗനിര്‍ണത്തിനും തീവ്രപരിചരണത്തിനുമുള്ള ഉപകരണങ്ങള്‍ വിവിധ ആശുപത്രികളില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രോമ കെയര്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

പൊതുജനാരോഗ്യ മേഖലയില്‍ വളരെ വലിയ ദൗത്യങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കുവാനുണ്ട്. അതിലേക്കുള്ള വിപ്ലവകരമായ ചുവടുവെയ്പ്പാണ് ആര്‍ദ്രം മിഷന്‍. വരും നാളുകളില്‍ സര്‍ക്കാര്‍ നടത്തുവാന്‍ പോകുന്നത് ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങളായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക് പോസ്റ്റില്‍ അറിയിച്ചു.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News