കേരളത്തിലും സൈബര്‍ ആക്രമണം; വയനാട്ടിലെ തരിയോട് പഞ്ചായത്തിലെ നാല് കമ്പ്യൂട്ടറുകള്‍ തകരാറിലായി; പത്തനംതിട്ടയിലും റാന്‍സം വൈറസ് ആക്രമണം

വയനാട്: ആഗോളതലത്തില്‍ ഭീതിയുണര്‍ത്തിയ സൈബര്‍ ആക്രമണം കേരളത്തിലും. ഇന്ന് സൈബര്‍ ആക്രമണമുണ്ടാകുമെന്ന് ആഗോളതലത്തില്‍ തന്നെ മുന്നറിയിപ്പുകളുണ്ടായിരുന്നു. വയനാട്ടിലെ തരിയോട് പഞ്ചായത്തോഫിസിലാണ് ആദ്യം സൈബര്‍ ആക്രമണമുണ്ടായത്. ഇതിനു പിന്നാലെ പത്തനംത്തിട്ട കോന്നിയിലും ആക്രമണമുണ്ടായതായി കണ്ടെത്തുകയായിരുന്നു.

ആഗോളതലത്തില്‍ ഭീതിയുണര്‍ത്തിയ വാനാക്രൈ സൈബര്‍ ആക്രമണമാണ് വയനാട്ടിലും പത്തനംത്തിട്ടയിലുമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തരിയോട് പഞ്ചായത്തിലെ കമ്പ്യൂട്ടര്‍ സംവിധാനം പൂര്‍ണമായും തകര്‍ന്നു. ഇവിടെ റാന്‍സംവെയര്‍ വൈറസ് കണ്ടെത്തിയിട്ടുണ്ട്. 300 ഡോളര്‍ മൂല്യമുള്ള ബിറ്റ് കോയിന്‍ വയനാട്ടിലെ കമ്പ്യൂട്ടര്‍ സംവിധാനം ശരിയാക്കാനായി ആവശ്യപ്പെട്ടിട്ടുണ്ട്.

പത്തനംതിട്ട കോന്നി അരുവാപ്പാലം പഞ്ചായത്തിലാണ് ആക്രമണമുണ്ടായത്. നാല് ദിവസത്തിനകം 300 ഡോളര്‍ നല്‍കിയില്ലെങ്കില്‍ വിവരങ്ങളെല്ലാം പരസ്യമാക്കുമെന്ന ഭീഷണിയുമുണ്ട്.സൈബര്‍ ആക്രമണം ശക്തമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വലിയ തോതിലുള്ള മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ബാങ്കിംഗ് മേഖലയില്‍ സൈബര്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

നേരത്തെ ശനിയാഴ്ചയുണ്ടായ സൈബര്‍ ആക്രമണത്തില്‍ 150 രാജ്യങ്ങളിലെ 1,25,000 കമ്പ്യൂട്ടറുകള്‍ ഇരയായിരുന്നു. രണ്ടുലക്ഷംപേര്‍ സൈബര്‍ ആക്രമണത്തിന് ഇരയായതായി യൂറോപ്യന്‍ യൂണിയന്റെ പൊലീസ് ഏജന്‍സിയായ യൂറോപോള്‍ ഡയറക്ടര്‍ റോബ് വെയിന്‍ റൈറ്റ് വ്യക്തമാക്കിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here