ഇനി മറ്റൊരു പെണ്‍കുട്ടി വഞ്ചിക്കപ്പെടാതിരിക്കാന്‍; നടി അമല റോസിന്റെ മുന്നറിയിപ്പ്

തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് സോഷ്യല്‍മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടിയും അവതാരകയുമായ അമല റോസ് കുര്യന്‍. തന്റെ ഫോട്ടോ ഉപയോഗിച്ച് ചിലര്‍ തട്ടിപ്പ് നടത്തുന്നുവെന്നും ഈ കെണിയില്‍ ഒരുപാട് യുവാക്കളും കുടുംബാംഗങ്ങളും വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്ന കാര്യം ബോധ്യമായിട്ടുണ്ടെന്നും അമല പറയുന്നു.
അമല പറയുന്നത് ഇങ്ങനെ:

പ്രിയ സുഹൃത്തുക്കള്‍ ഇത് വായിക്കാതെ പോകരുത്..

ഒന്നിനു പുറകെ മറ്റൊന്നായി സൈബര്‍ കുറ്റകൃത്യത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് ഇന്ന് ഇവിടെ ഓരോ പെണ്‍കുട്ടികളും. കഴിഞ്ഞ ജനുവരിയില്‍ ഞാന്‍ അറിഞ്ഞു, എന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് മറ്റൊരു പേരില്‍ ഒരു പെണ്‍കുട്ടി കേരള മാട്രിമോണിയില്‍ രജിസ്റ്റര്‍ ചെയ്യുകയും പല പേരില്‍ എന്റെ ഫോട്ടോകള്‍ വച്ച് വാട്‌സാപിലും ഫേസ്ബുക്കിലും ഐഎംഒയിലുമൊക്കെ പ്രണയ വിവാഹ അഭ്യര്‍ഥനകള്‍ നടത്തുകയും ചെയ്യുന്നു.

വിവാഹത്തിന്റെ വക്കില്‍ എത്തിയിട്ട് വഴിമുട്ടുന്ന അവസ്ഥ, ഇതേ തുടര്‍ന്ന് ഒരുപാടു യുവാക്കളും അവരുടെ കുടുംബാംഗങ്ങളും വഞ്ചിക്കപ്പെടുന്നു. ഈ പ്രശ്‌നത്തെ തുടര്‍ന്ന് ഞാന്‍ സൈബര്‍ സെല്ലില്‍ സമീപിച്ചിരുന്നു, പരാതി എഴുതിക്കൊടുത്ത് കേസും ഫയല്‍ ചെയ്തിട്ടും അവര്‍ ആദ്യം എന്നോടു പറഞ്ഞു വാട്‌സ്ആപ്പ്‌നമ്പര്‍ ട്രേസ് ചെയ്തത് കോയമ്പത്തൂര്‍ ഭാഗത്തു നിന്നാണ് അവിടുത്തെ രണ്ട് നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ആണ് ഇതിനു പിന്നിലെന്ന്. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിന്നീട് അവരുടെ ഭാഗത്തു നിന്നും യാതൊരു നീക്കവും ഉണ്ടായില്ല.

ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലും പലതവണ ഇക്കാര്യം അറിയിച്ചു. അവര്‍ പറയുന്ന ന്യായം മറ്റൊന്നാണ്. വാട്‌സാപും ഫേസ്ബുക്കും ഐഎംഒയുെമല്ലാം വിദേശ കമ്പനികള്‍ ആണെന്ന്. മാത്രവുമല്ല ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ അവര്‍ക്കു താല്‍പര്യവും ഇല്ല. ഇവിടെ എവിടെയാണ് ഒരു പെണ്‍കുട്ടിക്കു നീതി ലഭിക്കുക. ഈ പറയുന്ന സാറുമ്മാരുടെയെല്ലാം വീട്ടിലെ പെണ്‍കുട്ടികള്‍ക്കാണ് ഈ അവസ്ഥ വന്നതെങ്കില്‍ അവര്‍ പ്രതികരിക്കില്ലേ.

ഒന്നുകില്‍ ആരെങ്കിലും എന്നോടുള്ള തെറ്റിദ്ധാരണയുടെ പേരില്‍ മനപ്പൂര്‍വം ചെയ്യുന്നതാവാം അല്ലെങ്കില്‍ തമാശയ്ക്കു ചെയ്യുന്നതാവാം, എന്തായാലും ഇതെന്നെ മാനസികമായി തകര്‍ക്കുകയാണ്.

ഞാന്‍ വീണ്ടും സൈബര്‍ സെല്ലിനെ സമീപിച്ചു. കേസ് ഫയല്‍ ചെയ്ത തീയതി ഉള്‍പ്പെടെ പറഞ്ഞു. വീണ്ടും ഒരിക്കല്‍ക്കൂടി കേസ് ഫയല്‍ ചെയ്യാനാണ് അവര്‍ പറഞ്ഞത്. എത്ര ഫയല്‍ ചെയ്താലും ഇതുവരെ സംഭവിച്ചതു തന്നെയല്ലേ ഇനിയും സംഭവിക്കുക എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. ഒരുപാടു കോളുകള്‍ വരുന്നതാണ്, സംസാരിക്കാന്‍ സമയം ഇല്ല, വേണമെങ്കില്‍ വന്നു റിട്ടണ്‍ കംപ്ലയിന്റ് കൊടുക്കൂ എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയാണുണ്ടായത്.

എനിക്ക് ഒന്നു മാത്രമേ പറയാനുള്ളു, നിഖിത, നിമ്മി. തുമ്പി(ഇതൊക്കെ ആയിരുന്നു ഫേക് ഐഡികളിലെ പേരുകള്‍) തുടങ്ങിയ ഏതെങ്കിലും പേരുകളില്‍ എന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്ത് ഞാനാണെന്ന് പറഞ്ഞു സമീപിക്കുകയാണെങ്കില്‍ അത് ഫേക് ആണെന്നു മനസിലാക്കുക.

1. എനിക്ക് ഈ ഒരു ഫേസ്ബുക് അക്കൗണ്ട് മാത്രമേ നിലവിലുള്ളു.
2. വാട്‌സാപ് നമ്പര്‍ എന്റെ അടുത്ത സുഹൃത്തുക്കളുടെ കയ്യിലുണ്ട്, ആകെ ഒരു വാട്‌സാപ് നമ്പര്‍ മാത്രമേയുള്ളു താനും.
3. എനിക്ക് ഐഎംഒ ഇല്ല
4. ഞാന്‍ ഒരുവിധ മാട്രിമോണിയല്‍ സൈറ്റുകളിലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. തല്‍ക്കാലം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല.
ഞാന്‍ ആരെയും വഞ്ചിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, പ്രത്യക്ഷത്തില്‍ എനിക്കൊരു ശത്രുക്കളും ഇല്ല. അതുകൊണ്ട് എന്റെ ഫോട്ടോ സഹിതം വരുന്ന വ്യാജ അക്കൗണ്ടുകളോടു പ്രതികരിച്ച് വഞ്ചിക്കപ്പെടരുത് എന്നു മാത്രമേ പറയാനുള്ളു.

ഏതെങ്കിലും അക്കൗണ്ടില്‍ നിന്നും എന്റെ പ്രൊഫൈല്‍ വച്ചിട്ടോ മറ്റു പ്രൊഫൈലുകളില്‍ എന്റെ ഫോട്ടോകള്‍ വച്ചോ ഞാന്‍ എന്ന വ്യാജേന വന്നാല്‍ അതു ഫേക് ആണെന്നു മനസിലാക്കുക. ഇതിന്റെ പിന്നില്‍ ആരാണ് എന്ന് എനിക്കറിയില്ല, പക്ഷേ മനപ്പൂര്‍വം എന്നെ കരിവാരിതേക്കാന്‍ ചെയ്യുന്നതാണ്. ഇതുകൊണ്ട് അവരുടെ നേട്ടം എന്താണെന്ന് എനിക്കറിയില്ല. ”നിങ്ങളുടെ കര്‍മ നിങ്ങളെ പിന്തുടരട്ടെ”.

എല്ലാ പെണ്‍കുട്ടികളെയും പോലെ തന്നെ ഇവിടെ എന്നെ സഹായിക്കാന്‍ ഒരു നിയമമോ നീതിപീഠമോ ഇല്ല. എന്റെ പ്രതികരണം ഞാന്‍ ഈ ഫേസ്ബുക്കില്‍ അറിയിക്കുക മാത്രമേ നിവൃത്തിയുള്ളു. നല്ലവരായ സുഹൃത്തുക്കള്‍ ഇത് ഷെയര്‍ ചെയ്ത് പരമാവധി ആളുകളില്‍ എത്തിക്കു. ലൈക്കുകള്‍ക്കോ റീച്ചിനോ വേണ്ടിയല്ല, ഇനി ഒരാള്‍ പോലും വഞ്ചിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News