‘ഇങ്ങനെ ഹൃദയമില്ലാതെ പെരുമാറാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? സായ് ശ്രീയുടെ മരണത്തിന് കാരണം പിതാവിന്റെ വാശി’; വെളിപ്പെടുത്തലുമായി മാതാവ്

ഹൈദരാബാദ്: കഴിഞ്ഞദിവസം ലോകത്തോട് വിടവാങ്ങിയ സായി ശ്രീ എന്ന 13കാരിയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മാതാവ് സുമ ശ്രീ. മകളുടെ മരണത്തിന് ഉത്തരവാദി പിതാവ് ശിവകുമാറിന്റെ പിടിവാശി മാത്രമാണെന്ന് സുമ മാധ്യമങ്ങളോട് പറയുന്നു.

‘ഇങ്ങനെ ഹൃദയമില്ലാതെ പെരുമാറാന്‍ ലോകത്ത് ആര്‍ക്കെങ്കിലും കഴിയുമോ…? അദ്ദേഹത്തിന് മകള്‍ മരിക്കുന്നത് ഒഴിവാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ അത് അയാള്‍ ചെയ്തില്ല.’ വിജയവാഡയിലെ വീട് നഷ്ടമാകാതിരിക്കാനാണ് അദ്ദേഹം ചികിത്സിക്കാന്‍ തയ്യാറാകാതിരുന്നതെന്നും സുമ പറയുന്നു. രക്ഷാധികാരിയായി ഒപ്പിട്ടിരുന്നത് ശിവകുമാര്‍ തന്നെയാണെന്നും കുഞ്ഞിന്റെ മരണത്തിന് മുഴുവന്‍ ഉത്തരവാദിത്വവും അയാള്‍ക്ക് മാത്രമാണെന്നും സുമ ശ്രീ ആരോപിക്കുന്നു. ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് ബന്ധം ഉപേക്ഷിച്ചതെന്നും ഇവര്‍ പറയുന്നു.

മെയ് 14നായിരുന്നു മജ്ജയില്‍ ബാധിച്ച ക്യാന്‍സര്‍ മൂലം സായ് മരിച്ചത്. തനിക്ക് ജീവിക്കണമെന്നും വീട് വിറ്റ് തന്നെ ചികിത്സിക്കണമെന്നും ആവശ്യപ്പെട്ട് സായ് ശ്രീ പിതാവിന് അയച്ച വീഡിയോ സന്ദേശം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ പിതാവ് ശിവകുമാര്‍ അത് തഴയുകയായിരുന്നു.

ശിവകുമാറും സുമ ശ്രീയും രണ്ടു വര്‍ഷം മുന്‍പ് ബന്ധം വേര്‍പെടുത്തിയിരുന്നു. തുടര്‍ന്ന് സായി അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ക്യാന്‍സര്‍ ബാധിതയായ സായിയെ ചികിത്സിക്കാന്‍ അമ്മയ്ക്ക് കഴിവില്ലാത്തതിനാലാണ് ബംഗളൂരില്‍ താമസിക്കുന്ന ശിവകുമാറിന് സായി വീഡിയോ സന്ദേശം അയച്ചത്. എന്നാല്‍ അയാള്‍ ചികിത്സയ്ക്ക് പണം നല്‍കാനോ മകളെ കാണാനോ ശ്രമിച്ചില്ല. മാത്രമല്ല, പണത്തിന് വേണ്ടി വീട് വില്‍ക്കാന്‍ ശ്രമിച്ച ഭാര്യയെ എംഎല്‍എയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ശിവകുമാര്‍ പിന്തിരിപ്പിക്കുകയും ചെയ്തു.

ഇതോടെയാണ് സായി പിതാവിനോട് അഭ്യര്‍ത്ഥന നടത്തിയത്: ‘ഡാഡി, ഡാഡിയുടെ കയ്യില്‍ പണമില്ലെന്നാണ് പറയുന്നത്. എങ്കില്‍ നമ്മുടെ സ്ഥലം വില്‍ക്കാന്‍ അനുവദിക്കണം. സ്ഥലം വിറ്റ് എനിക്ക് ചികിത്സിക്കണം. ഇല്ലെങ്കില്‍ ഞാന്‍ അധികകാലം ജീവിച്ചിരിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ. ഞാന്‍ സ്‌കൂളില്‍ പോയിട്ട് മാസങ്ങളായി. എനിക്ക് കൂട്ടുകാര്‍ക്കൊപ്പം കളിക്കണം. ചികിത്സ കഴിഞ്ഞാല്‍ ഞാന്‍ സന്തോഷത്തോടെ സ്‌കൂളില്‍ പോകും. അമ്മയുടെ കയ്യില്‍ പൈസയില്ല. അമ്മ പൈസ എടുക്കുമെന്നാണ് അപ്പയുടെ പേടിയെങ്കില്‍ അപ്പ തന്നെ എന്നെ കൊണ്ടു പോയി ചികിത്സിക്കൂ.’ എന്നാല്‍ ആരുടെയും കാരുണ്യം കാത്തുനില്‍ക്കാതെ സായ് വിടവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News