‘പിണറായി സര്‍ക്കാര്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും നിരാലംബര്‍ക്കും ഒപ്പം’ ‘ജനകീയ സര്‍ക്കാരിനെ നിറഞ്ഞ മനസോടെ അഭിനന്ദിക്കുന്നു’: കെവി റാബിയ പറയുന്നു

മലപ്പുറം: ചലനമറ്റ കാലുകള്‍ക്കുമീതെ രോഗം പകരുന്ന വേദനയിലും റാബിയ പുഞ്ചിരിച്ചു. പിന്നെ പറഞ്ഞുതുടങ്ങി ‘കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായത്തിനായി എന്നുമുണ്ടാകുമെന്ന സന്ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. രോഗക്കിടക്കയിലുള്ള എനിക്ക് ജീവനോപാധിയായി എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ അനുവദിച്ചത് വലിയ സഹായമായി. ദുരിതമനുഭവിക്കുന്നവര്‍ക്കും നിരാലംബര്‍ക്കും ഒപ്പമാണ് സര്‍ക്കാരെന്ന് തെളിയിച്ചു. നന്മയുടെ ഈ നിലാവെളിച്ചം പുഴപോലെ ഒഴുകിപ്പരക്കട്ടെ’.

അക്ഷരവിപ്ലവത്തിലൂടെ രാജ്യത്തിന് മാതൃകയായ കെ വി റാബിയ എന്ന സാക്ഷരതസാമൂഹ്യ പ്രവര്‍ത്തക അങ്ങനെയാണ്. നല്ല കാര്യങ്ങള്‍ കേള്‍ക്കുമ്പോഴും പങ്കിടുമ്പോഴും സ്വന്തം വേദന മറക്കും. ‘മാരക രോഗങ്ങള്‍ക്ക് അടിപ്പെട്ടവര്‍ക്ക് മിതമായ നിരക്കില്‍ ചികിത്സ ലഭ്യമാക്കാനും പാവങ്ങള്‍ക്ക് വീട് നല്‍കാനുമൊക്കെയുള്ള സംരംഭങ്ങള്‍ ആവിഷ്‌കരിച്ചത് നന്നായി. ക്ഷേമപെന്‍ഷനുകള്‍ നല്‍കിയും പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്തിയും മുന്നേറുന്ന സര്‍ക്കാരിന്റെ നല്ല കാര്യങ്ങളെ നിറഞ്ഞ മനസോടെ ആശ്ലേഷിക്കുന്നു, അഭിനന്ദിക്കുന്നു’.

റാബിയ തുടര്‍ന്നു: ‘വാര്‍ത്താമാധ്യമങ്ങളിലൂടെ ഇന്ന് നാം കേള്‍ക്കുന്നവയിലധികവും കൊള്ളയും അക്രമവും ലഹരിക്കടിപ്പെട്ടവരുടെ ക്രൂരകൃത്യങ്ങളുമൊക്കെയാണ്. പ്രായമായ മാതാപിതാക്കളെയും ഗുരുക്കന്മാരെയും അവഗണിക്കുന്നു. കുടുംബത്തിലടക്കം അന്തഃഛിദ്രങ്ങള്‍ വ്യാപകമാകുന്നു. ഈ കാലത്താണ് സര്‍ക്കാര്‍തന്നെ സല്‍പ്രവൃത്തികളിലൂടെ സമൂഹത്തിന് മാതൃകയാകുന്നത്. ജനമനസുകളില്‍ കാരുണ്യത്തിന്റെയും സഹകരണത്തിന്റെയും വിത്തുപാകാന്‍ ഈ ക്ഷേമപ്രവൃത്തികള്‍ ഉപകരിക്കും. അറേബ്യയില്‍ പരിലസിച്ച ധാര്‍മികതയുടെ സന്ദേശത്തിന് ഇതിഹാസങ്ങള്‍ പിറന്ന ഭാരതത്തിന്റെ മണ്ണില്‍ ഇടംനല്‍കിയ സാഹോദര്യത്തിന്റെ വെളിച്ചം അണയാന്‍ പാടില്ല’. അവര്‍ പറഞ്ഞു.

ഒപ്പമുള്ള സഹോദരിയുടെ മകളും രോഗക്കിടക്കയിലായതോടെ റാബിയയുടെ പരാധീനത ഏറി. ബന്ധുക്കളും അയല്‍വാസികളുമാണ് ആശ്രയം. ഈ ഘട്ടത്തിലാണ് സഹായത്തിന് മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയത്. മുഖ്യമന്ത്രി ഇടപെട്ടു. മന്ത്രിസഭാ യോഗത്തില്‍ സഹായം അംഗീകരിച്ചു. 87ലെ നായനാര്‍ സര്‍ക്കാരിന്റെ സംഭാവനയായ സാക്ഷരതാ പ്രസ്ഥാനം മഹദ്‌സംരംഭമായിരുന്നു. അനേകരുടെ ജീവിതം മാറ്റിമറിച്ചു. ഇതിന് സമാനമായ പദ്ധതികളാണ് പിണറായി സര്‍ക്കാരും നടപ്പാക്കുന്നത്. സര്‍ക്കാര്‍ തരുന്ന തുകകൊണ്ട് മമ്പറം പാലത്തിനടുത്ത് കടമുറി തുടങ്ങാനാണ് ആഗ്രഹിക്കുന്നത്. സഹായത്തിന്റെ തുടര്‍നടപടി വേഗത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും റാബിയ പറഞ്ഞു.
1966ല്‍ തിരൂരങ്ങാടി വെള്ളിലക്കാട് ഗ്രാമത്തില്‍ ജനിച്ച റാബിയക്ക് കാലുകള്‍ പൂര്‍ണമായി തളര്‍ന്നതോടെ പ്രീഡിഗ്രി പഠനം അവസാനിപ്പിക്കേണ്ടിവന്നു. സാക്ഷരതാ പ്രസ്ഥാനത്തിന്റെ ഭാഗമായ അവര്‍ ഗ്രാമത്തിലെ നൂറോളം നിരക്ഷരര്‍ക്ക് അക്ഷരവെളിച്ചമേകി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയംതൊഴില്‍ സംരംഭങ്ങള്‍, ബോധവല്‍ക്കരണശാക്തീകരണ പരിപാടികള്‍ എന്നിങ്ങനെ വിവിധ പദ്ധതികള്‍ വീടിനോടനുബന്ധിച്ച് ഇപ്പോഴുമുണ്ട്. യുഎന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, യൂണിയന്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, ഐഎംഎ അവാര്‍ഡ്, കണ്ണകി സ്ത്രീശക്തി അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ റാബിയയെ തേടിയെത്തി. ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന റാബിയയുടെ പുസ്തകം ഏറെ പ്രചാരം നേടി.
(ദേശാഭിമാനിക്ക് വേണ്ടി ജോബിന്‍സ് ഐസക് തയ്യാറാക്കിയത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here