മെട്രോ ഉദ്ഘാടനത്തിന് മോദിയെ ക്ഷണിച്ചില്ലെന്ന കുമ്മനത്തിന്റെ വാദം തെറ്റ്; ക്ഷണക്കത്ത് അയച്ചത് ഏപ്രില്‍ 11ന്; ഇതുവരെ മറുപടി നല്‍കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനത്തിനായി സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഒരുമാസമായിട്ടും മറുപടിയില്ല. ഏപ്രില്‍ 11നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചു കൊണ്ട് കത്തയച്ചത്. കത്തിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

കേരളത്തിന്റെ സ്വപ്ന പദ്ധതി പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യണമെന്നാണ് സംസ്ഥാനത്തിന്റെ താല്‍പര്യമെന്ന് വ്യക്തമാക്കിയായിരുന്നു കത്ത്. മെയ് രണ്ടാം പകുതിയില്‍ പ്രധാനമന്ത്രിക്ക് സൗകര്യമുള്ള ഒരു ദിവസം ഉദ്ഘാടനത്തിനായി എത്തണമെന്നാണ് കത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നത്. എന്നാല്‍ മെയ് രണ്ടാം പകുതിയായിട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് ഈ കത്തിന് മറുപടി നല്‍കിയിട്ടില്ല. അതിനാല്‍ ഉദ്ഘാടനതീയതിയും തീരുമാനിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രനഗര വികസന മന്ത്രിയെയും ഉദ്ഘാടനത്തിന് ക്ഷണിച്ച് സംസ്ഥാനം കത്തയിച്ചിരുന്നു. ഈ കത്തിനും മറുപടി ലഭിച്ചിട്ടില്ല. ചെന്നൈ, ബംഗളൂരു മെട്രോകള്‍ അവിടത്തെ മുഖ്യമന്ത്രിമാരാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇവിടെ മെട്രോ കുതിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിട്ടും ഉദ്ഘാടനത്തിനായി കേരളം പ്രധാനമന്ത്രിയെ കാത്തിരിക്കുകയാണ്.

മോദിയുടെ സമയവും സൗകര്യവും കൂടി പരിഗണിച്ച് തീയതി തീരുമാനിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നുു. 30ന് ഉദ്ഘാടനം തീരുമാനിച്ചെന്ന് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയ്ക്ക് സൗകര്യപ്രദമായ ദിവസത്തിന് വേണ്ടി, അദേഹത്തിന്റെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പിണറായി വിജയന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News