ഭൂരഹിതരുടെ സ്വപ്‌നങ്ങളും ഇടതുസര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നു; കാസര്‍ഗോഡ് ജില്ലയിലെ 2,247 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി; വിതരണം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍ഗോഡ് : കാസര്‍കോട് ജില്ലയിലെ 2247 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി ഇടതുപക്ഷ സര്‍ക്കാര്‍. പട്ടികവര്‍ഗക്കാരും പാവപ്പെട്ട കൈവശ കൃഷിക്കാരും ഉള്‍പ്പെടെയുള്ള കുടുംബങ്ങളാണ് ഭൂമിയുടെ ഉടമകളായത്. ഭൂമിയുടെ അവകാശികളാവാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്നവരുടെ സ്വപ്നമാണ് ശനിയാഴ്ച പൂവണിഞ്ഞത്.

കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്ത് നടന്ന പട്ടയമേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയങ്ങള്‍ വിതരണം ചെയ്തു. ആഹ്ലാദം അലതല്ലിയ അന്തരീക്ഷത്തിലായിരുന്നു പട്ടയ വിതരണം. ഹോസ്ദുര്‍ഗ് താലൂക്കിലുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ പട്ടയം ലഭിച്ചത്. ഇവിടെ 953 കുടുംബങ്ങള്‍ക്ക് ഭൂമി സ്വന്തമായി.

വെള്ളരിക്കുണ്ട് 346, കാസര്‍കോട് 243, മഞ്ചേശ്വരം 327, ലാന്റ് ട്രിബ്യൂണല്‍ 322, ദേവസ്വം ലാന്റ് ട്രിബ്യൂണല്‍ 56 എന്നിങ്ങനെയാണ് പട്ടയം വിതരണം ചെയ്തത്.

പാലാവയല്‍ തയേനി വായ്ക്കാനം, ചിറ്റാരിക്കാല്‍, അമ്പാര്‍തട്ട്, ബളാല്‍ പെരിയാത്ത്, പനത്തടി മൊട്ടയം കൊച്ചി, ഒറോട്ടിക്കാനം, മാലോത്ത് കുറ്റിത്താമി, ദേവഗിരി, മാന്തില എസ്റ്റേറ്റ്, ചാമക്കളം, പുല്ലൂര്‍ കണ്ണോത്ത്, മാണിപ്പുറം, പേരാല്‍ എം എന്‍ ലക്ഷം വീട്, പട്ടേന ലക്ഷം വീട്, പുതുക്കൈ ഭൂദാനം എന്നീ പട്ടിക വര്‍ഗ കോളനികളിലെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി.

കാഞ്ഞങ്ങാട് വില്ലേജിലെ സുനാമി കോളനിക്കാര്‍ക്കും പട്ടയം ലഭിച്ചു. പനത്തടി വില്ലേജില്‍ വനംവകുപ്പ് നല്‍കിയ 91.98 ഏക്കര്‍ സ്ഥലം വെള്ളരിക്കുണ്ട് താലൂക്കിലെ ഭൂരഹിതരായ 150 ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കി. 50 സെന്റ് വീതമുള്ള ഭൂമിക്ക് കൈവശാവകാശ രേഖ വിതരണം ചെയ്തു.

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം തെക്കില്‍ വില്ലേജില്‍ അനുവദിച്ച ഭൂമി വാസയോഗ്യമല്ലെന്ന കാരണത്താല്‍ മാറ്റി കിട്ടണമെന്ന് അപേക്ഷിച്ച 93 കുടുംബങ്ങള്‍ക്ക് പാടി വില്ലേജില്‍ പുതിയ പ്ലോട്ട് അനുവദിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കയ്യാര്‍ വില്ലേജിലെ 69 പേര്‍ക്ക് സ്ഥലം അനുവദിച്ചതിന്റെ പട്ടയവും വിതരണം ചെയ്തു.

പട്ടയ മേളയില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. പി കരുണാകരന്‍ എംപി, എംഎല്‍എമാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, എന്‍എ നെല്ലിക്കുന്ന്, പിബി അബ്ദുര്‍ റസാഖ്, ജിലാപഞ്ചായത് പ്രസിഡന്റ് എജിസി ബഷീര്‍ എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ കെ ജീവന്‍ബാബു സ്വാഗതവും ആര്‍ഡിഒ ഡോ. പികെ ജയശ്രീ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News